ബാക്കു: സമനിലക്കും തോൽവിക്കുമൊടുവിൽ മിന്നും ജയവുമായി പ്രീ ക്വാർട്ടർ പ്രതീക്ഷ സജീവമാക്കി സ്വിറ്റ്സർലൻഡ്. ഗ്രൂപ് 'എ'യിലെ അവസാന പേരിൽ തുർക്കിയെ 3-1 ത്തിന് തോൽപിച്ചാണ് സ്വിറ്റ്സർലൻഡിെൻറ തിരിച്ചുവരവ്. കറുത്ത കുതിരകളാകുന്ന ചരിത്രമുള്ള തുർക്കി മൂന്നിൽ മൂന്നും തോറ്റ് തലതാഴ്ത്തിയാണ് യൂറോയിൽ നിന്നും മടങ്ങുന്നത്. സൂപ്പർ താരം ഷെർദാൻ ഷക്കീരിയുടെ ഇരട്ടഗോളുകളാണ് സ്വിറ്റ്സർലൻഡിന് കരുത്തായത്.
അഞ്ചാം മിനിറ്റിൽ തന്നെ ഗോൾ നേടിയാണ് സ്വിറ്റ്സർലൻഡ് തുടങ്ങിയത്. തുടർക്കി ഡിഫൻററമാരെ ഒന്നടങ്കം കബളിപ്പിച്ച് സ്വിറ്റ്സർലൻഡ് സ്ട്രൈക്കർ ഹാരിസ് സെഫറോവിചിെൻറ ഒന്നാന്തരമൊരു ഷോട്ട്. തുർക്കിഷ് പടയുടെ മുഖ്യ സ്ട്രൈക്കർ മെറിഹ് ഡെമിറാലിെൻറ കാലിനിടയിലൂടെ നീങ്ങിയാണ് ഷോട്ട് വലയിലായത്.
ജയമില്ലാതെ രണ്ടു മത്സരങ്ങൾ കടന്ന സ്വിറ്റ്സർലൻഡിന് ഇതോടെ പുതുജീവനായി. കളിയിൽ തുർക്കിക്ക് അവസരം നൽകാതെ മുന്നേറിയ അവർ 26ാം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ഷക്കീരിയുടെ തകർപ്പൻ ഷോട്ടാണ് വലയിലായത്. ഇടങ്കാലൻ താരം ബോക്സിന് തൊട്ടുമുന്നിൽ നിന്ന് വലങ്കാലുകൊണ്ടുതിർത്ത പവർഫുൾ ഷോട്ടിനു മുന്നിൽ തുർക്കി ഗോളി യാൻ സോമറിന് ഒന്നും ചെയ്യാനില്ലായിരുന്നു.
രണ്ടാം പകുതി ലീഡ് വർധിപ്പിക്കാനായി സ്വിറ്റ്സർലൻഡ് കുതിച്ചു. എന്നാൽ, 62ാം മിനിറ്റിൽ അവരുടെ കണക്കുകൂട്ടൽ തെറ്റിച്ച് തുർക്കി തിരിച്ചടിച്ചു. അറ്റാകിങ് മിഡ്ഫീൽഡർ ഇർഫാൻ കഹ്വേകിയുടെ കിടിൽ മഴവിൽ ഷോട്ടാണ് പോസ്റ്റിന്റെ മൂലയിൽ പതിച്ചത്. പക്ഷേ, സ്വിറ്റ്സർലൻഡ് വിട്ടുകൊടുത്തിൽ മിനിറ്റുകൾക്കുള്ളിൽ കൗണ്ടറിൽ തിരിച്ചടിച്ചു. സ്റ്റീവൻ സുബറിന്റെ ക്രോസിൽ ഷർദാൻ ഷകീരിയാണ്(68) ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.