കോഴിക്കോട്: സമനിലക്കളികളുടെ നാളുകൾക്ക് വിടയായെന്ന് തോന്നിച്ച ത്രില്ലർ പോരാട്ടത്തിൽ അവസാന മിനിറ്റുവരെ ലീഡ് വഴങ്ങിയശേഷം സമനില തിരിച്ചുപിടിച്ച് തൃശൂർ മാജിക്. മുഹമ്മദ് റിയാസും ബ്രിട്ടോയും കുറിച്ച ഗോളുകളിൽ അവസാനം വരെയും മുന്നിൽ നിന്നവർ തുടരെ രണ്ടുവട്ടം ഗോൾ തിരിച്ചുവാങ്ങിയാണ് ഒരിക്കലൂടെ സ്വന്തം തട്ടകത്തിൽ സമനിലയുമായി തിരിച്ചുകയറിയത്.
കളിയുടെ ആദ്യ മിനിറ്റുകളിൽ തന്നെ അതിവേഗ നീക്കങ്ങളുമായി ആതിയേഥരുടെ കാലുകളിലായിരുന്നു കളിയുടെ തുടക്കവും ഒടുക്കവും. 11ാം മിനിറ്റിൽ തൃശുർ മാജിക്കിന് അനുകുലമായി ലഭിച്ച ഫൗൾ കിക്ക് കാലിക്കറ്റ് ഗോൾകീപ്പർ വിശാൽ ജൂൺ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നതിനിടെ തൃശൂർ താരം വൈ.ഡാനി റാഞ്ചിയെടുത്തു. പന്ത് കാലിൽകിട്ടിയ തൃശൂർ ക്യാപ്റ്റൻ സി.കെ. വിനീത് വലയിലേക്ക് തട്ടിയിട്ടെങ്കിലും റഫറി ഫൗൾ വിളിച്ചു. അതിനിടെ ഇരു ടീമും പരുക്കൻ കളി പുറത്തെടുക്കുന്നതും കണ്ടു. 21 ാം മിനിറ്റിൽ തൃശൂർ മിഡ്ഫീൽഡറായ ആദിലിന് മഞ്ഞക്കാർഡ് ലഭിച്ചു. തുടർന്ന് ഏഴു മിനിറ്റോളം കളി തൃശൂരിൻ മധ്യവര കടക്കാതെ കാലിക്കറ്റ് എഫ്.സി ഗോൾമുഖത്ത് കോർണറുകളും ത്രോയുമായി പറന്നുനടന്നു.
തൃശൂർ താരങ്ങൾ പന്തുമായി ശരവേഗം കുതിക്കുമ്പോൾ നെഞ്ചിടിപ്പോടെ നോക്കി നിന്നു കാലിക്കറ്റിന്റെ ആരാധകർ. ഗാലറികളിൽ കൊടി വീശിയും നാസിക് ധോലിന്റെയും ബാൻഡ് മോളത്തിന്റെയും അകമ്പടിയിൽ സംഗീതം പൊഴിച്ചും ആവേശം പകർന്ന ആരാധകർ നൽകിയ കരുത്തിൽ കാലിക്കറ്റും എതിർ ഗോൾമുഖത്ത് അവസരങ്ങൾ തുറന്നു. വല കുലുക്കാൻ ഇരു ടീമും കളം നിറഞ്ഞ് പന്തുമായി ഓടിയെങ്കിലും ആദ്യ പകുതിയിൽ ഗോളൊഴിഞ്ഞുനിന്നു. 45 ാം മിനിറ്റിൽ കാലിക്കറ്റ് താരം ഗനി മുഹമ്മദ് ഡ്രിബിൾ ചെയ്ത് നൽകിയ പാസ് ക്യാപ്റ്റൻ ജിജോ ജോസഫ് നീട്ടിയടിച്ചത് ബാറിനു വശംചേർന്ന് പുറത്തേക്ക് പോയി.
ഗോഴൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം 49 മിനിറ്റിൽ കാലിക്കറ്റ് ലീഡ് പിടിച്ചു. പകരക്കാരനായിറങ്ങിയ ബ്രിട്ടോ രണ്ടു പേരെ മറികടന്ന് ഗോൾ പോസ്റ്റിലേക്ക് നിറയൊഴിച്ചത് തൃശൂർ ഗോളി ജെയ്മി ജോ തട്ടിയിട്ടത് പെനാൽട്ടി ബോക്സിനുള്ളിൽ കാത്തിരുന്ന കാലിക്കറ്റ് താരം മുഹമ്മദ് റിയാസ് വലയിലേക്ക് അടിച്ചുകയറ്റി. ഗോൾ നേടിയതോടെ കാലിക്കറ്റ് കൂടുതൽ ആക്രമണോത്സുകരായി. വലതു വിങ്ങിൽ മുഹമ്മദ് റിയാസ് ചടുലമായ നീക്കങ്ങളുമായി എത്തിയത് പലപ്പോഴും ഗോൾ മണത്തു. ചില സുവർണാവസരങ്ങൾ കളഞ്ഞുകുളിച്ചും മറ്റുചിലത് നിർഭാഗ്യത്തിനും വഴിമാറി.
അതിനിടെ, 81ാം മിനിറ്റിൽ വിരിഞ്ഞ മനോഹര നീക്കത്തിൽ രണ്ടാം ഗോളെത്തി. വലതുവിങ്ങിൽ ഓടിക്കയറിയ താരം നൽകിയ ക്രോസ് ബ്രിട്ടോ ഉയർന്നുചാടി പോസ്റ്റിലേക്ക് തലവെച്ചിടുകയായിരുന്നു. തൊട്ടുപിറകെ ഒരിക്കലൂടെ കോഴിക്കോടൻ മുന്നേറ്റം ഗോളുറപ്പിച്ചെങ്കിലും തകർപ്പൻ സേവുമായി തൃശൂർ ഗോളി രക്ഷകനായി. കളിയവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ഒരു ഗോൾ മടക്കി. കോഴിക്കോടൻ ഗോൾമുഖത്ത് ലഭിച്ച ഫ്രീകിക്ക് ഗോളി തടുത്തിട്ടെങ്കിലും റീബൗണ്ടിൽ തൃശൂർ താരം വല കുലുങ്ങി. അവസാന വിസിലിന് ഒരുങ്ങിയ നിമിഷങ്ങളിലായിരുന്നു തൃശൂരിനെ ഒപ്പമെത്തിച്ച ഗോൾ പിറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.