അഞ്ചു ഗോളുകളുമായി സൂപ്പർതാരം എർലിങ് ഹാലൻഡ് തിളങ്ങിയ മത്സരത്തിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നു. അഞ്ചാം റൗണ്ട് മത്സരത്തിൽ ലൂട്ടൺ ടൗണിനെ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയും സംഘവും നിലംപരിശാക്കിയത്. സിറ്റിക്കായി നോർവീജിയൻ താരം നേടുന്ന എട്ടാം ഹാട്രിക്കാണിത്.
ക്ലബിനുവേണ്ടി രണ്ടു തവണ അഞ്ചു ഗോളുകൾ നേടുന്ന ആദ്യതാരവുമായി. മത്സരത്തിന്‍റെ മൂന്ന്, 18, 40, 55, 58 മിനിറ്റുകളിലായിരുന്നു ഗോൾ മെഷീൻ എതിരാളികളുടെ വല കുലുക്കിയത്. ഇതിൽ ആദ്യത്തെ നാലു ഗോളുകൾക്കും വഴിയൊരുക്കിയത് അസിസ്റ്റുകളുടെ രാജകുമാരനായ ബെൽജിയം മധ്യനിരതാരം കെവിൻ ഡിബ്രൂയ്നെയും.
72ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം മെറ്റിയോ കൊവാചിച്ചും സിറ്റിക്കായി ലക്ഷ്യംകണ്ടു. 45, 52 മിനിറ്റുകളിൽ ജോർഡൻ ക്ലാർക്കിന്‍റെ വകയായിരുന്ന ലൂട്ടണിന്‍റെ രണ്ടു ഗോളുകൾ. എത്തിഹാദ് സ്റ്റേഡിയത്തിലേക്ക് കൂടുമാറിയശേഷം ഹാലൻഡ് കളിച്ച 83 മത്സരങ്ങളിൽ ഗോൾ നേട്ടം 79 ആയി. ബോക്സിന്‍റെ ഇടതുപാർശ്വത്തിൽനിന്ന് ഡിബ്രൂയിനെ നൽകിയ ഒന്നാംതരം ക്രോസാണ് ആദ്യ ഗോളിലെത്തിയത്.
ഹാലൻഡിന്‍റെ ഒരു ക്ലിനിക്കൽ ഫിനിഷിങ് കൂടിയായതോടെ നാലാം മിനിറ്റിൽ തന്നെ സിറ്റി ലീഡെടുത്തു. 15 മിനിറ്റിനുശേഷം സഖ്യത്തിന്‍റെ മറ്റൊരു നീക്കത്തിലൂടെ ലീഡ് ഉയർത്തി.
പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഡിബ്രൂയിനെ നൽകിയ ഒരു കിടിലൻ ത്രൂ ബാളിന് ഓടിയടുക്കുമ്പോൾ ഹാലൻഡിനു മുന്നിൽ ഗോൾ കീപ്പർമാത്രം. താരത്തിന്‍റെ ഷോട്ട് പിഴച്ചില്ല. സമാനരീതിയിൽ തന്നെയായിരുന്നു ഹാലൻഡിന്‍റെ ഹാട്രിക് ഗോളും. എന്നാൽ, ഇടവേളക്ക് പിരിയാനിരിക്കെ ബോക്സിനു പുറത്തുനിന്ന് ക്ലാർക്ക് തൊടുത്ത ഷോട്ട് പോസ്റ്റിന്‍റെ വലതു മൂലയിലേക്ക് പറന്നിറങ്ങുമ്പോൾ സിറ്റി ഗോളിക്ക് നിസ്സഹായനായി നോക്കിനിൽക്കാനെ കഴിഞ്ഞുള്ളു.
രണ്ടാം പകുതി തുടങ്ങി ഏഴാം മിനിറ്റിൽ വീണ്ടും ക്ലാർക്കിന്‍റെ ഒരു കിടിലൻ ഗോൾ. ലൂട്ടൺ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് 55ാം മിനിറ്റിൽ സിറ്റിക്കായി വീണ്ടും ഗോൾ മെഷീൻ വല ചലിപ്പിച്ചത്. അധികം വൈകാതെ താരം മത്സരത്തിലെ അഞ്ചാം ഗോളും നേടി. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സീസണിൽ നോക്കൗട്ട് റൗണ്ടിൽ ജർമൻ ക്ലബ് ആർ.ബി ലൈപ്സിഷിനെതിരെയും ഹാലൻഡ് അഞ്ചു ഗോളുകൾ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.