ന്യൂഡൽഹി: ഇന്ത്യൻ താരങ്ങളുടെ മികവിൽ ഇതാദ്യമായി ക്രൊയേഷ്യൻ വനിത ഫുട്ബാൾ കപ്പിൽ മുത്തമിട്ട് ഡൈനമോ സാഗ്രിബ്. ജ്യോതി ചൗഹാൻ, എം.കെ. കശ്മിന, കിരൺ പിസ്ദ എന്നിവരാണ് ടീമിനുവേണ്ടി കളിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ ഫൈനലിൽ ഒസിജെക്കിനെ 5-4 (നിശ്ചിത സമയത്ത് സ്കോർ 1-1) കീഴടക്കിയായിരുന്നു ഡൈനമോയുടെ കന്നിക്കിരീടധാരണം.
പകരക്കാരിയായി ഇറങ്ങി ഷൂട്ടൗട്ടിലെ അവസാന ഷോട്ട് വലയിലാക്കി കശ്മിന ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു. ക്രൊയേഷ്യൻ വനിത ഫുട്ബാൾ ലീഗിൽ 19 തവണ ചാമ്പ്യന്മാരെന്ന റെക്കോഡുമായാണ് ഒസിജെക് കളിക്കാനിറങ്ങിയത്. സീസണിലുടനീളം ശക്തമായ ഫോമിലുമായിരുന്നു അവർ.
അതുകൊണ്ടുതന്നെ ഡൈനമോയുടെ നേട്ടം, ഇന്ത്യൻ വനിത ഫുട്ബാളിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്. ഡൈനമോ സാഗ്രിബ് നിരയിൽ കഴിഞ്ഞ രണ്ട് സീസണുകളിലായി ഇന്ത്യൻ താരങ്ങൾ കളിക്കുന്നു. 2022ൽ ജ്യോതി ചൗഹാനും സൗമ്യ ഗുഗുലോത്തുമാണ് ആദ്യം ഇന്ത്യയിൽനിന്ന് ചേക്കേറിയത്. ടീമിലെത്തുന്ന ആദ്യ വിദേശ കളിക്കാരും ഇവരാണ്.
2023ൽ കശ്മിനയും കിരണും ടീമിലെത്തി. മണിപ്പൂർ സ്വദേശിയായ കശ്മിന, ടീമിനായി സെമിയിലും ഗോൾ നേടിയിരുന്നു. ക്വാർട്ടറിൽ ജ്യോതി ചൗഹാനും സ്കോർ ചെയ്തു. കഴിഞ്ഞ സീസണിലും ഡൈനമോ ഫൈനലിൽ എത്തിയെങ്കിലും സ് പ്ലിറ്റിനോട് പരാജയപ്പെട്ടു (2-3).
അതിൽ ഒരുഗോൾ ജ്യോതിയാണ് വലയിലാക്കിയത്. മധ്യപ്രദേശാണ് ജ്യോതിയുടെ സ്വദേശം. തങ്ങളുടെ ക്ലബിന്റെ ആദ്യകിരീട നേട്ടത്തിനു പുറമെ, കഴിഞ്ഞ സീസണിൽ ഫൈനലിൽ തോറ്റതിൽനിന്നുള്ള തിരിച്ചുവരവ് വിജയത്തെ സവിശേഷമാക്കുന്നുവെന്ന് ജ്യോതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.