ലോകകപ്പ് സമ്മാനദാനത്തിനിടെ വനിത താരത്തിന്റെ ചുണ്ടിൽ ചുംബിച്ച സംഭവം: മാപ്പ് പറഞ്ഞ് ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ്

സിഡ്‌നി: ​സ്​പെയിൻ വനിത ടീം ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ നടന്ന സമ്മാനദാന ചടങ്ങിനിടെ മുന്നേറ്റ താരം ജെന്നി ഹെർമോസോയുടെ ചുണ്ടിൽ ചുംബിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് സ്പാനിഷ് ഫുട്‌ബാൾ ഫെഡറേഷൻ തലവൻ ലൂയിസ് റുബിയേൽസ്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ഉപ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ റുബിയേൽസിനെതിരെ രംഗത്ത് വരുകയും ചെയ്തതോടെയാണ് നേരത്തെ തന്റെ പ്രവൃത്തിയെ ന്യായീകരിച്ച പ്രസിഡന്റ് മാപ്പപേക്ഷയുമായി എത്തിയത്. ‘തീർച്ചയായും എനിക്ക് തെറ്റുപറ്റി, അത് ഞാൻ അംഗീകരിക്കുന്നു. വലിയ ആവേശമുണ്ടായപ്പോൾ മോശം ഉദ്ദേശ്യത്തോടെയല്ലാതെ ചെയ്തതാണത്’, ഫെഡറേഷൻ പുറത്തിറക്കിയ വിഡിയോയിൽ റുബിയേൽസ് പറഞ്ഞു.

ഞായറാഴ്ച രാത്രി ആസ്‌ട്രേലിയയിലെ സിഡ്‌നി സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട്-സ്‌പെയിൻ കലാശപ്പോരിൽ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച് സ്‌പെയിൻ ജേതാക്കളായിരുന്നു. സമ്മാനദാന ചടങ്ങിലായിരുന്നു അപ്രതീക്ഷിത സംഭവം. സ്പാനിഷ് താരങ്ങൾ പോഡിയത്തിലെത്തി കിരീടം ഏറ്റുവാങ്ങിയ ശേഷം ലൂയിസ് റുബിയേൽസ് ഹെർമോസോയുടെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ അദ്ദേഹത്തിന്റെ നടപടി ഇഷ്ടപ്പെട്ടില്ലെന്ന് ഹെർമോസോ ലൈവ് വിഡിയോയിൽ തുറന്നുപറഞ്ഞിരുന്നു. എന്നാൽ, വൈകീട്ടോടെ താരം നിലപാട് മയപ്പെടുത്തി. ആ സന്തോഷനിമിഷത്തിൽ യാദൃച്ഛികമായി സംഭവിച്ചതാണെന്നും പരസ്പരസമ്മതത്തോടെയാണെന്നും അവർ വിശദീകരിച്ചു. ‘ഒരു ലോകകപ്പ് കിരീടനേട്ടമുണ്ടാക്കുന്ന അതീവ സന്തോഷനിമിഷത്തിൽ സംഭവിച്ച യാദൃച്ഛികവും പരസ്പര സമ്മതത്തോടെയുള്ളതുമായ ഇടപെടലായിരുന്നു അത്. പ്രസിഡന്റും ഞാനും തമ്മിൽ നല്ല ബന്ധമാണ്. ഞങ്ങളോടെല്ലാം വളരെ നല്ല രീതിയിലാണ് അദ്ദേഹം പെരുമാറുന്നത്. അതൊരു സ്വാഭാവികമായ സ്‌നേഹപ്രകടനമായിരുന്നു’, ഹെർമോസോ വിശദീകരിച്ചു. സൗഹൃദത്തിന്റെയും കടപ്പാടിന്റെയും പ്രകടനം ഇത്രയും ചർച്ച ചെയ്യേണ്ടതില്ലെന്നും ഹെർമോസോ പറഞ്ഞു. ഞങ്ങളിപ്പോൾ ഒരു ലോകകപ്പാണ് സ്വന്തമാക്കിയിട്ടുള്ളത്. അതാണ് പ്രധാന കാര്യം. അതിൽനിന്ന് ശ്രദ്ധതിരിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

സംഭവത്തിൽ വിമർശനവുമായെത്തിയ സ്​പെയിനിലെ ഉപപ്രധാനമന്ത്രി, ഫെഡറേഷൻ പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മന്ത്രി ഐറിൻ മൊണ്ടേരൊ അടക്കമുള്ളവരും റുബിയേൽസിനെതിരെ രംഗത്തെത്തിയിരുന്നു. ‘ഞങ്ങൾ സ്ത്രീകൾ ദിവസവും അനുഭവിക്കുന്ന ലൈംഗികാതിക്രമത്തിന്റെ ഒരു രൂപമാണിത്. ഇതിനെ ഒരു സാധാരണ സംഭവമായി കാണാനാവില്ല’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, സംഭവത്തെ വിവാദമാക്കിയവരെ വിഡ്ഢികളെന്നാണ് റുബിയേൽസ് വിശേഷിപ്പിച്ചിരുന്നത്. ജെന്നിയെ ചുംബിച്ചതാണോ പ്രശ്‌നം? ഒരു ആഘോഷത്തിനിടെ രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള ചുംബനമായിരുന്നു അത്. ഇത്തരം വിഡ്ഢികളായ മനുഷ്യരെ അവഗണിക്കണമെന്നും നല്ല കാര്യങ്ങൾ ആഘോഷിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

മുൻ ബാഴ്‌സലോണ താരമായ ജെന്നി ഹെർമോസോ അവർക്ക് വേണ്ടിയും സ്​പെയിനിന് വേണ്ടിയും ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ്. നിലവിൽ മെക്‌സിക്കൻ ഫുട്‌ബാൾ ലീഗായ ലിഗ എം.എക്‌സ് ഫെമെനിലിൽ സി.എഫ് പചൂകക്ക് വേണ്ടിയാണ് കളിക്കുന്നത്. 

Tags:    
News Summary - The incident of kissing a female player on the lips during the World Cup award ceremony: Football Federation President apologized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.