മലപ്പുറം: കേരളത്തിന്റെ ഫുട്ബാൾ ആവേശം പ്രകമ്പനംകൊള്ളിക്കാൻ ഇനി സൂപ്പർ പോരാട്ട നാളുകൾ. ഐ.എസ്.എൽ മാതൃകയിൽ ഒരുക്കുന്ന സൂപ്പർ ലീഗിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബാൾ പ്രേമികൾ. സെപ്റ്റംബർ ഏഴിന് കൊച്ചിയിൽ തുടക്കംകുറിക്കുന്ന സൂപ്പർ ലീഗിൽ കേരളത്തിലെ ആറു നഗരങ്ങൾ കേന്ദ്രീകരിച്ച് ആറു പ്രഫഷനൽ ക്ലബുകളാണ് പോരാടുക. ബ്രസീൽ, സ്പെയിൻ തുടങ്ങി ഫുട്ബാൾ രാജാക്കന്മാരുടെ നാട്ടിൽനിന്നടക്കം വിദേശ താരങ്ങൾ മത്സരത്തിനിറങ്ങുന്നതിനാൽ ആരാധകരുടെ ആവേശം ഗാലറി കടക്കും. നിലവിൽ പ്രധാന കളിക്കാരായി പത്തോളം വിദേശ താരങ്ങൾ സൂപ്പർ ലീഗ് ടീമുകൾക്കായി കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചിരുന്ന ഹെയ്തി താരം ബെൽഫോർട്ടും ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങളായ സുഭാശിഷ് റോയിയും ആദിൽ ഖാനും അടക്കമുള്ളവർ അണിനിരക്കുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിയാണ് പ്രതീക്ഷിക്കുന്നത്. ലീഗിൽ കളിക്കുന്ന ആറു ടീമുകളുടെ കളിക്കാരുടെ പൂർണ വിവരങ്ങളും ടൂർണമെന്റ് ഫിക്സ്ചറും ഒരാഴ്ചക്കകം പുറത്തിറക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
ഐ.എസ്.എൽ മാതൃക ‘കേരള മോഡൽ’
രാജ്യത്ത് ഹിറ്റായ ഐ.എസ്.എൽ ഫുട്ബാൾ മാതൃകയിലാണ് സൂപ്പർ ലീഗ് കേരളയും ഒരുങ്ങുന്നത്. ഓരോ ടീമിലും നാലു വിദേശ താരങ്ങൾ ഉൾപ്പെടും. കൂടാതെ, കേരളത്തിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമുള്ള യുവതാരങ്ങളും പ്രതിഭാധനരും അണിനിരക്കും. സംസ്ഥാനത്തുനിന്ന് കുറഞ്ഞത് 100 കളിക്കാരെങ്കിലും ലീഗിന്റെ ഭാഗമാകുമെന്നാണ് സൂചന. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും കളിക്കാൻ കേരളത്തിൽനിന്ന് വളരെ കുറച്ച് താരങ്ങൾക്കു മാത്രമാണ് അവസരം ലഭിക്കുന്നത്. മികച്ച താരങ്ങൾക്കൊപ്പം കളിക്കാനുള്ള വലിയ അവസരമാണ് കേരള താരങ്ങൾക്ക് ലഭിക്കുക. വിവിധ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള കളിക്കാരെ കൂടാതെ ആഫ്രിക്ക, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ളവരും പരിശീലകരും ലീഗിന്റെ ഭാഗമാകും. ടീമുകളുടെ പരിശീലകരെല്ലാം മുൻ വിദേശ താരങ്ങളാണ്.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം എന്നിവയാണ് മത്സരവേദികൾ. തൃശൂർ ടീം കൊച്ചിയും കണ്ണൂർ ടീം കോഴിക്കോടും ഹോം ഗ്രൗണ്ടാക്കിയാകും കളിക്കുക.
തിരുവനന്തപുരം കൊമ്പൻസ് എഫ്.സി
സെർജിയോ അലക്സാൻഡ്രേ (കോച്ച്), മൈക്കൽ അമേരിക്കോ, മാർക്കോസ് വെൽഡർ
ഫോഴ്സാ കൊച്ചി
മരിയോ ലെമോസ് (കോച്ച്), സുബാശിഷ് റോയ് ചൗധരി, നിജോ ഗിൽബർട്ട്, സിയാണ്ട ഗുബോ
മലപ്പുറം എഫ്.സി
ജോൺ ഗ്രെഗറി (കോച്ച്), പെട്രോ മാൻസി, യസേബ ബെറ്റിയ, റൂബൻ ഗാർസെസ്, അനസ് എടത്തൊടിക
തൃശൂർ മാജിക് എഫ്.സി
ഗിയോവണ്ണി സ്കാനു (കോച്ച്), മെയിൽസൺ അൽവെസ്, സി.കെ. വിനീത്
കാലിക്കറ്റ് എഫ്.സി
ഇയാൻ ആൻഡ്രു ഗില്ലൻ (കോച്ച്), ബെൽഫോർഡ്, അബ്ദുൽ ഹക്കു, താഹിർ സമാൻ
കണ്ണൂർ വാരിയേഴ്സ് എഫ്.സി
മാനുവൽ സാഞ്ചസ് മുരിയാസ് (കോച്ച്), അൽവാരോ അൽവാരസ്, അഡ്രിയാൻ സർഡിനേസ്, ആദിൽ ഖാൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.