മഞ്ചേരി: സൂപ്പർ കപ്പ് ഫൈനൽ റൗണ്ട് പോരാട്ടം അവസാന ഘട്ടത്തിലെത്തിനിൽക്കെ ഡി ഗ്രൂപ്പിൽനിന്ന് സെമി ഫൈനലിലേക്ക് യോഗ്യത നേടുന്ന ടീമിനെ ബുധനാഴ്ചയറിയാം. ഗ്രൂപ്പിലെ മൂന്ന് ടീമുകൾക്ക് സാധ്യത ഉള്ളതിനാൽ മത്സരം കടുക്കുമെന്നുറപ്പ്. ചെന്നൈയിൻ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, മുംബൈ സിറ്റി എഫ്.സി ടീമുകളാണ് സെമി സാധ്യത തേടി ഇറങ്ങുന്നത്. ഗ്രൂപ്പിൽനിന്ന് ചർച്ചിൽ ബ്രദേഴ്സ് നേരേത്ത പുറത്തായിരുന്നു.
തുല്യശക്തികളുടെ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്.സിക്ക് മുംബൈ സിറ്റിയാണ് എതിരാളികൾ. നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ചർച്ചിലിനെയും നേരിടും. ഗ്രൂപ്പിലെ നിർണായക മത്സരമായതിനാൽ പയ്യനാട്ടും കോഴിക്കോട്ടുമായി ഒരേ സമയമാണ് കളി നടക്കുക. രാത്രി 8.30ന് ആരംഭിക്കും. ചെന്നൈയിൻ-മുംബൈ മത്സരം പയ്യനാട് സ്റ്റേഡിയത്തിലും നോർത്ത് ഈസ്റ്റിന്റെ മത്സരം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലും അരങ്ങേറും.
നിലവിൽ നാല് പോയന്റുമായി ചെന്നൈ ആണ് ഗ്രൂപ്പിൽ മുന്നിൽ. നോർത്ത് ഈസ്റ്റിനും മുംബൈക്കും മൂന്ന് വീതം പോയന്റ് ഉണ്ടെങ്കിലും ഗോൾ ശരാശരിയിൽ നോർത്ത് ഈസ്റ്റാണ് രണ്ടാമത്. അവസാന മത്സരത്തിൽ ചെന്നൈക്ക് വിജയിക്കാനായാൽ ഗ്രൂപ് ചാമ്പ്യൻമാരായി അവസാന നാലിൽ ഇടംപിടിക്കാം. മുംബൈ ആണ് വിജയിക്കുന്നതെങ്കിൽ നോർത്ത് ഈസ്റ്റ്-ചർച്ചിൽ മത്സരഫലത്തെ ആശ്രയിച്ചായിരിക്കും സെമി പ്രവേശനം. നോർത്ത് ഈസ്റ്റിനെ ചർച്ചിൽ അട്ടിമറിച്ചാൽ മുംബൈക്കും ചെന്നെയിൻ എഫ്.സിക്കും കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. വിജയിക്കുന്നവർക്ക് സെമിയിലെത്താം.
ഇനി നോർത്ത് ഈസ്റ്റാണ് വിജയിക്കുന്നതെങ്കിലും മറ്റു മത്സരഫലത്തെ ആശ്രയിക്കേണ്ടിവരും. ഇരുമത്സരങ്ങളും സമനിലയിൽ അവസാനിച്ചാൽ ചെന്നൈക്ക് അഞ്ച് പോയന്റോടെ ഗ്രൂപ് ചാമ്പ്യന്മാരാകാം. എന്നാൽ, മുംബൈയുടെ പോരാട്ടം മറികടക്കാൻ ചെന്നൈക്ക് പ്രയാസപ്പെടേണ്ടിവരും. മുംബൈ-ചെന്നൈ മത്സരം സമനിലയിലും നോർത്ത് ഈസ്റ്റ് ചർച്ചിലിനെ പരാജയപ്പെടുത്തുകയും ചെയ്താൽ വടക്കു-കിഴക്കുകാർക്ക് സെമിയിൽ കളിക്കാം.
അവസാന മത്സരത്തിൽ ഹൈദരാബാദിനെ അട്ടിമറിച്ച് സെമിയിൽ കടന്ന ഒഡിഷയായിരിക്കും ഡി ഗ്രൂപ് ചാമ്പ്യന്മാരുടെ എതിരാളികൾ. മത്സരത്തിന് മുന്നോടിയായി ചെന്നൈയിൻ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ടീമുകൾ കോട്ടപ്പടി സ്റ്റേഡിയത്തിൽ പരിശീലനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.