മഞ്ചേരി: സൂപ്പർ കപ്പ് ഗ്രൂപ് ബിയിലെ ആദ്യ പോരിൽ ഐ.എസ്.എൽ വമ്പന്മാരായ ഹൈദരാബാദ് എഫ്.സിക്ക് വിജയത്തുടക്കം. ഐസോൾ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് തുടക്കം സൂപ്പറാക്കിയത്. ഗോളെണ്ണം കുറഞ്ഞെങ്കിലും കളിയിലുടനീളം മേധാവിത്വം പുലർത്തിയാണ് മാനുവൽ മാർക്വേസിന്റെ കുട്ടികൾ വിജയം കുറിച്ചത്. 17ാം മിനിറ്റിൽ മലയാളി താരം അബ്ദുൽ റബീഹിന്റെ വലതു വിങ്ങിലൂടെയുള്ള അതിവേഗ മുന്നേറ്റത്തിനൊടുവിൽ മിഡ്ഫീൽഡർ ജോൾ ജോസഫ് ചെയിനസിലൂടെ ഹൈദരാബാദ് ആദ്യ ലീഡ് നേടി. രണ്ടാം പകുതിയിൽ പെനാൽറ്റി കിക്കിലൂടെ പകരക്കാരനായിറങ്ങിയ ഹൈദരാബാദിന്റെ വിശ്വസ്തനായ ബ്രസീലിയൻ താരം ജാവോ വിക്ടറും എതിർ വല കുലുക്കിയതോടെ ഐസോൾ നിര പതറി. കളിയുടെ അവസാന മിനിറ്റിൽ സൂപ്പർ സ്ട്രൈക്കർ ഇവാൻ വെരാസിന്റെ ലോങ് റേഞ്ചറിലൂടെയാണ് ഐസോൾ ഒരു ഗോൾ മടക്കിയത്.
കളി തുടങ്ങിയതു മുതൽ ഹൈദരാബാദ് എഫ്.സിയുടെ ആക്രമണങ്ങൾക്കാണ് പയ്യനാട് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രണ്ടാം മിനിറ്റിൽതന്നെ മികച്ച ഫ്രീകിക്കുമായി ഹൈദരാബാദിന്റെ സാഹിൽ തവോര ഐസോളിന്റെ നെഞ്ചിടിപ്പ് കൂട്ടി. അഞ്ചാം മിനിറ്റിലും എട്ടാം മിനിറ്റിലും വീണ്ടും എതിർവല ലക്ഷ്യമാക്കി ഹൈദരാബാദ് മുന്നേറ്റ താരങ്ങൾ കുതിച്ചെങ്കിലും ഗോളിലവസാനിച്ചില്ല. ആദ്യ പകുതിയിൽ മലയാളി താരം അബ്ദുൽ റബീഹിന്റെ മികച്ച പ്രകടനം നാട്ടുകാർക്കും ആരാധകർക്കും ആവേശം നൽകി. തുടർച്ചയായി വലത് വിങ്ങിലൂടെ കുതിച്ചുകയറിയ റബീഹ് സഹതാരങ്ങൾക്ക് മികച്ച ഗോളവസരങ്ങൾ ഒരുക്കി. ഇതിന്റെ ഫലമായിരുന്നു 17ാം മിനിറ്റിലെ ആദ്യ ഗോൾ.
വലത് വിങ്ങിൽനിന്ന് പന്തുമായി ഓടിക്കയറി റബീഹ് ബോക്സിനുള്ളിലെ ജോൾ ജോസഫിന് പന്ത് ക്രോസ് നൽകി. തുടർന്ന് ജോളിന്റെ പാസിൽനിന്ന് ഇടതു വിങ്ങിൽനിന്ന് പാഞ്ഞടുത്ത ബോർജ ഗോൺസാലെസ് പോസ്റ്റിലേക്ക് നീട്ടിയടിച്ചു. ഐസോൾ ഗോളി ഞൊടിയിടയിൽ പിടിക്കുന്നതിനിടെ പന്ത് തിരിച്ചു ജോൾ ജോസഫിന്റെ കാലിലേക്ക് വീണ്ടും വന്നെത്തിയതോടെ ഹൈദരാബാദിന്റെ ഒന്നാം ഗോൾ പിറവിയെടുത്തു (1-0). ആദ്യ പകുതിയിൽ അഞ്ച് ഓൺ ടാർഗറ്റ് ഷോട്ടുകളുൾപ്പെടെ 11 ഷോട്ടുകളുമായി ഹൈദരാബാദ് കളം നിറഞ്ഞുനിന്നു.
രണ്ടാം പകുതിയിൽ ഹൈദരാബാദ് ബെഞ്ചിലുണ്ടായിരുന്നു മുൻ ക്യാപ്റ്റൻ ജാവോ വിക്ടർ ഇറങ്ങിയതോടെ ഹൈദരാബാദ് കൂടുതൽ തന്ത്രപരമായ കളി പുറത്തെടുത്തു. 50ാം മിനിറ്റിൽ ഹൈദരാബാദിന്റെ ഗോവൻ യുവതാരം ആരൻ ഡിസിൽവയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ജാവോ വിക്ടർ അനായാസം എതിർവലയുടെ മുകൾ നിലയിലേക്ക് അടിച്ചുകയറ്റി (2 -0). രണ്ട് ഗോളിന് പിന്നിലായതോടെ ഐസോൾ താരങ്ങൾ തലങ്ങും വിലങ്ങും പന്തുമായി ഓടിനോക്കിയെങ്കിലും ഹൈദരാബാദ് പ്രതിരോധത്തിൽ തട്ടി തിരിച്ചുപോരാനായിരുന്നു വിധി.
69ാം മിനിറ്റിലാണ് ഐസോളിന് എടുത്തുപറയത്തക്കമുള്ള അവസരം ലഭിച്ചത്. ഐസോളിന്റെ മിഡ്ഫീൽഡർ ലാൽറുയിതുലങ്കക്ക് പെനാൽറ്റി ബോക്സിലേക്ക് ലഭിച്ച പാസ് ഗോളാക്കാൻ ശ്രമം നടത്തിയെങ്കിലും പന്ത് ഹൈദരാബാദ് ഗോളി അനീജ് കുമാർ പിടിയിലൊതുക്കി. കളി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ ഐസോൾ കൗണ്ടർ അറ്റാക്കിലൂടെ ആശ്വാസ ഗോൾ കണ്ടെത്തി. യോഗ്യത മത്സരത്തിലെ ഗോൾവേട്ടക്കാരനായ ഇവാൻ വരാസ്തന്നെയാണ് ഇക്കുറിയും ഐസോളിന്റെ മാനം കാത്തത്.
മഞ്ചേരി: സൂപ്പർ കപ്പിൽ ഒഡിഷ എഫ്.സിയെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ എഫ്.സി. ഇരു ടീമും ഓരോ ഗോൾ വീതം നേടി. 38ാം മിനിറ്റിൽ മുഹമ്മദ് മുബഷിർ റഹ്മാൻ ഈസ്റ്റ് ബംഗാളിനായി സ്കോർ ചെയ്ത് മുന്നിലെത്തിച്ചെങ്കിലും 73ാം മിനിറ്റിൽ നന്ദകുമാർ ഒഡിഷക്കായി സമനിലഗോൾ നേടി. ആദ്യ മിനിറ്റിൽ തന്നെ ഒഡിഷയുടെ മുന്നേറ്റമാണ് കണ്ടത്. ഐ.എസ്.എൽ ഗോൾഡൻ ബൂട്ട് ജേതാവ് ഡീഗോ മൗറീഷ്യയെ മുന്നിൽ നിർത്തിയായിരുന്നു ഒഡിഷയുടെ നീക്കങ്ങൾ.
38ാം മിനിറ്റിൽ കളിയുടെ ഒഴുക്കിന് വിപരീതമായി ഈസ്റ്റ് ബംഗാളാണ് ഗോൾ നേടിയത്. ഒഡിഷ പ്രതിരോധ താരം നരേന്ദ്രനിൽനിന്ന് തട്ടിയെടുത്ത പന്തുമായി കുതിച്ച മുബഷിർ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം പകുതിയിൽ മലയാളി വി.പി. സുഹൈർ ഈസ്റ്റ് ബംഗാളിനായി കളത്തിലിറങ്ങി. 73ാം മിനിറ്റിൽ പ്രതിരോധ താരം അതുൽ ഉണ്ണികൃഷ്ണനെ മറികടന്ന് മൗറിഷ്യോ നടത്തിയ മുന്നേറ്റം ഗോളിന് വഴിയൊരുക്കി.
മഞ്ചേരി: സൂപ്പർ കപ്പ് മത്സരങ്ങൾക്കായി കേരളത്തിലെത്തിയ ഈസ്റ്റ് ബംഗാൾ, ഒഡിഷ എഫ്.സി, ഹൈദരാബാദ് എഫ്.സി തുടങ്ങിയ ടീമുകൾ സംഘാടനത്തിലെ പോരായ്മകൾ ചൂണ്ടികാട്ടി രംഗത്ത്. മുൻ ഇന്ത്യൻ കോച്ചും നിലവിലെ ഈസ്റ്റ് ബംഗാൾ പരിശീലകനുമായ സ്റ്റീഫൻ കോൺസ്റ്റൈന്റനാണ് ആദ്യം വെടി പൊട്ടിച്ചത്. ടീമുകൾക്ക് ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും പരിശീലന സംവിധാനത്തെ കുറിച്ചുമാണ് പരാതി ഉന്നയിച്ചത്. കോട്ടപ്പടി മൈതാനിയിൽ രാത്രി പരിശീലനത്തിനിറങ്ങിയപ്പോൾ വേണ്ടത്ര വെളിച്ചമില്ലാത്തതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഒഡിഷ എഫ്.സി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനെ പരാതി അറിയിച്ചതായും വിവരമുണ്ട്.
(അജ്മൽ അബൂബക്കർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.