ചരിത്രത്തിലാദ്യമായി ഫുട്ബാൾ ലോകകപ്പ് പശ്ചിമേഷ്യയുടെ മണ്ണിലേക്ക് വിരുന്നെത്തുകയാണ്. ഗൾഫ് മേഖലയെ മുഴുവൻ ആവേശക്കൊടുമുടിയിൽ എത്തിക്കുന്ന ഖത്തറിലെ സോക്കർ മാമാങ്കത്തിന്‍റെ ആവേശം യു.എ.ഇയിലും ദൃശ്യമാണ്. ഇമാറാത്തിലെ വിവിധ നഗരങ്ങളിൽ താമസിച്ച് ദിനേനെ ലോകകപ്പിനായി പറക്കാൻ സ്വദേശികളും പ്രവാസികളും മാത്രമല്ല, ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും ആരാധകക്കൂട്ടങ്ങൾ വരെ തയാറായിക്കഴിഞ്ഞു. ഫുട്ബാൾ ലോകകപ്പിന്‍റെ ആവേശത്തോടൊപ്പം ചേരുന്ന 'ഇമാറാത്ത് ബീറ്റ്സ്' മഹാമേളയുടെ ചരിത്രത്തിലെ സുവർണ നിമിഷങ്ങൾ നിങ്ങൾക്ക് 'വേൾഡ്കപ്പ് ഗാലറി'യിലൂടെ രിചയപ്പെടുത്തുകയാണ്.
1970 ജൂൺ 21. മെക്സികോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയം നിറഞ്ഞുതുളുമ്പിയിരുന്നു. സൂചി കുത്താനിടമില്ലാത്തവിധം കാണികൾ തിങ്ങിനിറഞ്ഞ ആസ്ടെക്കയിൽ അന്ന് 1,07,412 കാണികൾ ഉണ്ടായിരുന്നുവെന്നാണ് കളിയുടെ ചരിത്രപുസ്തകത്തിൽ എഴുതിച്ചേർക്കപ്പെട്ട കണക്ക്. ലോകകപ്പിെൻറ കലാശപ്പോരിൽ പെലെയും കൂട്ടുകാരും അണിനിരന്ന ബ്രസീലിന്റെ മഞ്ഞക്കുപ്പായക്കാരെ നേരിടുന്നത് ഇറ്റലിയുടെ അസൂറിപ്പട. കളി തീരാൻ നാലു മിനിറ്റു മാത്രമിരിക്കെ, കപ്പുറപ്പിച്ച ബ്രസീൽ 3-1ന് മുന്നിൽ. അന്നേരം, ഇറ്റലിയുടെ പ്രത്യാക്രമണ നീക്കത്തിന്റെ മുനയൊടിച്ച് ബ്രസീൽ പന്തു തട്ടിയെടുക്കുന്നു. ഇടതുവിങ്ങിലൂടെ ഡ്രിബ്ലിങ്ങിന്റെയും പന്തടക്കത്തിന്റെയും പൂർണതയിൽ കൊരുത്ത നീക്കവുമായി ബ്രസീൽ. ഇഴയടുപ്പത്തോടെ ബ്രസീൽ പാസ് ചെയ്തു മുന്നേറുേമ്പാൾ ഇറ്റാലിയൻ ഡിഫൻസ് കൂട്ടംതെറ്റി മേയുകയായിരുന്നു. ഒടുവിൽ പെലെ, വലതുവിങ്ങിലേക്ക് തട്ടിനീക്കിയ പന്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന ക്യാപ്റ്റൻ കാർലോസ് ആൽബർട്ടോ വെടിച്ചില്ലുപോലൊരു ഷോട്ടിൽ വലയിലേക്ക് പായിക്കുന്നു. പിന്നണിയിൽനിന്ന് മുളപൊട്ടി എവറാൾഡോയും പിയാസോയുമൊഴികെയുള്ള എട്ട് ഔട്ട്ഫീൽഡ് താരങ്ങളുടെയും പാദസ്പർശമേറ്റ നീക്കം ഒടുവിൽ ഗോളിൽ കലാശിക്കുേമ്പാൾ 1970 ലോകകപ്പിെൻറ കാവ്യനീതിയായിരുന്നു അത്. സാംബ താളം അത്രമേൽ രാഗാർദ്രമായി പെയ്തിറങ്ങിയ ഒരു വിശ്വമേളയുടെ പോരിശക്കൊത്ത വിരാമം.
വാക്കുകൾകൊണ്ട് വരഞ്ഞിടാൻ കഴിയാത്ത സുവർണ സ്പർശമായിരുന്നു ആ ബ്രസീൽ. കളിയുടെ കാൽപനികതയിലേക്ക് കണ്ണഞ്ചിക്കുന്ന പാസുകളുതിർത്ത് ഫുട്ബാളിൽ അതിശയങ്ങളുടെ ചെപ്പു തുറന്ന വിസ്മയ സംഘം. എഴുതി ഫലിപ്പിക്കുന്നതിനപ്പുറം പഴയ ഡീവീഡികളിൽനിന്നോ യൂട്യൂബ് ക്ലിപ്പുകളിൽനിന്നോ നേരിട്ടനുഭവിച്ച് ആവേശത്തള്ളിച്ചയിലാണ്ടുപോവേണ്ട മാന്ത്രികതയാണ് അവർ പുറത്തെടുത്തതെന്ന് ചൂണ്ടിക്കാട്ടുന്നവരേറെ. 'ബ്യൂട്ടിഫുൾ ഗെയിമെ'ന്ന കേവല വിശേഷണത്തിലേക്ക് ചുരുക്കേണ്ട വെറുമൊരു കളിയല്ല ഫുട്ബാൾ. അത്, കലയുടെ അംശങ്ങൾ സന്നിവേശിപ്പിച്ച യഥാർഥ ആർട്ട് ഫോമാണെന്ന് ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുത്ത സ്വപ്നസംഘമായിരുന്നു അവർ.
1970ലെ ലോകകപ്പ് നേടി എന്നതു മാത്രമല്ല, കളി ഏതുവിധമായിരിക്കണമെന്ന ഒരു ഫുട്ബാൾ ആരാധകെൻറ സ്വപ്നങ്ങളെ ചരിത്രത്തിൽ ഏറ്റവും മനോഹരമായി കളത്തിൽ സാക്ഷാത്കരിച്ചത് അവരായിരുന്നു. എക്കാലവും നല്ലകളിക്ക് ഇവരുടെ പദചലനങ്ങളാണ് ഇന്നും മാതൃക. ആ മാഹാത്മ്യങ്ങളുടെ അടുത്തെത്തുന്നതൊന്നും പിന്നീട് അത്രമേൽ ആധികാരികതയോടെ പകർന്നാടിയിട്ടില്ല. എല്ലാ അർഥത്തിലും കണ്ടുതന്നെ ആസ്വദിക്കേണ്ട കളിയഴക്! ഇതിഹാസങ്ങൾ ഒന്നിച്ച കാലമായിരുന്നു അത്. കളിയിൽ അതു പ്രതിഫലിച്ചത് സ്വാഭാവികം.
മൊഞ്ചുള്ള കളിയെ ബ്രസീൽ അവതരിപ്പിച്ചു തുടങ്ങിയ കാലത്ത് കളത്തിൽ തേരുതെളിച്ച മരിയോ സഗാലോ ആശാനായി വന്നതും തകർപ്പൻ ഗെയിമിന് ആക്കംകൂട്ടി. മുന്നണിയിൽ മിന്നിത്തിളങ്ങാൻ പഞ്ചനക്ഷത്രങ്ങൾ അണിനിരന്നൊരു ടീം... ഒന്നിനൊന്ന് കേമന്മാരായ ജഴ്സിന്യോ, പെലെ, ജേഴ്സൺ, ടോസ്റ്റാവോ, റിവെലിനോ. അഞ്ചുപേരും കൂടി ചേരുമ്പോൾ കളത്തിൽ പിടിച്ചുകെട്ടാനാവാത്ത യാഗാശ്വമായിരുന്നു ബ്രസീൽ. ഇവർക്ക് സഹായമായി തൊട്ടുപിന്നിൽ െക്ലാഡോൾഡോയും. പിന്നണിയിൽ നായകൻ കാർലോസ് ആൽബർട്ടോക്കൊപ്പം പിയാസോയും ബ്രിറ്റോയും എവറാൾഡോയും. ക്രോസ്ബാറിനു കീഴെ ഫെലിക്സും. ആക്രമിക്കാമെന്ന കണക്കുകൂട്ടലിലെത്തുന്ന ഏത് എതിരാളികളും അന്തിച്ചുപോവുന്നതിൽ അതിശയമില്ലായിരുന്നു.
ആക്രമണ-പ്രതിരോധ സന്തുലിതത്വത്തിൽ 1958, 62 ടീമുകൾക്ക് സമാനമോ അവരെക്കാൾ മുന്നിലോ ആയിരുന്നു 70ലെ ബ്രസീൽ. ഇറ്റലിക്കെതിരെ എട്ടുപേർ 'ചിത്രം വരച്ച്' നേടിയ ഗോൾപോലെ പല അതിശയങ്ങളെയും കോർത്തിണക്കിയ പടപ്പുറപ്പാടായിരുന്നു അവരുടേത്. സെൻട്രൽ ഡിഫൻസിൽനിന്ന് ബ്രിറ്റോ വരെ മുന്നേറ്റങ്ങൾക്ക് അതിരറ്റ പിന്തുണ നൽകി. ക്രിയേറ്റിവ് കളിക്കാരുടെ ലക്ഷണമൊത്ത വിന്യാസത്താൽ തുടക്കം മുതൽ ബ്രസീൽ കളി തങ്ങളുടെ വരുതിയിൽ നിർത്തിയപ്പോൾ ഫൈനലിലടക്കം, ആ ലോകകപ്പിൽ ബ്രസീലിന് വമ്പൻ ജയങ്ങളുടെ പകിട്ടായിരുന്നു കൂട്ട്. ഭൂഗോളത്തിലെ ഏറ്റവും മഹത്തായ ഫുട്ബാൾ സംസ്കാരം തങ്ങളുടേതാണെന്ന് അവർ അടിവരയിട്ടു. ഇക്കുറി, അമ്പരപ്പിക്കുന്ന രീതിയിൽ െഫ്ലക്സിബ്ൾ ആയ 4-2-3-1 ശൈലിയിൽ അവർ സൃഷ്ടിപരതയുടെ ഔന്നത്യത്തിൽ വിരാജിച്ചു.
കളിയുടെ ചക്രവർത്തിപദത്തിൽ പെലെയുടെ പട്ടാഭിഷേകം കൂടിയായിരുന്നു മെക്സികോയിൽ. ആക്രമണങ്ങളുടെ നെടുനായകത്വം അയാളിലായിരുന്നു. ടൂർണമെൻറിൽ ബ്രസീൽ നേടിയ 19 ഗോളിൽ 14ലും അയാളുടെ കൈയൊപ്പുണ്ടായിരുന്നു. ഗോളടിച്ചും അടിപ്പിച്ചും പെലെ നിറഞ്ഞാടി. സൂപ്പർലേറ്റിവ് സ്കില്ലുകളുടെ ധാരാളിത്തത്തിൽ മെക്സികോയിലെ തന്റെ ചുവടുകൾ പെലെ രാജകീയമാക്കി. പെലെയെന്ന ഓർക്കസ്ട്രേറ്ററുടെ നായകത്വത്തിൽ മുന്നൊരുക്കങ്ങളില്ലാതെ പാടിത്തിമിർക്കാൻ കഴിയുന്ന ജീനിയസുകൾ ഒത്തൊരുമിച്ചുചേർന്ന ശ്രുതിമധുരമായ ഈണമായാണ് ആ ലോകകപ്പും അതിെൻറ ഒടുക്കവുമെല്ലാം ലോകം ഇന്നും ഹൃദ്യമായി നെഞ്ചേറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.