വിടവാങ്ങിയ ഫുട്ബാൾ ഇതിഹാസം പെലെക്ക് അനുശോചനവുമായി ഫുട്ബാൾ ലോകം. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, കിലിയൻ എംബാപ്പെ തുടങ്ങിയ താരങ്ങളും മുൻ താരങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ അനുചോന കുറിപ്പുകൾ പങ്കുവെച്ചു.
‘റെസ്റ്റ് ഇൻ പീസ്’ എന്നാണ് മെസ്സി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്. പെലെക്കൊപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചു. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയും ഇൻസ്റ്റഗ്രാമിൽ പെലെക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിപ്പ് പങ്കുവെച്ചു. ‘‘ഫുട്ബാൾ രാജാവ് വിടപറഞ്ഞു, എന്നാൽ അദ്ദേഹത്തിന്റെ പൈതൃകം എന്നെന്നും നിലനിൽക്കും’’ എന്നായിരുന്നു കുറിപ്പ്.
ബ്രസീൽ സൂപ്പർ താരം നെയ്മർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പ് ഇങ്ങനെയായിരുന്നു, ‘‘പെലെക്ക് മുമ്പ് 10 എന്നത് ഒരു അക്കം മാത്രമായിരുന്നു എന്ന വാചകം ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. എന്നാൽ, മനോഹരമായ ഈ വാചകം അപൂർണമാണ്. പെലെക്ക് മുമ്പ് ഫുട്ബാൾ എന്നത് ഒരു കായിക വിനോദം മാത്രമായിരുന്നുവെന്ന് ഞാൻ പറയും. പെലെ അതിനെ മാറ്റിമറിച്ചു. അദ്ദേഹം ഫുട്ബാളിനെ ഒരു കലയാക്കി, വിനോദമാക്കി. പാവപ്പെട്ടവർക്കും കറുത്തവർക്കും അദ്ദേഹം ശബ്ദം നൽകി. പ്രത്യേകിച്ച്, ബ്രസീലിന് അദ്ദേഹം പ്രചാരം നൽകി. ഫുട്ബാളിന്റെയും ബ്രസീലിന്റെയും പദവി ഉയർത്തിയതിന് രാജാവിന് നന്ദി! അദ്ദേഹം പോയി, പക്ഷേ അദ്ദേഹത്തിന്റെ മാന്ത്രികത അവശേഷിക്കുന്നു. പെലെ എന്നെന്നും’’.
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചു: ‘‘എല്ലാ ബ്രസീലുകാര്‍ക്കും പ്രത്യേകിച്ച് എഡ്സൺ അരാന്റസ് ഡൊ നാസിമെന്റോയുടെ കുടുംബത്തിന് അഗാധമായ അനുശോചനം. ഫുട്ബാള്‍ ലോകം മുഴുവന്‍ നെഞ്ചേറ്റിയ പെലെയുടെ വിയോഗത്തിലെ വേദന പ്രകടിപ്പിക്കാന്‍ വിട എന്ന വെറുമൊരു വാക്ക് മതിയാവില്ല. ദശലക്ഷക്കണക്കിനാളുകൾക്ക് പ്രചോദനമായി ഇന്നലെയും ഇന്നും എന്നും പെലെയുണ്ടാവും. നിങ്ങള്‍ എന്നോട് കാണിച്ച സ്നേഹം അകലെ ആയിരുന്നപ്പോള്‍ പോലും പ്രതിഫലിച്ചു. പെലെയെ ഒരിക്കലും മറക്കില്ല. ലോകത്തെ ഓരോ ഫുട്ബാള്‍ പ്രേമികളിലും അദ്ദേഹത്തിന്‍റെ ഓർമകളുണ്ടാവും. സമാധാനത്തില്‍ വിശ്രമിക്കൂ കിങ് പെലെ’’
മുൻ ഫുട്ബാൾ താരങ്ങളും അനുശോചനവുമായി രംഗത്തെത്തി. ‘പെലെ അനശ്വരൻ’ എന്നായിരുന്നു മുൻ ഫ്രഞ്ച് ഇതിഹാസ താരം സിനദിൻ സിദാന്റെ അനുശോചന സന്ദേശം. ‘‘ഫുട്ബാളിന് അതിന്റെ ഏറ്റവും മഹാനായ കളിക്കാരനെ നഷ്ടപ്പെട്ടിരിക്കുന്നു. എനിക്കെന്റെ സവിശേഷ സുഹൃത്തിനെയും’’, മുൻ ജർമൻ ഇതിഹാസ താരം ഫ്രാൻസ് ബെക്കൻബോവർ കുറിച്ചു. ‘‘തന്റെ പ്രതിഭക്ക് മുന്നിൽ ലോകത്തെ നമിപ്പിച്ചു. ബ്രസീൽ ഫുട്ബാളിനെ ലോകത്തിന്റെ ആൾത്താരയിലേക്ക് കൈപിടിച്ചുയർത്തി’’, മുൻ ബ്രസീൽ സൂപ്പർ താരം റൊമാരിയോ കുറിച്ചു. ‘‘പെലെ നൽകിയതിനൊക്കെയും ഫുട്ബാൾ ലോകം അദ്ദേഹത്തോട് നന്ദി പറഞ്ഞുകൊണ്ടിരിക്കുന്നു’’ എന്നായിരുന്നു മുൻ ബ്രസീൽ താരം റോബർട്ടോ കാർലോസിന്റെ അനുശോചന കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.