മഡ്രിഡ്: എല്ലാം ഒത്തുവന്നെന്ന് കരുതിയതായിരുന്നു റയൽ മഡ്രിഡ് പ്രസിഡന്റ് േഫ്ലാറന്റീനോ പെരസ്. റയലിന്റെ തൂവെള്ളക്കുപ്പായത്തിൽ കളത്തിലിറങ്ങാൻ മോഹിച്ചുമോഹിച്ച് കിലിയൻ എംബാപ്പെ എന്ന ഫ്രഞ്ചു മുന്നേറ്റക്കാരൻ പാരിസിൽ ഉഴറി നടക്കുന്ന കാലം. ആരും കൊതിക്കുന്ന കോടിക്കണക്കിന് രൂപയുടെ കിലുക്കവുമായി പി.എസ്.ജിയുടെ വാതിലും തുറന്ന് എംബാപ്പെ പുറത്തുവരുന്നതും നോക്കി ആറ്റുനോറ്റിരുന്നതായിരുന്നു റയൽ.
എന്നാൽ, പണംകൊണ്ട് തങ്ങളെ തോൽപിക്കാനാരുണ്ടെന്ന് പെരുമ്പറ കൊട്ടുന്ന പാരിസ് സെന്റ് ജെർമെയ്ൻ ഒത്തുകിട്ടിയൊരു അർധാവസരത്തിൽ, അസാധ്യമെന്നു തോന്നിക്കുന്ന ആംഗിളിൽനിന്ന് ആങ്ങിയോങ്ങിയൊന്ന് നിറയൊഴിച്ചു. തുറന്ന വലക്കുമുന്നിൽ ഗോളെന്നുറപ്പിച്ച ഷോട്ടെടുക്കാൻ കാത്തിരുന്ന റയലിന്റെ താളം തെറ്റിച്ചൊരു ടാക്ലിങ്ങായിരുന്നു അത്. എല്ലാവരും ഫ്രഞ്ചുകാരന്റെ കൂടുമാറ്റം ഉറപ്പിച്ചിരുന്ന അവസാന ഘട്ടത്തിൽ പക്ഷേ, പണത്തിനു മുകളിൽ എംബാപ്പെയും പറക്കില്ലെന്ന സാക്ഷ്യപ്പെടുത്തലുമായി പി.എസ്.ജിയുടെ സൂപ്പർ സ്ട്രൈക്കർ പ്രഖ്യാപിച്ചു -'ഞാൻ റയലിലേക്കില്ല, പാരിസ് സെന്റ് ജെർമെയ്ന്റെ വിശ്വസ്തനായി തുടരും'. റയലും ലാ ലീഗയും മാത്രമല്ല, ലോക ഫുട്ബാൾ ഒന്നടങ്കം ഞെട്ടിത്തരിച്ചിരുന്നുപോയ പ്രഖ്യാപനം.
അതിൽപിന്നെ, റയൽ മഡ്രിഡിന് വലിയ സ്നേഹമൊന്നും എംബാപ്പെയോടില്ല. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറഞ്ഞതുപോലെയായി കാര്യങ്ങൾ. അരിശം മൂത്ത് 'റയൽ മഡ്രിഡിൽ തങ്ങൾ ആഗ്രഹിക്കുന്ന കളിക്കാരനല്ല എംബാപ്പെ' എന്നുവരെ പറഞ്ഞുവെക്കുകയാണ് പ്രസിഡന്റ് പെരസ്. 'ഈ എംബാപ്പെയെ അല്ല ഞാൻ റയലിൽ കൊണ്ടുവരാൻ ശ്രമിച്ചത്. ഈ ഇതെന്റെ എംബാപ്പെയല്ല. ഞാൻ ആഗ്രഹിച്ചത് അത് മറ്റൊരു എംബാപ്പെയെ ആയിരുന്നു.' -എൽ കിരിംഗ്വിറ്റോ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ േഫ്ലാറന്റീനോ പെരസ് പറഞ്ഞു.
'ഞാൻ റയലിലെത്തിക്കാൻ ശ്രമിച്ച എംബാപ്പെ മറ്റൊരു എംബാപ്പെയായിരുന്നു. ഇവിടെ വരാൻ നിശ്ചയിച്ചുറപ്പിച്ചിരുന്ന എംബാപ്പെ ഇപ്പോഴത്തെ എംബാപ്പെയല്ല. സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന എംബാപ്പെയെയാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. ഈ എംബാപ്പെ എന്റെ എംബാപ്പെയല്ല. ഈ എംബാപ്പെ സ്വപ്നങ്ങൾ മാറ്റിയവനാണ്. ചില വാഗ്ദാനങ്ങളുടെ പുറത്ത് തീരുമാനം മാറ്റുകയും സമ്മർദങ്ങൾക്ക് വഴങ്ങുകയും ചെയ്ത മറ്റൊരു ഫുട്ബാളറാണ്. റയൽ മഡ്രിഡിൽ ആരും ക്ലബിന് അതീതരല്ല. അവൻ മികച്ച കളിക്കാരനാണ്. മറ്റുള്ളവരേക്കാൾ കൂടുതൽ മത്സരങ്ങൾ ജയിപ്പിക്കാനും കഴിയുന്നവൻ. പക്ഷേ, ഫുട്ബാൾ കൂട്ടായ്മയുടെ കളിയാണ്. അതുകൊണ്ടുതന്നെ ഒരിക്കലും മാറ്റാൻ കഴിയാത്ത മൂല്യങ്ങളും തത്വങ്ങളും ഞങ്ങൾക്കുണ്ട്' -പെരസ് വ്യക്തമാക്കി. എന്നെങ്കിലും എംബാപ്പെ റയലിൽ കളിക്കുമോയെന്ന ചോദ്യത്തിന്, അത് 'തനിക്കറിയില്ലെ'ന്നായിരുന്നു ക്ലബ് പ്രസിഡന്റിന്റെ മറുപടി.
'റയൽ മഡ്രിഡിൽ കളിക്കുകയെന്നതായിരുന്നു അവന്റെ സ്വപ്നം. കഴിഞ്ഞ ആഗസ്റ്റിൽ ഞങ്ങൾ അതിനായി ഏറെ ശ്രമിച്ചു. എന്നാൽ, വിട്ടുനൽകാൻ അവർ തയാറായില്ല. എന്നിട്ടും റയലിൽ കളിക്കണമെന്ന് അവൻ പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ, 15 ദിവസം മാത്രം ശേഷിക്കേ, അവൻ നിലപാട് മാറ്റിക്കളഞ്ഞു' -പെരസ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.