മാഞ്ചസ്റ്റർ യുനൈറ്റഡ് നായകൻ ബ്രൂണോ ഫെർണാണ്ടസിനെ പിന്തുണച്ച് പരിശീലകൻ ടെൻ ഹാഗും സഹതാരം മാർകസ് റാഷ്ഫോഡും. പ്രീമിയർ ലീഗിൽ ലിവർപൂളിനോടേറ്റ നാണംകെട്ട തോൽവിക്കു പിന്നാലെ നായക പദവി വഹിക്കുന്ന പോർചുഗീസ് താരത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
മത്സരത്തിൽ ഏകപക്ഷീയമായ ഏഴു ഗോളുകൾക്കായിരുന്നു യുനൈറ്റഡിന്‍റെ തോൽവി. 90 മിനിറ്റ് പൂർത്തിയാക്കുംമുമ്പ് കളംവിടാൻ ബ്രൂണോ ഫെർണാണ്ടസ് നടത്തിയ ശ്രമങ്ങളും കടുത്ത വിമർശനത്തിനിരയായി. മധ്യനിര എഞ്ചിനാകേണ്ട പോർചുഗീസ് താരം ഉഴറി നടക്കുകയായിരുന്നുവെന്നും താരം ഇനിയും നായക സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും ആക്ഷേപമുയർന്നു.
വിമർശനങ്ങളെല്ലാം തള്ളിക്കളഞ്ഞ ടെൻ ഹാഗ്, വരുന്ന മത്സരങ്ങളിൽ നായകൻ മികച്ച പ്രകടനം നടത്തുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ‘എല്ലാവരും പഠിക്കണം, എനിക്കും പഠിക്കണം, അവനും പഠിക്കും, കാരണം അവൻ ബുദ്ധിമാനാണ്. അവൻ ടീമിലുള്ളവർക്ക് വലിയ പ്രചോദനമാണ്. പക്ഷേ, ആരും പൂർണമല്ല, എല്ലാവരും തെറ്റുകൾ വരുത്തും. ബ്രൂണോയെ പോലൊരാൾ ടീമിലുള്ളതിൽ ഞാൻ ഏറെ സന്തോഷവനാണ്. ഹാരി മഗ്വയർ കളത്തിലില്ലെങ്കിൽ ടീമിന്‍റെ നായകൻ ബ്രൂണോ തന്നെയാണ്’ -ടെൻ ഹാഗ് പ്രതികരിച്ചു.
റാഷ്ഫോഡും ബ്രൂണോക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ‘ബ്രൂണോക്കൊപ്പം കളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. എന്നെപോലെ ഒരു ഫോർവേഡ് താരത്തിന് കളിക്കാൻ അദ്ദേഹത്തെ പോലൊരു താരത്തെ അനിവാര്യമാണ്. നല്ലൊരു ലീഡർ കൂടിയാണ്. ഞാൻ ബ്രൂണോയെ 100 ശതമാനം പിന്തുണക്കുന്ന, അവന്റെ പിന്നിൽ ഞങ്ങളുണ്ട്, ഒരു ടീമെന്ന നിലയിൽ ഞങ്ങൾ അവനെ പിന്തുണക്കും, കാരണം അവൻ ഒരു മികച്ച കളിക്കാരനാണ്, ബോസ് പറഞ്ഞതുപോലെ’ -റാഷ്ഫോഡ് വ്യക്തമാക്കി.
വ്യാഴാഴ്ച യൂറോപ്പ ലീഗിൽ സ്പാനിഷ് ക്ലബ് റിയൽ ബെറ്റിസുമായാണ് യുനൈറ്റഡിന്‍റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.