വിലക്കഴിക്കണം; ഫിഫയോട് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ

ന്യൂഡൽഹി: സസ്പെൻഷൻ തീരുമാനം പുനഃപരിശോധിക്കണമെന്നഭ്യർഥിച്ച് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി സുനന്ദോ ധർ, ഫിഫ സെക്രട്ടറി ജനറൽ ഫാത് മ സമൂറക്ക് കത്തയച്ചു. ഭരണം എ.ഐ.എഫ്.എഫിനുതന്നെ തിരിച്ചുനൽകി സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ വിലക്ക് നീക്കണമെന്നാണ് കത്തിന്റെ രത്നച്ചുരുക്കം. കാര്യനിർവഹണ സമിതിയുടെ അധികാരങ്ങൾ നീക്കിയിട്ടുണ്ട്. സസ്പെൻഷൻ എടുത്തുകളയാൻ മുന്നോട്ടുവെച്ച നിർദേശങ്ങളും പാലിച്ചു. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഫുട്ബാളിന്റെ സുഗമമായ മുന്നോട്ടുപോക്കിന് എത്രയും വേഗം നടപടിയുണ്ടാകണമെന്നും കത്തിൽ അഭ്യർഥിക്കുന്നു.

ആഗസ്റ്റ് 15നാണ് മൂന്നാം കക്ഷിയുടെ ഇടപെടൽ ആരോപിച്ച് ഇന്ത്യയെ അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ വിലക്കിയത്. ഇതോടെ അണ്ടർ 17 വനിത ലോകകപ്പ് ആതിഥേയാവകാശവും രാജ്യാന്തര മത്സരപങ്കാളിത്തവും നഷ്ടമായി.

വിലക്ക് നീക്കാനുള്ള നടപടിയെന്നോണം തിങ്കളാഴ്ച സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മേയ് 18ന് കോടതിതന്നെ നിയോഗിച്ച കാര്യനിർവഹണ സമിതി പിരിച്ചുവിടുകയും തെരഞ്ഞെടുപ്പ് നടപടികൾ പരിഷ്കരിക്കുകയും ചെയ്തു. ഫിഫയുടെ ചട്ടങ്ങൾ പാലിച്ചാൽ വിലക്കു നീക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്.

തെരഞ്ഞെടുപ്പ് സെപ്. രണ്ടിന്; വീണ്ടും പത്രിക നൽകണം

ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നിർവാഹക സമിതി തെരഞ്ഞെടുപ്പിന് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് വരണാധികാരി. ഇതുപ്രകാരം സെപ്റ്റംബർ രണ്ടിനാണ് തെരഞ്ഞെടുപ്പ്. ആഗസ്റ്റ് 25 മുതൽ പത്രിക സമർപ്പണം നടക്കും. 28ന് സൂക്ഷ്മപരിശോധനയും.

സെപ്റ്റംബർ രണ്ടിനോ മൂന്നിനോ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുമെന്നും വരണാധികാരി ഉമേഷ് സിൻഹ അറിയിച്ചു. ഇന്ത്യക്ക് ഫിഫ ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നതിന്റെ ഭാഗമായാണ് പുതിയ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തേ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പുരീതി ഫിഫക്ക് സ്വീകാര്യമായിരുന്നില്ല. ഇതുകൂടി എ.ഐ.എഫ്.എഫിനെ സസ്പെൻഡ് ചെയ്യുന്നതിലേക്ക് നയിച്ചിരുന്നു. വിലക്ക് നീക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി എ.ഐ.എഫ്.എഫ് ഭരണം സെക്രട്ടറി ജനറലിനെ ഏൽപിക്കുകയും കാര്യനിർവഹണ സമിതി പിരിച്ചുവിടുകയും ചെയ്തു.

ഉന്നത താരങ്ങളെക്കൂടി വോട്ടർമാരാക്കി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നീക്കം. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്യുങ് ബൂട്ടിയ ഉൾപ്പെടെയുള്ളവർ പത്രിക‍യും നൽകി. എന്നാൽ, പുതിയ രീതി അംഗീകരിക്കാതിരുന്ന ഫിഫ, സംസ്ഥാന അസോസിയേഷനുകൾക്കു മാത്രമേ വോട്ടവകാശമുണ്ടാവൂവെന്നും ഉന്നത താരങ്ങളെ നിർവാഹക സമിതിയിലേക്ക് നാമനിർദേശം ചെയ്താൽ മതിയെന്നും നിഷ്കർഷിച്ചു.

വിലക്ക് നീക്കുന്നതിന് ഫിഫ നിർദേശങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താൻ സുപ്രീംകോടതി ഉത്തരവിറക്കുകയായിരുന്നു. വോട്ടെടുപ്പ് ഒരാഴ്ച നീട്ടാനും തീരുമാനിച്ചു. പുതിയ വിജ്ഞാപനത്തോടെ, ബൂട്ടിയക്ക് ഏതെങ്കിലും സംസ്ഥാന അസോസിയേഷൻ പ്രതിനിധിയായേ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവൂ.

Tags:    
News Summary - The ban should be lifted; All India Football Federation to FIFA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.