കൊച്ചി: ലോക ഫുട്ബാളിനെ നെഞ്ചേറ്റുന്ന കേരളത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ നടത്തുന്ന പ്രാദേശിക ഫുട്ബാൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ പ്രഥമ സീസണെ വരവേൽക്കാൻ സംസ്ഥാനം ഒരുങ്ങുന്നു. ഫുട്ബാൾ കളിയാവേശങ്ങൾക്ക് പെരുമ കേട്ട കേരളത്തിലെ ആറ് പ്രദേശങ്ങളുടെ പേരിലുള്ള ആറ് ഫ്രാഞ്ചൈസികളെ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി കായിക മന്ത്രി വി. അബ്ദുറഹ്മാൻ മേയിൽ കൊച്ചിയിൽ പരിചയപ്പെടുത്തിയിരുന്നു. കേരള ഫുട്ബാള്‍ അസോസിയേഷനും സ്കോർലൈനും സംയുക്തമായാണ് സൂപ്പർ ലീഗ് കേരള സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ ആദ്യം മുതൽ 45 ദിവസം നീളുന്ന പ്രഥമ സൂപ്പർ ലീഗിൽ കൊച്ചി പൈപ്പേഴ്സ് എഫ്.സി, കാലിക്കറ്റ് എഫ്.സി, ട്രിച്ചൂർ റോർ എഫ്.സി, കണ്ണൂർ സ്ക്വാഡ് എഫ്.സി, തിരുവനന്തപുരം കൊമ്പൻസ് എഫ്.സി, മലപ്പുറം എഫ്.സി ടീമുകൾ മത്സരിക്കും. പ്രഥമ സീസണിൽ കേരളത്തിലെ സംരംഭകർക്കൊപ്പം ഗൾഫ് മേഖലയിലെ വ്യവസായികളും എത്തിയതോടെ കേരളത്തിലേക്ക് കൂടുതൽ ബിസിനസ് ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രശസ്ത ടെന്നിസ് താരം മഹേഷ് ഭൂപതി, ബ്രിസ്ബേൻ റോർ എഫ്.സി ചെയർമാനും സി.ഇ.ഒയുമായ കാസ് പടാഫ്ത, മാഗ്നസ് സ്പോർട്സിന്റെ ബിനോയിറ്റ് ജോസഫ്, നുസിം ടെക്നോളജീസിന്റെ മുഹമ്മദ് റഫീഖ്, കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ഡയറക്ടർ എം.പി. ഹസ്സൻ കുഞ്ഞി, ദോഹയിലെ കാസിൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ മിബു ജോസ് നെറ്റിക്കാടൻ, വയനാട് എഫ്.സി പ്രമോട്ടർ ഷമീം ബക്കർ, കിംസ് സി.എം.ഡി ഡോ. മുഹമ്മദ് ഇല്യാസ് സഹദുല്ല, കേരള ട്രാവൽസ് എം.ഡി കെ.സി. ചന്ദ്രഹാസൻ, ടി.ജെ. മാത്യൂസ്, ഗൗരി പാർവതി ഭായി, ബിസ്മി ഗ്രൂപ് എം.ഡി വി.എ. അജ്മൽ ബിസ്മി, ഡോ. അൻവർ അമീൻ ചേലാട്ട്, സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം പ്രസിഡന്റ് ബേബി നീലാംബ്ര, ടെക് സംരംഭകൻ വി.കെ. മാത്യൂസ് എന്നിവരാണ് ടീം ഉടമകൾ.
രണ്ടുവർഷത്തിലധികമായി ദേശീയവും അന്തർദേശീയവുമായ വിദഗ്ധരും കായികതാരങ്ങളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സൂപ്പർ ലീഗ് കേരള ഒരുക്കിയിട്ടുള്ളത്. രാജ്യത്ത് ഒരുസംസ്ഥാനം നടപ്പാക്കുന്ന ആദ്യ ഫുട്ബാൾ ലീഗ് എന്ന പ്രത്യേകതയും സൂപ്പർ ലീഗ് കേരളക്കുണ്ട്.
വലിയ ആരാധകസമൂഹംകൊണ്ട് ലോകത്തെതന്നെ അത്ഭുതപ്പെടുത്തിയ കേരളത്തിലെ ഫുട്ബാളിനെ അന്തർദേശീയ തലത്തിലേക്ക് ഉയർത്താൻ സൂപ്പർ ലീഗ് കേരള സഹായിക്കുമെന്ന് മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു. സ്വദേശി താരങ്ങൾക്കൊപ്പം മികച്ച വിദേശ താരങ്ങളും കോച്ചുമാരുടെ സേവനവും ലീഗിൽ ഉണ്ടാകുമെന്ന് സ്കോർലൈൻ മാനേജിങ് ഡയറക്ടറും സംഘാടകനുമായ ഫിറോസ് മീരാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.