ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് ആഴ്സനൽ കുതിപ്പ് തുടരുന്നു. 16ാം റൗണ്ടിൽ ബ്രൈറ്റണിനെ 4-2ന് തോൽപിച്ച ഗണ്ണേഴ്സിന് 43 പോയന്റായി, തലപ്പത്ത് ഏഴു പോയന്റ് ലീഡ്. ബുകായോ സാക, മാർട്ടിൻ ഒഡെഗാർഡ്, എഡി എൻകേറ്റിയ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരാണ് ആഴ്സനലിനായി സ്കോർ ചെയ്തത്. കവോരു മിറ്റോമ, ഇവാൻ ഫെർഗൂസൻ എന്നിവർ ബ്രൈറ്റണിന്റെ ഗോളുകൾ നേടി.
രണ്ടാം മിനിറ്റിൽ തന്നെ സാകയുടെ ഗോളിൽ ആഴ്സനൽ ലീഡെടുത്തു. 39ാം മിനിറ്റിലായിരുന്നു ക്യാപ്റ്റൻ ഒഡെഗാർഡിന്റെ ഗോൾ. ഇടവേളക്കുശേഷം 47ാം മിനിറ്റിൽ എൻകേറ്റിയ സ്കോർ ചെയ്തതോടെ ലീഡ് മൂന്നായി. 65ാം മിനിറ്റിൽ മിറ്റോമിയിലൂടെ ബ്രൈറ്റൺ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 71ാം മിനിറ്റിൽ മാർട്ടിനെല്ലിയുടെ ഗോളിൽ ആഴ്സനൽ മൂന്നു ഗോൾ ലീഡ് തിരിച്ചുപിടിച്ചു. 77ാം മിനിറ്റിൽ ഫെർഗൂസനിലൂടെ ഒരു ഗോൾ കൂടി മടക്കിയ ബ്രൈറ്റണിനെ മത്സരത്തിലേക്ക് തിരിച്ചുവരാൻ പക്ഷേ ആഴ്സനൽ സമ്മതിച്ചില്ല.
ഫുൾഹാം, ക്രിസ്റ്റൽ പാലസ് ടീമുകളും ജയം നേടിയപ്പോൾ ടോട്ടൻഹാം തോറ്റു. ആസ്റ്റൺവില്ലയാണ് ടോട്ടൻഹാമിനെ 2-0ത്തിന് തോൽപിച്ചത്. എമി ബ്വുൻഡിയയും ഡഗ്ലസ് ലൂയിസും വില്ലയുടെ ഗോൾ നേടി. ഫുൾഹാം 2-1ന് സതാംപ്ടണിനെയും ക്രിസ്റ്റൽ പാലസ് 2-0ത്തിന് ബോൺമൗത്തിനെയുമാണ് തോൽപിച്ചത്. ജോർഡൻ ആയൂ, എബ്റേസി എസെ എന്നിവരാണ് പാലസിനായി സ്കോർ ചെയ്തത്. ജെയിംസ് വാർഡ് പ്രൗസിന്റെ സെൽഫ് ഗോളിൽ മുന്നിൽ കടന്ന ഫുൾഹാമിനെതിരെ വാർഡ് പ്രൗസ് തന്നെ സതാംപ്ടണിനെ ഒപ്പമെത്തിച്ചു. ജാവോ പാലീന്യയുടെ വകയായിരുന്നു ഫുൾഹാമിന്റെ വിജയഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.