കൊച്ചി: അനുമതിയില്ലെന്നാരോപിച്ച് കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ ഫുട്ബാൾ ടീമിന്‍റെ സെലക്ഷൻ ട്രയൽസ് ജില്ല സ്പോർട്സ് കൗൺസിൽ തടഞ്ഞു. സംഭവം വിവാദമായതോടെ വകുപ്പ് മന്ത്രി ഇടപെട്ട്, ട്രയൽസ് നടക്കുന്ന കൊച്ചിയിലെ സ്കൂളിന്‍റെ ഗേറ്റ് തുറന്നുനൽകി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നിർദേശപ്രകാരമാണ് ഗേറ്റ് പൂട്ടിയതെന്നാണ് ആരോപണം. ഗേറ്റ് പൂട്ടിയതോടെ ട്രയൽസിൽ പങ്കെടുക്കാനെത്തിയ നൂറോളം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുമണിക്കൂറോളമാണ് ഗേറ്റിനുപുറത്ത് കാത്തിരിക്കേണ്ടിവന്നത്. ഇതോടെ പ്രതിഷേധവുമായി കുട്ടികളുടെ രക്ഷിതാക്കളും രംഗത്തെത്തി.
പനമ്പിള്ളി നഗറിലെ സ്പോർട്സ് അക്കാദമിയിലെ ഗ്രൗണ്ടിലാണ് വിവാദസംഭവങ്ങൾ അരങ്ങേറിയത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ അണ്ടർ 17 ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് സ്കൂൾ ഗ്രൗണ്ടിൽ തിങ്കളാഴ്ച രാവിലെയാണ് തീരുമാനിച്ചിരുന്നത്. രാവിലെ എത്തിയ കുട്ടികളും രക്ഷിതാക്കളും ഗേറ്റ് അടച്ചിട്ടിരിക്കുന്നതുകണ്ട് നടത്തിയ അന്വേഷണത്തിലാണ് ജില്ല സ്പോർട്സ് കൗൺസിലിന് വാടക നൽകിയിട്ടില്ലെന്ന് ആരോപിച്ച് പ്രസിഡന്‍റ് കൂടിയായ എം.എൽ.എ ഗേറ്റ് പൂട്ടിയെന്ന മറുപടി ലഭിച്ചത്. എട്ടു മാസത്തെ വാടകയായി എട്ടുലക്ഷം രൂപയുണ്ടെന്ന വിശദീകരണവുമെത്തി.
എന്നാൽ, വാടക കൃത്യമായി നൽകിയിട്ടുണ്ടെന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അധികൃതരുടെ വിശദീകരണം. സംസ്ഥാന സ്പോർട്സ് കൗൺസിലുമായാണ് തങ്ങളുടെ കരാറെന്നും വാടക കൃത്യമായി സംസ്ഥാന സ്പോർട്സ് കൗൺസിലിന് നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഇതേസമയംതന്നെ ജില്ല സ്പോർട്സ് കൗൺസിലിന്‍റെ നടപടി തള്ളി സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് യു. ഷറഫലിയും രംഗത്തുവന്നു. വാടക കുടിശ്ശികയില്ലെന്നും ഗ്രൗണ്ട് പൂട്ടിയതിന്‍റെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ജില്ല സ്പോർട്സ് കൗൺസിൽ അധികൃതരും പ്രതിരോധത്തിലായി. ഇതിനിടെയാണ് കായിക വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ ഇടപെട്ട് ഗേറ്റ് തുറന്നുനൽകാൻ നിർദേശിച്ചത്.
ജില്ല സ്പോർട്സ് കൗൺസിലും സംസ്ഥാന സ്പോർട്സ് കൗൺസിലും തമ്മിൽ നിലനിൽക്കുന്ന ശീതസമരമാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് സൂചന. പനമ്പിള്ളി നഗറിലെ ഗ്രൗണ്ട് അടക്കമുള്ളവ ജില്ല സ്പോർട്സ് കൗൺസിലിന്‍റെ കീഴിലാണെന്നും പരിപാടികൾക്ക് തങ്ങളുടെ അനുമതിയാണ് വേണ്ടതെന്നും പി.വി. ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. സെലക്ഷൻ ട്രയൽസ് നടത്തുമെന്ന അറിയിപ്പും കേരള ബ്ലാസ്റ്റേഴ്സ് തങ്ങൾക്ക് നൽകിയിട്ടില്ല. കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് എട്ടുലക്ഷം രൂപ വാടക കുടിശ്ശികയും നൽകാനുണ്ട്. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് കാര്യങ്ങൾ പഠിക്കാതെയാണ് പ്രതികരിക്കുന്നതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.