കോഴിക്കോട്: കാണികൾ കുറഞ്ഞ ഗാലറിക്ക് മുന്നിൽ ഐ.എസ്.എൽ ഫൈനലിസ്റ്റുകളായ ബംഗളൂരു എഫ്.സിക്ക് സൂപ്പറല്ലാത്ത തുടക്കം. സൂപ്പർ കപ്പ് ഫുട്ബാളിൽ എ ഗ്രൂപ്പിലെ ആദ്യ കളിയിൽ ഐ ലീഗ് രണ്ടാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാൻ 1-1ന് ബംഗളൂരുവിനെ സമനിലയിൽ കുരുക്കി. പത്താം മിനിറ്റിൽ ബംഗളൂരുവിന്റെ ഹാവി ഹെർണാണ്ടസ് ബംഗളൂരുവിനെ മുന്നിലെത്തിച്ചു. 21ാം മിനിറ്റിൽ അഫ്ഗാനിസ്താൻ താരം ഫൈസൽ ഷായസ്തെ ശ്രീനിധിയുടെ സമനില ഗോൾ നേടി.
ഒന്നാം നിര ടീമിനെ തന്നെ ആദ്യ ഇലവനിൽ വിന്യസിച്ച ബംഗളൂരു എഫ്.സി കോച്ച് സൈമൺ ഗ്രേയ്സൺ യുവതാരം ശിവശക്തി നാരായണനെ പകരക്കാരുടെ ബെഞ്ചിലിരുത്തി. ക്യാപ്റ്റൻ സുനിൽ ഛേത്രി 90 മിനിറ്റും കളിച്ചു. മുൻനിരയിൽ ഛേത്രിക്ക് കൂട്ടിന് ഫിജി താരം റോയ് കൃഷ്ണയും. 3-5-2 ഫോർമേഷനിൽ പന്ത് തട്ടിയ ബംഗളൂരുവിനെതിരെ 4-3-3 ശെലിയിലായിരുന്നു ശ്രീനിധിയുടെ നീക്കങ്ങൾ.
മത്സരത്തിലെ ആദ്യത്തെ തകർപ്പൻ മുന്നേറ്റം ശ്രീനിധിയുടേതായിരുന്നു. അഞ്ചാം മിനിറ്റിൽ റോസൻ ബർഗ് ഗബ്രിയേലിന്റെ ഷോട്ട് ബംഗളൂരു ഗോളി ഗുർപ്രീത് സിങ് സന്ധു ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. റീബൗണ്ടും ശ്രീനിധി താരം ഹസൻ പാഴാക്കി. പിന്നീടായിരുന്നു ബംഗളൂരു ഉയിർത്തെഴുന്നേറ്റത്.
ഏഴാം മിനിറ്റിൽ സുനിൽ ഛേത്രി ഗോളി മാത്രം മുന്നിൽ നിൽക്കേ പന്ത് പുറത്തേക്കടിച്ചു. പിന്നാലെ ഗോളെത്തി. മധ്യനിരയിൽ നിന്നുള്ള നീക്കത്തിനൊടുവിൽ ബംഗളൂരു മിഡ്ഫീൽഡർ ഹാവി ഹെർണാണ്ടസിന്റെ ഷോട്ട് ശ്രീനിധി ഗോൾകീപ്പർ ബിജയ് ഛേത്രി പ്രതിരോധിച്ചു. റോയ് കൃഷ്ണയുടെ റീബൗണ്ട് ശ്രമം വീണ്ടും ഗോളി വിഫലമാക്കി. തിരിച്ചെത്തിയ പന്ത് ഹാവി ക്ലോസ് റേഞ്ചിൽനിന്ന് വലയിലെത്തിച്ചു. 21ാം മിനിറ്റിൽ നൈജീരിയക്കാരൻ റിൽവാൻ ഹസന്റെ പാസിൽനിന്നാണ് ഫൈസൽ ഷയസ്തേയിലൂടെ ശ്രീനിധി തിരിച്ചടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.