ദോഹ: ബ്രസീലിയൻ സൂപ്പർതാരം ഫിലിപ് കുടീന്യോയും ഏഷ്യൻ ഫുട്ബാൾ പുരസ്കാര ജേതാവ് അൽ മുഇസ് അലിയും അണിനിരക്കുന്ന അൽ ദുഹൈലിന്റെ ഡ്രസിങ് റൂമിൽ കൂട്ടുകാരുടെ ‘എംബാപ്പെ’യാണ് മലയാളികളുടെ തഹ്സിൻ. സീനിയർ താരങ്ങൾക്കിടയിലെ പതിനേഴുകാരനായ കുഞ്ഞനുജൻ പക്ഷേ, കളിക്കളത്തിലെ വേഗത്തിൽ അവരെയും അതിശയിപ്പിക്കുന്നു. വിങ്ങിലൂടെയുള്ള അതിവേഗ നീക്കവും പന്തടക്കവുമാണ് തഹ്സിനെ ടീമംഗങ്ങൾക്കിടയിലെ എംബാപ്പെയാക്കി മാറ്റിയത്. ഇടതു വിങ്ങാണ് തഹ്സിന്റെ ഇഷ്ട പൊസിഷൻ. പന്തുമായി കുതിച്ചുപാഞ്ഞ് ഡ്രിബിൾ ചെയ്ത് സഹതാരങ്ങൾക്ക് ഗോളടിക്കാൻ പാകത്തിൽ എത്തിക്കുന്ന നീക്കങ്ങൾ അണ്ടർ 16, 17 മത്സരങ്ങളിൽതന്നെ അവനെ താരമാക്കിയിരുന്നു. ഈ മികവ് കണ്ണിലുടക്കിയ അൽ ദുഹൈൽ പരിശീലകൻ ക്രിസ്റ്റഫ് ഗാൾറ്റിയറാണ് കഴിഞ്ഞ മാർച്ചിൽ തഹ്സിനെ യൂത്ത് ടീമിൽനിന്ന് പ്രായമെല്ലാം മറന്ന് സീനിയർ ടീമിലേക്ക് വിളിക്കുന്നത്. സ്വപ്നത്തിലെന്ന പോലെയായിരുന്നു ആ വിളി. കുടീന്യോയും മൈക്കൽ ഒലുംഗയും കരിം ബൗദിയാഫുമെല്ലാമുള്ള ടീമിലേക്ക് കുറഞ്ഞ മത്സരങ്ങളിൽതന്നെ അവൻ സാന്നിധ്യമറിയിച്ചു. സ്റ്റാർസ് ലീഗിലും അമീർ കപ്പിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് ദേശീയ സീനിയർ ടീമിലേക്കുള്ള വഴിയായി മാറിയത്. ഇനി സീനിയർ ടീമിലും മികവു തെളിയിച്ചാൽ, ലോകകപ്പിലേക്ക് ലക്ഷ്യമിടുന്ന ഖത്തർ ദേശീയ ടീമിൽ ഒരു മലയാളി പന്തു തട്ടുന്ന നിമിഷവും സ്വപ്നം കണ്ടിരിക്കാം.
പരിക്കേറ്റു വീണ സ്വപ്നങ്ങൾ മകനിലൂടെ ബൂട്ടുകെട്ടുന്നു
വിങ്ങുകൾ മാറിമാറി ചാട്ടുളിവേഗത്തിൽ തഹ്സിൻ പന്തുമായി കുതിക്കുമ്പോൾ, ആ ബൂട്ടുകൾക്ക് ഇന്ത്യൻ യൂത്ത് ടീം ക്യാമ്പ് വരെയെത്തിയ ഒരു മുൻ കേരള താരത്തിന്റെ പാരമ്പര്യമുണ്ട്. 1992ൽ അഖിലേന്ത്യ കിരീടം ചൂടിയ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം അംഗവും ജോപോൾ അഞ്ചേരിക്കൊപ്പം കേരള യൂത്ത് ടീമിൽ കളിക്കുകയും ഇന്ത്യൻ ക്യാമ്പ് വരെയുമെത്തിയ കണ്ണൂർ തലശ്ശേരിക്കാരനായ പിതാവ് ജംഷിദിന്റെ പന്തടക്കം. ഖത്തറിൽ ജനിച്ചുവളർന്ന തഹ്സിൻ, ഖത്തറിന്റെ കായിക നഴ്സറിയായ ആസ്പയർ അക്കാദമിയിൽനിന്നാണ് കരുത്തുറ്റ ഫുട്ബാളറായി മാറുന്നത്. കഴിഞ്ഞ ആറുവർഷമായി ആസ്പയറിലാണ് പരിശീലനവും പഠനവുമെല്ലാം.
ഫുട്ബാളിനെ നെഞ്ചേറ്റിയ പിതാവിന്റെ പാരമ്പര്യം തന്നെയാണ് തഹ്സിന്റെയും കരുത്ത്. 1985ൽ കേരളത്തിന്റെ സബ്ജൂനിയർ ടീമിലും ശേഷം ജൂനിയർ-യൂത്ത് ടീമുകളിലും കളിച്ചും നാലു വർഷം കാലിക്കറ്റ് സർവകലാശാല ടീമിന്റെ താരമായും തിളങ്ങിയ ജംഷിദിനെ പരിക്കാണ് കളത്തിൽനിന്ന് അകറ്റിയത്. ഒപ്പം കളിച്ച ജോപോൾ ഉൾപ്പെടെയുള്ളവർ രാജ്യാന്തര മികവിലേക്ക് പറന്നുയർന്നപ്പോൾ ജംഷിദിന് പരിക്ക് റെഡ്കാർഡ് വിളിച്ചു. തുടർന്ന്, 23ാം വയസ്സിൽ പ്രവാസം വരിച്ച് ഖത്തറിലെത്തിയെങ്കിലും ഫുട്ബാളിലെ പ്രിയം വിട്ടില്ല. അൽ ഫൈസൽ ഹോൾഡിങ്ങിൽ ജീവനക്കാരനായിരിക്കെ ഒഴിവുദിനങ്ങളിൽ കളിക്കളത്തിലേക്കുള്ള യാത്രയിൽ മക്കളായ മിഷാലിനെയും തഹ്സിനെയും ഒപ്പം കൂട്ടും. ആ ആവേശമാണ് ഇളയ മകൻ തഹ്സിനെ ദേശീയ ടീം വരെ എത്തിക്കുന്നത്.
അൽ ഫൈസൽ ഹോൾഡിങ്സിനു കീഴിൽ തന്നെയുള്ള ശൈഖ് ഫൈസൽ ബിൻ ഖാസിം സ്പോർട്സ് അക്കാദമിയിൽ പരിശീലനമാരംഭിച്ച തഹ്സിന്റെ പ്രതിഭ കോച്ചുമാരായ അൽജീരിയൻ സഹോദരങ്ങളാണ് തിരിച്ചറിയുന്നത്. അവരുടെ നിർദേശത്തെത്തുടർന്ന് ദുഹൈൽ എഫ്.സിയിലെത്തി. ശേഷമാണ് ആസ്പയർ അക്കാദമിയിലേക്ക് പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. ആസ്പയറിനു കീഴിൽതന്നെ 12ാം ക്ലാസിലും പഠിക്കുന്നു. വളപട്ടണം സ്വദേശി ഷൈമയാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.