മട്ടാഞ്ചേരി: കേരളം സന്തോഷ് ട്രോഫി ആദ്യമായി നേടിയിട്ട് ബുധനാഴ്ച 50 വർഷം തികയുകയാണ്. റെയിൽവേയുമായുള്ള കലാശക്കളിയിൽ ക്യാപ്റ്റൻ മണി ഹാട്രിക്കോടെ വിജയത്തിന് ചുക്കാൻപിടിച്ചപ്പോൾ മണിക്ക് പാസ് നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഉപനായകനായിരുന്ന റ്റൈറ്റ് ഹാഫ് ടി.എ. ജാഫർ. സന്തോഷ് ട്രോഫി ആദ്യമായി സ്വന്തമാക്കിയ ടീമിനെ വിജയംകൊയ്ത അതേ മഹാരാജാസ് മൈതാനത്ത് ഇന്ന് കൊച്ചി നഗരസഭ ആദരിക്കുമ്പോൾ അതേറ്റുവാങ്ങാൻ കാത്തുനിൽക്കാതെയാണ് ഞായറാഴ്ച ജാഫർ യാത്രയായത്.
കളിക്കാരനും പരിശീലകനുമായി തൊട്ടതെല്ലാം പൊന്നാക്കിയാണ് ജാഫർ കരിയർ മുന്നോട്ടു നയിച്ചത്. മട്ടാഞ്ചേരി ഹാജി ഈസ ഹാജി മൂസ മെമോറിയൽ ഹൈസ്കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ കാൽപന്തുകളി തുടങ്ങി. യങ് സ്റ്റേറ്റ് ക്ലബിൽ അബു എന്ന പരിശീലകനാണ് ജാഫറിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് കളി പഠിപ്പിച്ചത്. എറണാകുളം സെൻറ് ആൽബർട്സ് കോളജിൽ പഠനം തുടർന്നു. 1968ൽ ഫാക്ട് ഫുട്ബാൾ ടീമിലെത്തി. ഒളിമ്പ്യൻ സൈമൺ സുന്ദർരാജ് പരിശീലകനായ ടീം പല ടൂർണമെൻറുകളിലും ജേതാക്കളായി. 1971ൽ പ്രീമിയർ ടയേഴ്സ് ഫുട്ബാൾ ടീം രൂപവത്കരിച്ചപ്പോൾ ജാഫർ ആദ്യ ക്യാപ്റ്റനായി.
1974ൽ ജി.വി. രാജാ ട്രോഫി, തിരുവനന്തപുരം മുനിസിപ്പൽ ഗോൾഡൻ ജൂബിലി ട്രോഫി, കൊല്ലം നെഹ്റു ട്രോഫി, എറണാകുളം ചാക്കോള ഗോൾഡ് ട്രോഫി എന്നീ ടൂർണമെൻറുകളിൽ പ്രീമിയർ ടയേഴ്സ് ജേതാക്കളായപ്പോൾ ഒരു സീസണിൽ നാലു ട്രോഫികൾ ഏറ്റുവാങ്ങിയ ക്യാപ്റ്റൻ എന്ന ബഹുമതി ജാഫർ സ്വന്തമാക്കി. 1975ൽ ഡാർജിലിങ്ങിലെ ഗൂർഖ ബ്രിഗേഡ് ട്രോഫിയും ഏറ്റുവാങ്ങി.
1969 മുതൽ 1975 വരെ കേരള ടീമിന്റെ റൈറ്റ് ഹാഫ് പൊസിഷനിൽ കളിച്ചു. കൊച്ചിൻ പോർട്ട്, കേരള പൊലീസ്, കെ.എസ്.ഇ.ബി, ടൈറ്റാനിയം, എഫ്.സി കൊച്ചിൻ ടീമുകളുടെ പരിശീലകനായിരുന്നു. 1994ൽ മാലദ്വീപിൽ നടന്ന പ്രസിഡന്റ് കപ്പ് ടൂർണമെൻറിൽ വിജയികളായ കേരള ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു ജാഫർ. 1988ൽ കേരള സ്പോർട്സ് കൗൺസിൽ പരിശിലകനായി. 1992, 93 വർഷങ്ങളിൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.
കാൽപന്തുകളിയിൽ അടിവെച്ചുകയറിയപ്പോഴും നാട്ടുകാരായ യുവാക്കൾക്ക് ജാഫർ ഒഴിവുവേളകളിൽ പരിശീലനം നൽകിപ്പോന്നു. പുതുതലമുറയെ വളർത്തിയെടുക്കാൻ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ജാഫർ ഫുട്ബാളിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് കൊച്ചി കോർപറേഷൻ കൽവത്തിയിൽ അദ്ദേഹത്തിന് വീട് നിർമിച്ചുനൽകി. ഈ വീടിന് ‘നന്ദി’എന്നാണ് ജാഫർ പേരിട്ടത്.
ഫുട്ബാൾ രാജാവ് പെലെക്ക് കറുത്ത മുത്തെന്ന് പേരിട്ടപ്പോൾ, നാട്ടുകാർ ജാഫറിനെയും അങ്ങനെ വിളിച്ചു; കേരളത്തിന്റെ കറുത്തമുത്ത്. ഫുട്ബാൾ പ്രേമികളെ മുഴുവൻ കണ്ണീരിലാഴ്ത്തി ആ കറുത്ത മുത്ത് യാത്രയായി. കളിക്കാർ കളിക്കളത്തിലും പുറത്തും അച്ചടക്കവും മാന്യതയും പുലർത്തണമെന്ന് കർശനമായി നിഷ്കർഷിച്ചിരുന്ന പരിശീലകൻ കൂടിയാണ് വിടപറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.