ഇനി ‘കത്രികപ്പൂട്ടുകൾ’ പൊട്ടിത്തകരും കാലം; ഫുട്ബാളിനെ അടിമുടി മാറ്റിമറിക്കാൻ ഓഫ്സൈഡ് നിയമത്തിൽ മാറ്റം വരുന്നു

സൂറിച്ച്: ഇടതടവില്ലാതൊഴുകുന്ന ആക്രമണങ്ങളും ആവേശനിമിഷങ്ങൾക്കിടെ പിറക്കുന്ന മനോഹര ഗോളുകളുമൊക്കെയാണ് കാൽപന്തുകളിയെ ആരാധകർക്ക് അത്രയേറെ പ്രിയതരമാക്കുന്നത്. നിമിഷാർധങ്ങളുടെ നേരിയ സാധ്യതകളിൽ എതിർപ്രതിരോധത്തിന്റെ കണ്ണുവെട്ടിച്ച് തൊടുക്കുന്ന ചാട്ടുളികളാൽ വലക്കണ്ണികൾ പ്രകമ്പനം കൊള്ളുന്നതാണ് കളിയുടെ ആഘോഷനിമിഷങ്ങൾ. ഗോളുകളിലേക്കുള്ള മുന്നേറ്റതാരങ്ങളുടെ ചടുലചലനങ്ങളെ ഓഫ്സൈഡ് കെണിയിൽ കു​രുക്കിയാണ് പ്രതിരോധനിരക്കാർ ഗോളെന്നുറച്ച പല നീക്കങ്ങൾക്കും ഫലപ്രദമായി തടയിടുന്നത്. എന്നാൽ, ആ കണക്കുകൂട്ടലുകൾ ഇനി പഴയതു​പോലെ പുലർന്നുകൊള്ളണമെന്നില്ല. മുന്നേറ്റങ്ങൾക്കിടയിലെ ഏറ്റവും വലിയ ‘രസംകൊല്ലി’യായ ഓഫ്സൈഡ് നിയമം പരിഷ്‍കരിക്കാനൊരുങ്ങുകയാണ് ആഗോള ഫുട്ബാൾ സംഘടനയായ ഫിഫ.

ഫുട്ബാളിലെ വിവാദ വിഷയങ്ങളിലൊന്നായ ഓഫ്‌സൈഡ് നിയമത്തിൽ മുന്നേറ്റനിരക്കാർക്ക് അനുഗുണമാവുന്ന രീതിയിലാണ് പരിഷ്കാരങ്ങൾ ആലോചിക്കുന്നത്. ഇതോടെ കൂടുതൽ ഗോൾ പിറക്കുകയും കളി കൂടുതൽ ആവേശകരവും ആകർഷകവുമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഫിഫയും ഇന്റർനാഷനൽ ഫുട്ബാൾ അസോസിയേഷൻ ബോർഡും (ഐ.എഫ്.എ.ബി) നടത്തിയ ചർച്ചയെ തുടർന്നാണ് ഓഫ്സൈഡ് നിയമം പരിഷ്‍കരിക്കാൻ തീരുമാനിച്ചത്. ഫിഫ ഡെവലപ്‌മെന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന മുൻ ആഴ്‌സനൽ മാനേജർ ആഴ്‌സൻ വെങ്ങറാണ് പുതിയ പരിഷ്‌കാരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ആക്രമണാത്മക ഫുട്ബാളിന് ആക്കം കൂട്ടാനുള്ള നടപടികൾ സ്വീകരിക്കാൻ വെങ്ങറോട് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ആവശ്യപ്പെടുകയായിരുന്നു. ഓഫ്സൈഡ് നിയമത്തിൽ മാറ്റം വരുത്തുന്ന​തോടെ അറ്റാക്കിങ് ഫുട്ബാളിന് അത് ഗുണകരമാകുമെന്ന നിരീക്ഷണത്തിൽ വെങ്ങറും സംഘവും അതിന് മു​ൻഗണന നൽകുകയായിരുന്നു. ഓഫ്സൈഡ് വിളികൾ പകുതിയായെങ്കിലും കുറക്കണമെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട ഒരു പഠനത്തിൽ നിർദേശിച്ചതും വെങ്ങറുടെ ചിന്തകൾക്ക് കരുത്തുപകർന്നു.


പുതിയ നിയമം അനുസരിച്ച് ലൈനിന് പുറത്തുള്ള കളിക്കാരൻ ഓഫ്സൈഡ് അല്ല

മാറ്റം ഇങ്ങനെ.....

നിലവിൽ ഗോൾ തേടി എതിർഗോൾമുഖത്തെത്തുന്ന സ്ട്രൈക്കറുടെ ഏതെങ്കിലും ഒരു ശരീരഭാഗം അവസാന ഡിഫൻഡറെ മറികടന്നാൽ ഓഫ്സൈഡ് ആയാണ് പരിഗണിക്കുന്നത്. ഈ നിയമമാണ് ഫിഫ ഭേദഗതി ചെയ്യുന്നത്. പുതിയ ഓഫ്സൈഡ് നിയമമനുസരിച്ച് ഒരു കളിക്കാരന്റെ ശരീരത്തിന്റെ മുഴുവൻ ഭാഗവും ഡിഫൻസീവ് ലൈനിനെയോ അവസാന ഡിഫൻഡറേയോ മറികടന്നാൽ മാത്രമേ ഓഫ്‌സൈഡായി കണക്കാക്കൂ. മുന്നേറ്റ താരത്തിന്റെ കാൽപാദം മാത്രം ഡിഫൻസിവ് ലൈനിനു പിന്നിലും ബാക്കി ഭാഗങ്ങൾ മുന്നിലുമാണെങ്കിൽ നേരത്തെ ഓഫ്‌സൈഡ് ആയിരുന്നു. പുതിയ നിയമപ്രകാരം അത് ഓഫ്‌സൈഡായി കണക്കാക്കില്ല. കാൽമുട്ടോ തോളോ മാത്രം മുന്നിലാണെങ്കിലും ഇനി ഓഫ്സൈഡ് ഉണ്ടാകില്ല. സ്ട്രൈക്കർമാർക്ക് സ്കോറിങ്ങിന് ഏറെ സഹായകമാകുന്ന ഈ മാറ്റം പ്രതിരോധനിരക്കാർക്ക് പിടിപ്പതു പണിയൊരുക്കുമെന്നുറപ്പ്. എതിർ മുന്നേറ്റക്കാരനെ ഓഫ്സൈഡ് ട്രാപ്പിൽ കുടുക്കാനുള്ള തന്ത്രങ്ങൾ അണുവിട പിഴച്ചാൽ ഗോൾ വഴ​ങ്ങേണ്ടി വരികയായിരിക്കും ഫലം.

പുതിയ നിയമങ്ങൾ ഒന്നോ രണ്ടോ രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നടപ്പാക്കും. വിജയമെന്നുകണ്ടാൽ മാറ്റവുമായി മുന്നോട്ടുപോകും. പരീക്ഷണം ഉടൻ തുടങ്ങുമെന്ന് ഇൻഫാന്റിനോ വ്യക്തമാക്കി. അതേസമയം, തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കായികപ്രേമികൾ രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - The revolution of the new offside rule, spearheaded by Arsene Wenger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.