സമനിലയിൽ കുരുങ്ങി പി.എസ്.ജി; ജയിച്ചുകയറി റയൽ, ചെൽസി, സിറ്റി, യുവന്റസ്

ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്ക് നിരാശജനകമായ സമനില. മൂന്നാം മത്സരത്തിനിറങ്ങിയ ഫ്രഞ്ച് ചാമ്പ്യന്മാർ പോർച്ചുഗലിൽനിന്നുള്ള ബെൻഫിക്കയോടാണ് ഓരോ ഗോളടിച്ച് സമനില പാലിച്ചത്. സൂപ്പർ താരം ലയണൽ മെസ്സിയിലൂടെ 22ാം മിനിറ്റിൽ മുമ്പിലെത്തിയ പി.എസ്.ജിക്ക് തിരിച്ചടിയായത് ഹാഫ് ടൈമിന് മുമ്പ് ഡാനിലോ പെരേരയുടെ സെൽഫ് ഗോളാണ്. കളിയുടെ 65 ശതമാനവും പന്ത് കൈവശം വെച്ചത് പി.എസ്.ജി ആണെങ്കിലും വിജയഗോൾ കണ്ടെത്തുന്നതിൽ മെസ്സി-എംബാപ്പെ-നെയ്മർ ത്രയം പരാജയപ്പെട്ടു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യുവന്റസ് ഒന്നിനെതിരെ മൂന്ന് ഗോളിന് മക്കാബി ഹൈഫയെ തോൽപിച്ചു. വിജയികൾക്കായി അ​ഡ്രിയാൻ റാബിയോട്ട് രണ്ടുതവണ ലക്ഷ്യം കണ്ടപ്പോൾ ദുസാൻ വ്ലാഹോവിച്ച് ഒരു ഗോൾ നേടി. ഡീൻ ഡേവിഡിന്റെ വകയായിരുന്നു മക്കാബി ഹൈഫയുടെ ഏക ഗോൾ.

ഇതോടെ ഗ്രൂപ്പ് എച്ചിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച പി.എസ്.ജിക്കും ബെൻഫിക്കക്കും ഏഴ് പോയിന്റ് വീതമായി. മൂന്ന് പോയന്റുള്ള യുവന്റസാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള മക്കാബി ഹൈഫക്ക് പോയ​ന്റൊന്നുമില്ല.

ഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗിൽ പുതിയ റെക്കോഡും മെസ്സി സ്വന്തമാക്കി. 40 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് കുറിച്ചത്. 39 ക്ലബുകൾക്കെതിരെ ഗോൾ നേടിയതോടെ തന്നെ ഏറ്റവും കൂടുതൽ ടീമുകൾക്കെതിരെ ഗോൾ നേടിയ താരമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡ് മെസ്സി സ്വന്തം പേരിലാക്കിയിരുന്നു. പി.എസ്.ജിക്ക് വേണ്ടി ആദ്യ സീസണിൽ 34 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ മാത്രമാണ് മെസ്സി നേടിയിരുന്നത്. എന്നാൽ, ഇത്തവണ 13ൽ എട്ട് ഗോളുകൾ നേടിയിട്ടുണ്ട്.

ഗ്രൂപ്പ് 'ജി'യിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത അഞ്ച് ഗോളിന് കോപ്പൻഹേഗനെ തകർത്തു. സൂപ്പർ താരം എർലിങ് ഹാലണ്ട് രണ്ട് തവണ വലകുലുക്കിയപ്പോൾ 55ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റിയാദ് മെഹറസും 76ാം മിനിറ്റിൽ ജൂലിയൻ അൽവാരസും ലക്ഷ്യം കണ്ടു. അ​വശേഷിക്കുന്ന ഗോൾ കോപ്പൻ ഹേഗൻ താരം ഡേവിറ്റ് ഖോച്ചലോവയുടെ സംഭാവനയായിരുന്നു. ഏഴ്, 32 മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഗോളുകൾ.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബൊറൂസിയ ഡോട്ട്മുണ്ട് ഒന്നിനെതിരെ നാല് ഗോളിന് സെവിയ്യയെ കീഴടക്കി. റാഫേൽ ഗൊരേരൊ, ജൂഡ് ബെല്ലിങ്ഹാം, കരീം അദേയേമി, ജൂലിയൻ ബ്രാന്റ് എന്നിവർ ജർമൻ ടീമിനായി വലകുലുക്കിയപ്പോൾ യൂസുഫ് നസ്രിയാണ് സെവിയ്യയുടെ ആശ്വാസ ഗോൾ നേടിയത്. ഗ്രൂപ്പിൽ ഒമ്പത് പോയന്റുള്ള സിറ്റിയാണ് മുന്നിൽ. ആറ് പോയന്റുമായി ബൊറൂസിയ ഡോട്ട്മുണ്ടാണ് രണ്ടാമത്. സെവിയ്യ, കോപ്പൻ ഹേഗൻ ടീമുകൾക്ക് ഓരോ പോയന്റേ നേടാനായുള്ളൂ.

ഗ്രൂപ്പ് എഫിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാ​ഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളിന് ഷാക്തറിനെ കീഴടക്കി. പതിമൂന്നാം മിനിറ്റിൽ റോഡ്രിഗോയും 28ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറുമാണ് റയലിനായി ഗോൾ നേടിയത്. ഗ്രൂപ്പിൽ ഒമ്പത് പോയന്റുമായി റയൽ തന്നെയാണ് മുന്നിൽ. ഷാക്തർ നാല് പോയന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്ന് പോയന്റുള്ള ആർ.ബി ലെയ്പ്സിഷ് മൂന്നാമതും ഒരു പോയന്റ് മാത്രമുള്ള സെൽറ്റിക് അവസാന സ്ഥാനത്തുമാണ്.

ഗ്രൂപ്പ് 'ഇ'യിൽ ചെൽസി എതിരില്ലാത്ത മൂന്ന് ഗോളിന് എ.സി മിലാനെ തോൽപിച്ചു. വെസ്‍ലി ഫൊഫാന, ഒബൂമയാങ്, റീസ് ജെയിംസ് എന്നിവരാണ് ​നീലപ്പടക്കായി ഗോളുകൾ നേടിയത്. ഗ്രൂപ്പിൽ അഞ്ച് പോയന്റുമായി ​ആർ.ബി ലെയ്പ്സിഷ് ആണ് ഒന്നാമത്. ചെൽസി, എ.സി മിലാൻ ടീമുകൾക്ക് നാല് പോയന്റ് വീതമാണുള്ളത്. മൂന്ന് പോയന്റുള്ള ഡൈനാമോ സെഗ്രിബ് അവസാന സ്ഥാനത്താണ്. 

Tags:    
News Summary - Tie for PSG; Real, Chelsea, City and Juventus win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.