പാരിസ്: ലോകകപ്പിന് മുന്നോടിയായി തുനീഷ്യക്കെതിരെ നടന്ന സന്നാഹ മത്സരത്തിൽ ബ്രസീൽ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ മിന്നുന്ന ജയമാണ് സ്വന്തമാക്കിയത്. എന്നാൽ, ആ മത്സരത്തിനുശേഷം ബ്രസീൽ കോച്ച് ടിറ്റെ രോഷാകുലനായിരുന്നു. കളത്തിൽ സ്വന്തം ടീമിന്റെ പിഴവുകളോ പാളിച്ചകളോ ആയിരുന്നില്ല ടിറ്റെയെ അസ്വസ്ഥനാക്കിയത്. എതിരാളികളായ തുനീഷ്യ കളിയെ സമീപിച്ച രീതിയാണ് ബ്രസീൽ കോച്ചിനെ ചൊടിപ്പിച്ചത്.
പാർക് ഡി പ്രിൻസസിൽ നടന്ന സൗഹൃദ മത്സരത്തിൽ 'സൗഹൃദം' പക്ഷേ, വളരെ കുറവായിരുന്നു. കളിയുടെ തുടക്കം മുതൽ കടുത്ത ഫൗളുകളുമായാണ് മത്സരം പുരോഗമിച്ചത്. ഗാലറിയിൽ സിംഹഭാഗവും തുനീഷ്യൻ കാണികളായതിനാൽ തോൽക്കാതിരിക്കാൻ ആഫ്രിക്കൻ നിര ഏതടവും പുറത്തെടുക്കാൻ ഒരുങ്ങിയതോടെ മത്സരം വാശിയേറിയതായി.
ഇതിനിടയിൽ ബ്രസീലിന്റെ സൂപ്പർ താരം നെയ്മറിനെ ലാക്കാക്കി തുനീഷ്യൻ കളിക്കാർ പരുക്കനടവുകൾ പുറത്തെടുത്തതോടെയാണ് ടിറ്റെ ക്രുദ്ധനായത്. നെയ്മറിനെ കടുത്ത രീതിയിൽ ഫൗൾ ചെയ്തതിന് ഒരു തുനീഷ്യൻ താരം 42-ാം മിനിറ്റിൽ ചുകപ്പുകാർഡ് കണ്ട് പുറത്തുപോയിരുന്നു. ലോകകപ്പിൽനിന്ന് നെയ്മറെ പുറത്താക്കുകയെന്ന ഉദ്ദേശ്യത്തോടെ തങ്ങളുടെ സ്റ്റാർ കളിക്കാരനെതിരെ തുനീഷ്യൻ കളിക്കാർ മനഃപൂർവം കടുത്ത ഫൗളുകൾ പ്രയോഗിക്കുകയായിരുന്നുവെന്നാണ് ടിറ്റെയുടെ ആരോപണം.
'മൈതാനത്ത് കളി കടുത്തതായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ, ഇതുപോലൊരു സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ല. നെയ്മറിന് സംഭവിച്ചത് നോക്കുക. ഒരു കളിക്കാരനെ ലോകകപ്പിന് പുറത്തുനിർത്താനുള്ള ശ്രമമായിരുന്നു അത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ...എനിക്ക് സങ്കൽപിക്കാൻ പോലും കഴിയുന്നില്ല' -ടിറ്റെ പറഞ്ഞു. സത്യസന്ധമായി പറഞ്ഞാൽ, മത്സരത്തിലെ പലതും തന്നെ വ്യാകുലപ്പെടുത്തിയതായി നെയ്മറും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.