150ാം മത്സരം ഗോളടിച്ച് ആഘോഷിച്ച് ഛേത്രി; അഫ്ഗാനെതിരെ ഇന്ത്യ ഒരു ഗോളിനു മുന്നിൽ

ഗുവാഹതി: ദേശീയ ജഴ്സിയിലെ 150ാം മത്സരം ഗോളടിച്ച് ആഘോഷിച്ച് ഇന്ത്യൻ സോക്കർ ഇതിഹാസം സുനിൽ ഛേത്രി. ലോകകപ്പ് യോഗ്യത മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ പെനാൽറ്റിയിലൂടെയാണ് താരം ഗോൾ നേടിയത്. മത്സരം ഇടവേളക്ക് പിരിയുമ്പോൾ ഇന്ത്യ ഒരു ഗോളിനു മുന്നിലാണ്.

മത്സരത്തിന്‍റെ 36ാം മിനിറ്റിലാണ് ഇന്ത്യക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. മൺവീർ വലതു പാർശ്വത്തിൽനിന്ന് ഛേത്രിയെ ല‍ക്ഷ്യമാക്കി ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസ് അമീരി കൈകൊണ്ട് തട്ടിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത ഛേത്രി അഫ്ഗാൻ ഗോൾ കീപ്പർ അസീസിയെയും കീഴ്പ്പെടുത്തി പന്ത് വലയിലാക്കി. താരത്തിന്‍റെ കരിയറിലെ 94ാം ഗോളാണിത്. നിലവിൽ അന്താരാഷ്ട്ര ഫുട്ബാൾ കളിക്കുന്ന താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും പിന്നിൽ ഗോൾ വേട്ടക്കാരിൽ മൂന്നാമതാണ് ഛേത്രി.

സൗദി അറേബ്യയിലെ അബഹയിൽ നടന്ന ഗ്രൂപ് എ ആദ്യപാദ മത്സരം ഗോൾരഹിത സമനിലയിലായിരുന്നു. കുവൈത്തുമായി മുഖാമുഖംനിന്ന 2023 നവംബറിലാണ് അവസാനമായി ഇന്ത്യ ഒരു മത്സരത്തിൽ ഗോൾ നേടിയത്. ആ പേരുദോഷവും ഛേത്രിയുടെ ഗോളിലൂടെ ഇന്ത്യ മാറ്റി. 2005ൽ ആദ്യമായി ദേശീയ ടീമിനൊപ്പം ബൂട്ടുകെട്ടിയ ഛേത്രി ഇതുവരെ രാജ്യത്തിനായി 11 കിരീടങ്ങൾ നേടിയിട്ടുണ്ട്. നിലവിൽ ഗ്രൂപ് എയിൽ മൂന്നു കളികളിൽ നാലു പോയന്റുമായി രണ്ടാമതാണ് ഇന്ത്യ. അത്രയും കളിച്ച കുവൈത്ത് മൂന്ന് പോയന്റുമായി മൂന്നാമതാണ്.

ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലേക്ക് കടക്കാൻ അടുത്ത മൂന്നു മത്സരങ്ങളിൽ ടീം ചുരുങ്ങിയത് നാലു പോയന്റ് നേടണം. ജൂണിൽ കുവൈത്തും ഖത്തറുമാണ് എതിരാളികൾ.

Tags:    
News Summary - Sunil Chhetri Scores In His 150th Game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.