മാഡ്രിഡ്: 'ഫുട്ബാൾ പ്രവചനാതീതമാണ്, അത്തരമൊരു കളിയാണത്. നമ്മൾ അത് അംഗീകരിക്കണം' -യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ തോൽവിക്കുശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ കോച്ച് പെപ് ഗാർഡിയോള പറഞ്ഞ വാക്കുകളാണിത്. അക്ഷരാർത്ഥത്തിൽ ഈ വാക്കുകളെ അന്വർത്ഥമാക്കുന്ന വിധത്തിലുള്ള മത്സരം തന്നെയായിരുന്നു ബുധനാഴ്ച മാഡ്രിഡിലെ സാന്റിയാഗോ ബർനെബുവിൽ അരങ്ങേറിയത്.
സെമിഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മഡ്രിഡിനെ 4-3നാണ് കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായിട്ടാണ് സ്പെയിനിലേക്ക് ഗാർഡിയോളയും കൂട്ടരും വരുന്നത്. രണ്ടാം പാദത്തിന്റെ 90 മിനിറ്റ് വരെയും സിറ്റി ഫൈനൽ പ്രവേശം ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ, കൈവിട്ടുപോയ മത്സരം ഇഞ്ചുറി ടൈമിൽ തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മാർച്ച് ചെയ്തു.
മാഞ്ചസ്റ്റർ സിറ്റിയെ 3-1ന് തോൽപിച്ചാണ് കാർലോ ആൻസലോട്ടിയുടെ സംഘം കലാശപ്പോരിന് അർഹത നേടിയത്. 90 മിനിറ്റ് പിന്നിടുമ്പോൾ ഒരു ഗോളിന് പിന്നിലായിരുന്ന റയൽ ഇഞ്ചുറി ടൈമിൽ റോഡ്രിഗോയിലൂടെ രണ്ടു ഗോൾ മടക്കി കളി എക്സ്ട്രാ ടൈമിലേക്ക് നീട്ടി. എക്സ്ട്രാ ടൈമിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കരീം ബെൻസെമ വിജയം സമ്മാനിക്കുകയായിരുന്നു.
രണ്ടാം പാദത്തിന്റെ ഭൂരിഭാഗം സമയവും സിറ്റിയാണ് മൈതാനത്ത് ആധിപത്യം പുലർത്തിയത്. 73-ാം മിനിറ്റിൽ മെഹ്‌റസിന്റെ വകയായിരുന്നു ഗോൾ. ഇതോടെ അഗ്രിഗേറ്റിൽ 5-3ന് മുന്നിലെത്തി. എന്നാൽ, 85-ാം മിനുറ്റിൽ മെഹ്‌റസിനെ പിൻവലിക്കാനുള്ള കോച്ച് പെപ് ഗർഡിയോളയുടെ തീരുമാനം ഇംഗ്ലീഷുകാർക്ക് തിരിച്ചടിയായി.
മറുവശത്ത് ടോണി ക്രൂസിനു പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോ ടീമിന്റെ രക്ഷകനായും മാറി. 90-ാം മിനിറ്റിൽ കരീം ബെൻസമയുടെ പാസിൽനിന്നാണ് ആദ്യം ഗോളടിച്ചത്. നിമിഷങ്ങൾക്കുള്ളിൽ ഡാനി കർവാഹലിന്റെ ക്രോസിൽനിന്ന് ഹെഡ്ഡറിലൂടെ ബ്രസീലിയൻ താരം സമനില ഗോളും നേടി.
തന്നെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി 95-ാം മിനിറ്റിൽ ബെൻസെമ ഗോളാക്കിയതോടെ റയൽ മുന്നിലെത്തി (അഗ്രിഗേറ്റ് 6-5). പിന്നീട് സമനില ഗോളിനായി സിറ്റി കിണഞ്ഞുശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മെയ് 29ന് ഫ്രാൻസിലെ യൂൾ റീമേ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ലിവർപൂളാണ് റയലിന്റെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.