കഷ്ടിച്ചു കടന്ന് ഒന്നാമന്മാരായി ടോട്ടൻഹാം; എല്ലാം ജയിച്ച് ബയേൺ

ലണ്ടൻ: ഭാഗ്യനിർഭാഗ്യങ്ങൾ ഇരുവശത്തും മാറിമറിഞ്ഞ ആവേശപ്പോരിൽ ഫ്രഞ്ച് ടീം മാഴ്സെയെ വീഴ്ത്തി ഗ്രൂപ് ഡി ചാമ്പ്യന്മാരായി ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ. അവസാന വിസിലിന് കാതോർത്ത മൈതാനത്ത് 95ാം മിനിറ്റിൽ ഗോളും യോഗ്യതയും ഉറപ്പാക്കിയായിരുന്നു ടോട്ടൻഹാം ജയം.

ആദ്യ പകുതിയുടെ അധിക സമയത്ത് എംബെംബ ഗോളിൽ മാഴ്സെയാണ് മുന്നിലെത്തിയത്. ഇതോടെ ഗ്രൂപിൽ താത്കാലികമായെങ്കിലും മൂന്നാം സ്ഥാനത്തേക്കിറങ്ങിയ ടോട്ടൻഹാം നോക്കൗട്ട് ഘട്ടം കാണാതെ പുറത്താകുമെന്ന് തോന്നിച്ചെങ്കിലും രണ്ടാം പകുതി 10 മിനിറ്റ് പിന്നിടുംമുമ്പ് ലെങ്ലെറ്റ് ഗോൾമടക്കി. വിജയം പിടിക്കാനായി മാഴ്സെ കടുത്ത പോരാട്ടം കാഴ്ചവെച്ചത് ടോട്ടൻഹാമിനെ പ്രതിസന്ധിയിലാക്കി. അതിനിടെ, ഇഞ്ച്വറി സമയത്ത് ​ഹെജ്ബെർഗ് മാഴ്സെ വലയിൽ പന്തെത്തിച്ച് ഇംഗ്ലീഷുകാർക്ക് വിജയം സമ്മാനിച്ചു. മറുവശത്ത്, ഗ്രൂപിലെ മറ്റൊരു മത്സരത്തിൽ ​ഫ്രാങ്ക്ഫർട്ടിന് മുന്നിൽ സ്‍പോർടിങ് തോൽവിയറിഞ്ഞത് ടോട്ടൻഹാമിന് കാര്യങ്ങൾ എളുപ്പമാക്കി. 2-1നായിരുന്നു ഇവിടെയും ജയം. ഇതോടെ, മാ​ഴ്സെ ഗ്രൂപിൽ അവസാനക്കാരായി യൂ​റോപ ലീഗും കാണാതെ പുറത്തായി.

മറ്റു മത്സരങ്ങളിൽ അയാക്സ് റേഞ്ചേഴ്സിനെ 3-1നും ബയേൺ എതിരില്ലാത്ത രണ്ടു ഗോളിന് ഇന്റർമിലാനെയും തോൽപിച്ചു. ഗ്രൂപിൽ ആറിൽ ആറും ജയിച്ച് 18 പോയിന്റുമായാണ് ബയേൺ മടങ്ങുന്നത്. നാപോളിക്കും എല്ലാം ജയിക്കാമെന്ന സാധ്യത ഉണ്ടായിരുന്നുവെങ്കിലും ലിവർപൂളിനു മുന്നിൽ ഏകപക്ഷീയമായ രണ്ടു ഗോളിന് മുട്ടുമടക്കിയിരുന്നു.

നേരത്തെ പുറത്തായ ബാഴ്സലോണ 4-2ന് വിക്ടോറിയ പ്ലസനെയും പോർട്ടോ 2-1ന് അറ്റ്ലറ്റികോ മഡ്രിഡിനെയും തോൽപിച്ചു. നാലാമന്മാരായ അറ്റ്ലറ്റികോ മഡ്രിഡിന് യൂറോപ ലീഗ് യോഗ്യതയും പ്രയാസത്തിലായി.

ഒരു ദിവസത്തെ മത്സരങ്ങൾ ബാക്കിനിൽക്കെ ഇതിനകം 14 ടീമുകൾ നോക്കൗട്ട് റൗണ്ടിൽ ഇടം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാം ജയിച്ച് ബയേൺ നേരത്തെ എത്തിയപ്പോൾ ടോട്ടൻഹാം കഷ്ടിച്ചാണ് കടന്നത്. ഇംഗ്ലണ്ടിൽനിന്ന് ഇത്തവണയും നാലു ടീമുകൾ പ്രീക്വാർട്ടറിൽ എത്തിയിട്ടുണ്ട്. ബാഴ്സലോണ, അയാക്സ്, സെവിയ്യ തുടങ്ങിയവയും പുറത്തായി.

ബയേൺ വൈറ്റ് വാഷ്

ചാമ്പ്യൻസ് ലീഗിൽ അവസാന നാലു സീസണിൽ മൂന്നാം തവണയും സമ്പൂർണ ജയവുമായി ബയേൺ അശ്വമേധം. 2019-20 സീസണിൽ തുടങ്ങി കഴിഞ്ഞ രണ്ടു സീസണുകളിലും ആവർത്തിച്ചാണ് ടീം എതിരാളികൾക്കുമേൽ സമ്പൂർണ ആധിപത്യം ഉറപ്പാക്കിയത്. ആറു കളികളിൽ 18 ഗോളുകൾ എതിർ വലകളിലെത്തിക്കുകയും ചെയ്തു.

യോഗ്യത നേടിയ ടീമുകൾ

സീഡുള്ളവ: ബയേൺ മ്യൂണിക്, നാപോളി, ടോട്ടൻഹാം, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, പോർട്ടോ

സീഡ് ചെയ്യപ്പെടാത്തവ: ഇന്റർ മിലാൻ, ലിവർപൂൾ, ക്ലബ് ബ്രൂഗ്, എയ്ൻട്രാഷ് ഫ്രാങ്ക്ഫർട്ട്, ബൊറൂസിയ ഡോർട്മണ്ട്.

റയൽ മഡ്രിഡ്, പി.എസ്.ജി, ബെൻഫിക്ക എന്നിവ യോഗ്യത ഉറപ്പാക്കിയെങ്കിലും ഒരു കളി കൂടി കഴിഞ്ഞേ ഗ്രൂപിലെ സ്ഥാനം അറിയാനാകൂ.

Tags:    
News Summary - Tottenham went through to the Champions League last 16 as Group D winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.