രണ്ടു ഗോൾ വീണ് കളി തീരുമാനമായ ഘട്ടത്തിൽ പിയറി എമറിക് ഒബാമെയാങ്ങിനെ ഇറക്കി കോച്ച് ഗ്രഹാം പോട്ടർ ഭാഗ്യ പരീക്ഷണം നടത്തുമ്പോൾ ആരാധകർ ചിരിച്ചിട്ടുണ്ടാകണം. ഇതുപോലൊരു കിടിലൻ സ്ട്രൈക്കറെ ചാമ്പ്യൻസ് ലീഗിലുൾപ്പെടെ നിർണായക അങ്കങ്ങളിലെല്ലാം മൂലക്കിരുത്തിയ ശേഷം വൈകിവന്ന വെളിപാടിന്റെ പേരിൽ ഇറക്കിയാൽ ഒന്നും നേടാനാവില്ലെന്ന് കോച്ചിനു മാത്രമായിരുന്നു അറിയാൻ ബാക്കിയുണ്ടായിരുന്നത്. കടുത്ത മുറവിളികളുയരുകയും നാനാഭാഗത്തുനിന്ന് സമ്മർദം ശക്തമാകുകയും ചെയ്തിട്ടും താരത്തെ പുറത്തുതന്നെ നിർത്തിയായിരുന്നു ഇതുവരെയും പോട്ടർ ആദ്യ ഇലവനെ ഇറക്കിയത്. എന്നാൽ, ടോട്ടൻഹാം മൈതാനത്ത് സമീപകാലത്തൊന്നും തോറ്റിട്ടില്ലാത്ത സംഘം അതും പൂർത്തിയാക്കുമെന്നായപ്പോൾ ഒബാമെയാങ്ങിനെയും വിളിച്ചുനോക്കാമെന്ന് വെക്കുകയായിരുന്നു.
നാലാം സ്ഥാനത്തുള്ള ടോട്ടൻഹാമാകട്ടെ, എതിരാളികളുടെ ദൗർബല്യങ്ങൾ അവസരമാക്കി അനായാസം കളി ജയിച്ചു. ഒളിവർ സ്കിപ്പും ഹാരി കെയിനും സ്കോർ ചെയ്ത കളിയിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ജയം. ദിവസങ്ങൾക്ക് മുമ്പ് സതാംപ്ടണു മുന്നിൽ നാണംകെട്ടു മടങ്ങിയ നീലക്കുപ്പായക്കാർ പിന്നെയും തോൽവി വഴങ്ങിയതോടെ കോച്ച് ഗ്രഹാം പോട്ടറെ പുറത്താക്കാൻ സമ്മർദം ശക്തമായിട്ടുണ്ട്.
പോയിന്റ് നിലയിൽ 10ാമതുള്ള ചെൽസി അവസാനം കളിച്ച 15 മത്സരങ്ങളിൽ രണ്ടു ജയം മാത്രമാണ് നേടിയത്. സീസണിൽ 24 കളികളിൽ പോയിന്റ് സമ്പാദ്യം 31ഉം. ആദ്യ നാലിൽ പോയിട്ട് എട്ടുപോലും പ്രതീക്ഷിക്കാവുന്നതല്ല നിലവിലെ സാഹചര്യം. അവസാന സ്ഥാനങ്ങൾ മാടിവിളിക്കുന്ന ടീമിന് തത്കാലം രക്ഷപ്പെടാൻ കോച്ചിനെ മാറ്റി ടീമിൽ ആത്മവിശ്വാസം പകരുക മാത്രമാണിനി പോംവഴിയെന്ന് ക്ലബ് ഉടമകളും തീരുമാനത്തിലെത്തിയതായി റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.