കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻ വി. മിഥുൻ സംസാരിക്കുന്നു
സന്തോഷ് ട്രോഫിയിൽ ഫൈനൽ റൗണ്ടിലെത്തിയ കേരളത്തിന്റെ കുതിപ്പ് കിരീടനേട്ടത്തിൽ കലാശിക്കുമെന്നാണ് പ്രതീക്ഷയെന്ന് ക്യാപ്റ്റൻ വി. മിഥുൻ. ഗ്രൂപ് രണ്ടിലെ അഞ്ചിൽ അഞ്ച് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ടീം കടന്നത്. നിലവിലെ ജേതാക്കളായ കേരളത്തിന്റെ പുതുസംഘം നിരാശപ്പെടുത്തില്ലെന്നും മിഥുൻ ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ചാമ്പ്യന്മാരും ആതിഥേയരുമെന്ന സമ്മർദവും പ്രതീക്ഷഭാരവുമുണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ച് ആദ്യ റൗണ്ടിൽ മികച്ച പ്രകടനം നടത്താനായി. വിഷമിച്ച് ജയിക്കേണ്ട സാഹചര്യമുണ്ടായില്ല. മികച്ച മാർജിനിൽ ആധികാരികമായിരുന്നു ജയങ്ങൾ. 17 പുതുമുഖങ്ങളാണ് ടീമിലുള്ളത്.
രാജസ്ഥാനെതിരായ മത്സരം മുതലുള്ള ടെംപോ നിലനിർത്താനായി. എല്ലാ മത്സരങ്ങളിലും മധ്യനിരയും മുൻനിരയും അവസരത്തിനൊത്ത് ഉയർന്നപ്പോൾ ഫൻഡർമാർക്കും ഗോൾകീപ്പറെന്ന നിലയിൽ എനിക്കും കാര്യമായി പണിയെടുക്കേണ്ടി വന്നില്ല.
ഫൈനൽ റൗണ്ട് കടുപ്പമായിരിക്കും. നല്ല മത്സരം ഉറപ്പാണ്. എല്ലാ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരും മികച്ച രണ്ടാം സ്ഥാനക്കാരുമാണല്ലോ ഫൈനൽ റൗണ്ടിൽ വരുന്നത്. ഈ നിലയിൽ തുടർന്നാൽ കൂടുതൽ മുന്നേറാമെന്നും കിരീടം നിലനിർത്താമെന്നുമാണ് പ്രതീക്ഷ. ഈ ടീം നിങ്ങളെ നിരാശപ്പെടുത്തില്ല.
പരിശീലകർ രമേഷ് സാറും ബിനീഷ് സാറും ഹമീദ് സാറും ഫിസിയോയുമെല്ലാം നൽകുന്ന പിന്തുണയും പ്രോത്സാഹനവും വലുതാണ്. ഓരോരുത്തരുടെയും കാര്യങ്ങൾ അവർ ചോദിച്ച് മനസ്സിലാക്കിത്തന്നെ ചെയ്യുന്നു. രണ്ടുമാസം മുമ്പ് ദേശീയ ഗെയിംസിൽ കളിച്ച 10 പേരും ടീമിലുണ്ട് എന്നതിനാൽ ആശയവിനിമയവും പരസ്പര ധാരണയും എളുപ്പമാണ്.
കേരളത്തിനുവേണ്ടി ഇത്രയധികം മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. രണ്ടു തവണ സന്തോഷ് ട്രോഫി കിരീടം നേടാൻ കഴിഞ്ഞതാണ് ഏറ്റവും സന്തോഷകരമായ അനുഭവം. രണ്ടു പ്രാവശ്യവും ബംഗാളായിരുന്നു ഫൈനലിൽ എതിരാളി. പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിച്ചാണ് കിരീടങ്ങൾ നേടിയത്. ഗോൾ കീപ്പറെന്ന നിലയിൽ വെല്ലുവിളി നിറഞ്ഞ സമയം. ജയിച്ചപ്പോഴുണ്ടായ ആശ്വാസവും ആഹ്ലാദവും ഏറെ വലുതായിരുന്നു. ആദ്യ റൗണ്ടിൽ പുറത്തായ അനുഭവങ്ങളുമുണ്ട്.
കളി നിർത്തി പുതിയ തലമുറക്ക് വഴിമാറിക്കൊടുത്തുകൂടെ എന്ന് സമൂഹ മാധ്യമങ്ങളിൽ ചിലർ എന്നോട് ചോദിക്കുന്നുണ്ട്. ഞാൻ ആരുടെയും വഴിമുടക്കിയിട്ടില്ല. സ്റ്റേറ്റ് ബാങ്കിൽ ജോലി കിട്ടിയ ശേഷമാണ് സന്തോഷ് ട്രോഫി ടീമിലെത്തുന്നത്. ജോലി കിട്ടാൻ വേണ്ടിയല്ല സന്തോഷ് ട്രോഫി കളിച്ചത്.
ടീമിനായി പരമാവധി പരിശ്രമിച്ചിട്ടുണ്ട്. രണ്ട് കിരീട നേട്ടങ്ങളിലും ഒരു തവണ ദേശീയ ഗെയിംസ് വെള്ളി മെഡൽ നേടിയതിലും ഭാഗമായി. അത്രയും എഫർട്ട് എടുക്കുന്നതുകൊണ്ട് മാത്രമാണ് ടീമിൽ വീണ്ടും ഇടം ലഭിക്കുന്നത്. ഞാനായിട്ട് ഒരാളുടെയും അവസരം കളയില്ല.
29 വയസ്സാണ് എന്റെ പ്രായം. ഐ.എസ്.എല്ലോ ഐ ലീഗോ കളിക്കാൻ ജോലി രാജിവെക്കാതെ എനിക്ക് കഴിയില്ല. കേരളത്തിന്റെ താരമെന്ന മേൽവിലാസം വലിയ മഹത്ത്വമായി കാണുന്നു. ടീമിന് എന്നെ വേണ്ട എന്നു തോന്നുമ്പോൾ മാറ്റുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.