ലണ്ടൻ: വടിയെടുത്ത് യൂറോപ്യൻ ഫുട്ബാൾ സംഘടന പിന്നാെല കൂടിയിട്ടും വമ്പന്മാരുടെ പുതിയ സൂപർ ലീഗുമായി മുന്നോട്ടുപോകാൻ വിവിധ ലീഗുകളിലെ പ്രമുഖർ. താരങ്ങൾക്കു മാത്രമല്ല, ടീമുകൾക്കും രാജ്യാന്തര വിലക്കുൾപെടെ ഭീഷണി മുഴക്കിയിട്ടും യൂറോപ്യൻ സൂപർ ലീഗ് (ഇ.എസ്.എൽ) ഉടൻ ആരംഭിക്കുമെന്ന് പ്രമുഖ ടീമുകൾ അറിയിച്ചു.
ഇംഗ്ലണ്ടിൽനിന്നു മാത്രം ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടൻഹാം, ചെൽസി, ആഴ്സണൽ എന്നീ പ്രമുഖർ യൂറോപ്യൻ സൂപർ ലീഗിൽ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ഇറ്റലിയിൽനിന്ന് എ.സി മിലാൻ, യുവന്‍റസ്, ഇന്‍റർ മിലാൻ ടീമുകളും ലാ ലിഗയിൽനിന്ന് റയൽ മഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ് ടീമുകളും പെങ്കടുക്കും.
നിലവിലെ ദേശീയ ലീഗുകളിൽ പങ്കെടുത്തുകൊണ്ടു തന്നെയാകും ടീമുകൾ സൂപർ ലീഗിലും മാറ്റുരക്കുക. അതിനു കൂടി സാധ്യമാകുംവിധം പ്രേത്യക സമയക്രമം തീരുമാനിക്കും. പരമാവധി വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് ഇ.എസ്.എൽ പ്രതിനിധികൾ അറിയിച്ചു. മൂന്നു ടീമുകൾ കൂടി വൈകാതെ ഇതിന്‍റെ ഭാഗമാകും. 20 ടീമുകളുടെ ലീഗാണ് ഉദ്ദേശിക്കുന്നത്. 15 സ്ഥാപക ടീമുകൾ ഓരോ വർഷവും യോഗ്യത ഉറപ്പാക്കും. മറ്റു ടീമുകളുടെ സീസൺ പ്രകടനം വിലയിരുത്തിയാകും പ്രവേശനം. വാരാന്ത്യങ്ങളിൽ മറ്റു ലീഗുകളുള്ളതിനാൽ പ്രവൃത്തി ദിനങ്ങളിലാകും മത്സരങ്ങൾ. ഓരോ വർഷവും ആഗസ്റ്റിലാകും സീസൺ ആരംഭം. 10 ടീമുകളുള്ള രണ്ടു ഗ്രുപുകളായി തിരിഞ്ഞാകും മത്സരം. ഓരോ ഗ്രൂപിലെയും ആദ്യ മൂന്നു സ്ഥാനക്കാർ ക്വാർട്ടറിലെത്തും. രണ്ടു ടീമുകൾ േപ്ല ഓഫിലൂടെയും. ക്വാർട്ടർ മുതൽ രണ്ടുപാദ നോക്കൗട്ട് മത്സരങ്ങളാകും . സമാന്തരമായി വനിതാ സൂപർ ലീഗ് ആരംഭിക്കുമെന്നും സംഘാടകർ അവകാശപ്പെടുന്നു.
ഞായറാഴ്ചയാണ് യൂറോപ്യൻ ഫുട്ബാളിൽ പൊട്ടിത്തെറിയായി വാർത്ത പുറത്തുവരുന്നത്. യുവേഫ മാത്രമല്ല, പ്രിമിയർ ലീഗും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഈ നീക്കത്തെ വിമർശിച്ചിരുന്നു. സൂപർ ലീഗിന് അംഗീകാരം നൽകില്ലെന്ന് ലോക ഫുട്ബാൾ നിയന്ത്രണ സമിതിയായ ഫിഫയും അറിയിച്ചിട്ടുണ്ട്.
ആഭ്യന്തര, രാജ്യാന്തര ഫുട്ബാളിൽ പൂർണമായും ഇതിലെ താരങ്ങളെ വിലക്കുമെന്നാണ് യുവേഫ ഭീഷണി. ദേശീയ ടീമിലും പങ്കെടുക്കാൻ അനുവദിക്കില്ല.
എന്നാൽ, ഏറെയായി ഫുട്ബാളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടൂർണമെന്‍റുകളിലൊന്നായ ചാമ്പ്യൻസ് ലീഗിനു പകരം വാൾ സ്ട്രീറ്റ് ആസ്ഥാനമായുള്ള ബാങ്കിങ് ഭീമൻ ജെ.പി മോർഗനുമായി ചേർന്ന് വമ്പൻ ലീഗ് ആരംഭിക്കുന്നത്. 460 കോടി പൗണ്ടാണ് ടെലിവിഷൻ വരുമാനം കണക്കാക്കുന്നത്- ഏകദേശം 47,707 കോടി രൂപ. നിലവിൽ ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ്, യൂറോപ്യൻ സുപർ കപ് എന്നിവ ഒന്നിച്ചുചേർത്താൽ പോലും ലഭിക്കാത്തത്ര ഉയർന്ന തുക.
തിങ്കളാഴ്ച സ്വിറ്റ്സർലൻഡിൽ ചേരുന്ന യുവേഫ യോഗം ചാമ്പ്യൻസ് ലീഗ് ഇനി 32 ടീമുകളുടെ പങ്കാളിത്തത്തോടെ നടത്താൻ തീരുമാനമെടുക്കാനിരിക്കെയാണ് യൂറോപ്യൻ സൂപർ ലീഗ് പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.