ഐ.പി.എല്ലിൽ സഞ്ജു വി സാംസണിൻെറ മേൽകൂര കടക്കുന്ന സിക്സറുകളും ദേവദത്ത് പടിക്കലിൻെറ ക്ലാസിക് ഷോട്ടുകളും കണ്ണിമവെട്ടാതെ കണ്ട് ആർത്തുല്ലസിച്ചവരാണ് മലയാളികൾ. കുട്ടിക്രിക്കറ്റിൻെറ പെരുന്നാളായ ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചതിനു പിന്നാലെ എത്തിയ ഇന്ത്യൻ സൂപ്പർ ലീഗിലും ഒരു പിടി മലയാളികളുണ്ട്. അവരുടെ സ്കില്ലുകൾക്കായും ഗോളുകൾക്കായും കാത്തിരിക്കുകയാണ് ആരാധകർ.
15 മലയാളി താരങ്ങളാണ് അഞ്ചു ടീമുകളിലായി ഇന്ത്യൻ സൂപ്പർ ലീഗിൻെറ ഏഴാ സീസണിൽ കളിക്കുന്നത്. അതിൽ അഞ്ചുപേരും മലയാളികളുടെ ഇഷ്ടക്ലബായ കേരള ബ്ലാസ്റ്റേഴ്സിലാണ്.
ഇന്ത്യൻ എമേർജിങ് താരം സഹൽ അബ്ദുൽ സമദ്, അണ്ടർ 17 ലോകകപ്പ് കളിച്ച കെ.പി.രാഹുൽ, വിങ്ങർ കെ പ്രശാന്ത്, സെൻറർ ബാക്ക് അബ്ദുൽ ഹക്കു മിഡ്ഫീൽഡർ അർജുൻ ജയരാജ് എന്നിവരാണ് മഞ്ഞ ജഴ്സിയിൽ കളിക്കുന്നത്. ഇവരിൽ സഹലും കെ.പി രാഹുലും പ്രശാന്തു ഹക്കുവും കഴിഞ്ഞ സീസണുകളിലും മലയാള ടീമിനൊപ്പം ഉണ്ടായിരുന്നു. അർജുൻ ജയരാജാകട്ടെ ആദ്യമായാണ് ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്.
കൊൽക്കത്ത വമ്പന്മാരിൽ രണ്ടു ടീമുകളിലും മലയാളി സാന്നിധ്യമുണ്ട്. ഈസ്റ്റ് ബംഗാളിൽ മൂന്ന് മലയാളി താരങ്ങളാണ് ബൂട്ടണിയുന്നത്. മുൻ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന മുന്നേറ്റനിരക്കാരൻ സി.െക.വിനീതും ഗോളി മിർഷാദ് മിച്ചുവും പ്രതിരോധത്തിലെ വമ്പൻ മുഹമ്മദ് ഇർഷാദും. എ.ടി.കെ മോഹൻ ബഗാനിൽ സ്ട്രൈക്കർ ജോബി ജസ്റ്റിനാണുള്ളത്. ജസ്റ്റിൻ പരിക്കു കാരണം ഈ സീസണിൽ കളിക്കാൻ സാധ്യത കുറവാണ്.
വടക്കുകിഴക്കൻ പടക്കുതിരകളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലും ബംഗളൂരു എഫ്.സിയിലും മൂന്ന് മലയാളി താരങ്ങൾ വീതമുണ്ട്. മുൻ മോഹൻ ബഗാൻ താരങ്ങളായ വി.പി.സുഹൈറും പി.എം.ബ്രിട്ടോയും മുൻ ചെന്നൈ സിറ്റി താരം മഷൂർ ഷെരീഫുമാണ് വടക്കൻ ടീമിലുള്ളത്.
സീസണിലെ ഫേവറിറ്റുകളായ ബെംഗളൂരു എഫ്.സിയിൽ ഇന്ത്യൻ വിങ്ങർ ആഷിഖ് കുരുണിയനും യുവതാരം ലിയോൺ അഗസ്റ്റിനും ഗോളി ഷാരോണുമുണ്ട്. ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കൈവിട്ട ഗോളി ടി.പി.രഹനേഷ് ഇക്കുറി ജംഷഡ്പുരിലാണ്.
ഏതു ടീമിലായാലും മലയാളി താരങ്ങൾ ഗോളടിച്ചും അടിപ്പിച്ചും തിളങ്ങട്ടെയെന്നാണ് മലയാള ആരാധകരുടെ പ്രാർഥന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.