ആരാധകരുടെ പിന്തുണയാണ് ടീമുകൾക്ക് എന്നും എപ്പോഴും ഊർജമാകാറുള്ളത്. എതിരാളികളുടെ മടയിൽ ചെന്നു തോൽവി വഴങ്ങിയാലും കളി സ്വന്തം കളിമുറ്റത്താകുമ്പോൾ മികച്ച പ്രകടനമാകും ഒട്ടുമിക്ക ടീമുകളുടെയും. ദിവസങ്ങൾക്ക് മുമ്പ് ന്യൂകാസിൽ യുനൈറ്റഡിനെ അവരുടെ തട്ടകമായ സെന്റ് ജെയിംസ് പാർകിൽ നേരിട്ട ടോട്ടൻഹാമിന് സംഭവിച്ചത് പക്ഷേ, സമാനതകളില്ലാത്ത തോൽവിയായിരുന്നു. ടീം ആദ്യ 21 മിനിറ്റിൽ അഞ്ചു ഗോൾ വാങ്ങിക്കൂട്ടി. ഏറെ വൈകി ഒരുവട്ടം തിരിച്ചടിച്ചെങ്കിലും അതുകൂടി മടക്കി നൽകി 6-1നായിരുന്നു ന്യൂകാസിൽ ജയം. രണ്ടാം മിനിറ്റിൽ തുടങ്ങിയ ഗോൾവീഴ്ച 10 മിനിറ്റാകുമ്പോഴേക്ക് കാൽഡസൻ തികഞ്ഞതു കണ്ട ടോട്ടൻഹാം ആരാധകർ നെഞ്ചുപൊട്ടി മൈതാനം വിട്ടിറങ്ങി നേരെ നാട്ടിലേക്ക് വെച്ചുപിടിച്ചു.
3,000 പേരാണ് ഇങ്ങനെ ടൈൻസൈഡിലേക്ക് കളി കാണാനായി ടോട്ടൻഹാമിൽനിന്ന് എത്തിയിരുന്നത്. ഇവരെ തത്കാലം ആശ്വസിപ്പിക്കാനെന്നോണം എല്ലാവർക്കും ടിക്കറ്റ് തുക തിരിച്ചുനൽകുമെന്ന് ഗോൾകീപർ ഹ്യൂഗോ ലോറിസ് പ്രഖ്യാപിച്ചു. ‘ഒരു ടീമെന്ന നിലക്ക് നിങ്ങളുടെ നിരാശ ഞങ്ങൾക്ക് മനസ്സിലാകും’- എന്നായിരുന്നു ലോറിസിന്റെ പ്രതികരണം.
ഇതുകൊണ്ട് മതിയാകില്ലെന്നറിയാവുന്നതിനാൽ വരും മത്സരങ്ങളിൽ തിരിച്ചുവരുമെന്നും ഗോൾകീപർ അറിയിച്ചു.
വാക്കുപാലിക്കുംവിധമായിരുന്നു വ്യാഴാഴ്ച മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ ടോട്ടൻഹാം പ്രതികരണം. ആദ്യം ഗോൾവഴങ്ങി പിറകിലായവർ പിന്നീട് തിരിച്ചുവന്ന് 2-2ന് സമനില ചോദിച്ചുവാങ്ങി.
സെന്റ് ജെയിംസ് പാർകിൽ 3,209 ടിക്കറ്റുകളായിരുന്നു ടോട്ടൻഹാമിന് ലഭിച്ചത്. ഇതിൽ വിറ്റുപോയത് 3,193 എണ്ണം. മുതിർന്നവർക്ക് 30 പൗണ്ട്, കുട്ടികൾക്ക് 25, പ്രായമുള്ളവർക്ക് 19 എന്നിങ്ങനെയായിരുന്നു നിരക്ക്. വീൽചെയർ ഉപയോഗിക്കുന്നവർക്ക് ഇളവു നിരക്കുകളും നൽകി. മൊത്തം 96,270 പൗണ്ട് (ഏകദേശം 99 ലക്ഷം രൂപ) നൽകിയാണ് ആരാധകർ ടിക്കറ്റ് സ്വന്തമാക്കിയത്. ഇതിനു പുറമെ 1,000 കിലോമീറ്റർ ദൂരം യാത്രയും മറ്റ് അനുബന്ധ ചെലവുകളും. എന്നാൽ, ടിക്കറ്റിന് ചെലവായ 96,270 പൗണ്ട് ആണ് കളിക്കാർ നൽകുക.
ലോറിസിന്റെ പ്രഖ്യാപനത്തെ പലരും സ്വാഗതം ചെയ്തെങ്കിലും ചിലരെങ്കിലും കടുത്ത ഭാഷയിൽ വിമർശിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.