ദോഹ: സൗദി കിങ്സ് കപ്പ് ഫൈനൽ പോരാട്ടത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് അൽ നസ്റിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കളിയുടെ 90 മിനുട്ടും പിന്നീടുള്ള എക്‌സ്‌ട്രാ ടൈമിലും 1–1ന് സമനിലയിലായിരുന്ന മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലാണ് അല്‍ നസ്ർ കൈവിട്ടത്. ഷൂട്ടൗട്ടിൽ 5–4 എന്ന സ്കോറിനാണ് അൽ ഹിലാലിന്റെ വിജയം. മത്സരത്തിലെ പരാജയത്തിനു പിന്നാലെ കരഞ്ഞുകൊണ്ട് ഗ്രൗണ്ടിൽ വീണ റൊണാള്‍ഡോയെ സഹതാരങ്ങൾ ഏറെ പണിപ്പെട്ടാണ് ആശ്വസിപ്പിച്ചത്.
ഏഴാം മിനിറ്റിൽ അൽ ഹിലാലിന്റെ അലക്സാണ്ടർ മിട്രോവിച്ചാണ് ആദ്യ ഗോൾ നേടിയത്. 88–ാം മിനിറ്റിൽ അയ്മൻ യഹ്യയിലൂടെ അല്‍ നസ്ർ സമനില പിടിച്ചു. ഇതോടെ മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു. അധിക സമയത്ത് ലീഡെടുക്കാന്‍ അൽ നസ്റിന് അവസരം ലഭിച്ചെങ്കിലും അൽ ഹിലാലിന്റെ ഗോളി യാസിൻ ബോനു പ്രതിരോധിച്ചുനിന്നു. ഷൂട്ടൗട്ടിൽ അൽ നസ്റിന്റെ അവസാന രണ്ട് കിക്കുകൾ യാസിൻ ബോനു തടഞ്ഞിട്ടു.
മത്സരത്തിന്‍റെ രണ്ട് പാദങ്ങളിലും റൊണാൾഡോയ്ക്ക് അൽ നസ്റിനായി ഗോൾ കണ്ടെത്താനായില്ല. താരത്തിന്‍റെ ഒരു ബൈസിക്കിൾ കിക്ക് പോസ്റ്റിൽ തട്ടി തെറിക്കുന്നതും മത്സരത്തിൽ കാണാനായി. രണ്ടാം സ്ഥാനക്കാർക്കുള്ള മെഡൽ സ്വീകരിച്ച ശേഷം ടീമിന്‍റെ ഡഗ് ഔട്ടിൽ ഇരുന്നു കരയുന്ന റൊണാൾഡോയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പരിക്കേറ്റു പുറത്തിരിക്കവെയാണ് അൽ ഹിലാലിന്റെ കിരീടനേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.