മയാമി: സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ട അസിസ്റ്റിൽ 2022ലെ എം.എൽ.എസ് കപ്പ് ചാമ്പ്യന്മാരെയും വീഴ്ത്തി ഇന്റർ മയാമി. മേജർ ലീഗ് സോക്കറിൽ ലോസ് ഏഞ്ചൽസ് എഫ്.സിയെ (എൽ.എ.എഫ്.സി) ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മെസ്സിയും സംഘവും തകർത്തുവിട്ടത്. മയാമിക്കായി ഫകുണ്ടോ ഫാരിയസ്, ജോർഡി ആൽബ, ലിയനാഡോ കംപാന എന്നിവരാണ് ഗോളടിച്ചത്. റ്യാൻ ഹോളിങ്സ് ഹെഡിന്റെ വകയായിരുന്നു എൽ.എ.എഫ്.സിയുടെ ആശ്വാസ ഗോൾ. വിജയത്തോടെ തുടർച്ചയായ 11 മത്സരങ്ങളിൽ തോൽവിയറിഞ്ഞില്ലെന്ന നേട്ടം ഇന്റർ മയാമി സ്വന്തമാക്കി. മെസ്സിയുടെ വരവിന് ശേഷം തുടർച്ചയായ ഒമ്പത് മത്സരങ്ങളിൽ വിജയിച്ച ഇന്റർ മയാമി കഴിഞ്ഞ മത്സരത്തിൽ നാഷ് വില്ലെക്കെതിരെ സമനില വഴങ്ങിയിരുന്നു.
14ാം മിനിറ്റിലാണ് ഫകുണ്ടോ ഫാരിയസ് മയാമിയുടെ അക്കൗണ്ട് തുറന്നത്. ആദ്യ പകുതിയിൽ കളം ഭരിച്ചത് എൽ.എ.എഫ്.സി ആയിരുന്നെങ്കിലും ഗോൾ നേടാൻ മാത്രം കഴിഞ്ഞില്ല. ഡെനിസ് ബുവാങ്ക നിരവധി അവസരങ്ങളാണ് തുലച്ചുകളഞ്ഞത്. 38ാം മിനിറ്റിൽ മെസ്സി ഗോളിനടുത്തെത്തിയെങ്കിലും ഇടങ്കാലൻ ഷോട്ട് ഗോൾ കീപ്പർ തട്ടിത്തെറിപ്പിച്ചു. രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റ് പിന്നിട്ടപ്പോഴേക്കും മെസ്സിയുടെ മനോഹര പാസിൽ ജോർഡി ആൽബ ലീഡ് ഇരട്ടിയാക്കി. കളി അവസാനിക്കാൻ ഏഴ് മിനിറ്റ് ശേഷിക്കെ വീണ്ടും മെസ്സി അവതരിച്ചു. ഇത്തവണ ലിയനാഡോ കംപാനക്കായിരുന്നു പന്ത് വലയിലെത്തിക്കേണ്ട ചുമതല. താരം പിഴവില്ലാതെ അത് പൂർത്തിയാക്കുകയും ചെയ്തു. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിലാണ് എൽ.എ.എഫ്.സിയുടെ ആശ്വാസ ഗോൾ പിറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.