പാരിസ്: സൂപ്പർ താരം ലയണൽ മെസ്സിക്ക് പി.എസ്.ജിയിൽ ഇന്ന് വിടവാങ്ങൽ മത്സരം. ക്ലെർമണ്ടിനെതിരെ പാർക് ഡേ പ്രിൻസസിലാണ് മെസ്സി ഇറങ്ങുന്നത്. ഫ്രഞ്ച് ലീഗ് വണിലെ ഈ സീസണിലെ അവസാന മത്സരം പോരാട്ടം ഇന്ത്യൻ സമയം രാത്രി 12.30നാണ്. ബാഴ്സലോണയിൽ നിന്നെത്തിയ മെസ്സി 74 മത്സരങ്ങളിൽനിന്ന് 32 ഗോളുകൾ നേടിയിട്ടുണ്ട്. മെസ്സി ഫ്രഞ്ച് മണ്ണിൽനിന്ന് വിടവാങ്ങുമെന്നുറപ്പായതോടെ പുതിയ ക്ലബ് ഏതാണെന്ന അഭ്യൂഹങ്ങളും ചർച്ചകളും വ്യാപകമാവുകയാണ്. സൗദി പ്രോ ലീഗിലെ പ്രമുഖ ക്ലബായ അൽ ഹിലാൽ വൻ തുകയുമായി അർജന്റീന താരത്തിനു പിന്നാലെയുണ്ട്. അൽ ഹിലാലിൽ ചേരാൻ തീരുമാനിച്ചതായി കഴിഞ്ഞ മാസം വാർത്തയുണ്ടായിരുന്നു. എന്നാൽ, മെസ്സിയുടെ പിതാവ് ഇക്കാര്യം നിഷേധിച്ചു. 3270 കോടി രൂപയാണ് ക്ലബിന്റെ വാഗ്ദാനം. അൽ നസ്ർ ക്ലബിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നുണ്ട്. ഫ്രാൻസിന്റെ കരീം ബെൻസേമക്കു വേണ്ടിയും സൗദിയിലെ രണ്ടു ക്ലബുകൾ ശ്രമം തുടങ്ങിയിട്ടുണ്ട്.
വർഷങ്ങളോളം പന്തുതട്ടിയ ബാഴ്സലോണയിലേക്ക് തിരിച്ചുപോകാനും സാധ്യതയുണ്ട്. അടുത്തയാഴ്ച അന്തിമ തീരുമാനമുണ്ടാകുമെന്ന് മെസ്സി അറിയിച്ചു. അന്തിമ തീരുമാനമെടുക്കുന്നത് തിങ്കളാഴ്ചക്കുശേഷം മതിയെന്നാണ് ബാഴ്സ അധികൃതർ താരത്തിനോട് അഭ്യർഥിച്ചത്. തുടർന്നാണ് തീരുമാനം നീട്ടിയത്. മെസ്സിക്കായി വാതിലുകൾ തുറന്നിട്ടതായും താരം വന്നാൽ ടീമിന് ഗുണമാകുമെന്നും ബാഴ്സലോണ കോച്ച് ചാവി പറഞ്ഞു.
അതേസമയം, ബാഴ്സ മാനേജ്മെന്റ് അന്തിമ തീരുമാനമെടുത്തിട്ടില്ല. മെസ്സി തിരിച്ചുവന്നാൽ 230 മില്യൺ യൂറോ സ്പോൺസർമാർ വഴിയും ടിക്കറ്റ് വിൽപനയിലൂടെയും ക്ലബിന് ലഭിക്കുമെന്നാണ് കണക്കുകൾ. ലാ ലിഗ അധികൃതർ പച്ചക്കൊടി കാണിക്കാത്തതാണ് ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവിന് പ്രധാന തടസ്സം. നാട്ടുകാരായ എയ്ഞ്ചൽ ഡി മരിയയെയും ലിയാൻഡ്രോ പരാഡെസിനെയും ബാഴ്സലോണയിലേക്ക് കൊണ്ടുവരാനും മെസ്സി താൽപര്യമറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.