ദുബൈ: അയൽവീട്ടിലെ ആഘോഷം യു.എ.ഇയും ഏറ്റെടുത്തു കഴിഞ്ഞു. ഖത്തർ ലോകകപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ലോകമാമാങ്കത്തെ വരവേൽക്കാനൊരുങ്ങി യു.എ.ഇ. രാജ്യത്ത് അങ്ങിങ്ങോളം ഫാൻ സോണുകൾ ഒരുക്കിയും മത്സരങ്ങൾ നടത്തിയും സന്ദർശകരെ സ്വീകരിച്ചുമാണ് ലോക പോരിന് യു.എ.ഇയും തയാറെടുക്കുന്നത്. നവംബർ 20ന് ദോഹയിലെ അൽ ബൈത് സ്റ്റേഡിയത്തിൽ പന്തുരുണ്ട് തുടങ്ങുമ്പോൾ യു.എ.ഇയും ആവേശക്കടലായി മാറും.
ലോകകപ്പിന്‍റെ ഓളം യു.എ.ഇയിലെ മാർക്കറ്റിലും പ്രകടമാണ്. ടെലിവിഷൻ ഉൾപെടെ ഇലക്ട്രോണിക് ഉപകരണ മേഖലയിൽ ഈ ഓളം ദൃശ്യമാണെന്ന് ഈ മേഖലയിലുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. ഖത്തറിലേക്ക് ടിക്കറ്റെടുത്ത നിരവധി വിദേശ സഞ്ചാരികളാണ് ദുബൈ ഉൾപെടെ എമിറേറ്റുകളിൽ ഹോട്ടൽ ബുക്ക് ചെയ്തിരിക്കുന്നത്. ഹോട്ടൽ നിരക്ക് കുതിച്ചുയർന്നിട്ടുണ്ട്. ഹോട്ടലുകളിൽ മുറികൾക്ക് വൻ ഡിമാൻഡുമാണ്. വിമാന ടിക്കറ്റ് ഉൾപെടെയുള്ള പാക്കേജുകളാണ് ഹോട്ടലുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം കളി കാണാനുള്ള സൗകര്യമൊരുക്കുന്നുണ്ട്. നഗരങ്ങളിൽ വമ്പൻ ഫാൻ സോണുകളാണൊരുങ്ങുന്നത്. ദുബൈ ഹാർബറിൽ ഫിഫയുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റ് നടക്കുന്നുണ്ട്. പതിനായിരിക്കണക്കിന് ഫുട്ബാൾ ആരാധകർക്ക് ഒരേ സമയം ഇരുന്ന് കളി കാണാൻ അവസരമുണ്ടാകും. ഫിഫയുടെ ആറ് ഔദ്യോഗിക ഫാൻ ഫെസ്റ്റുകളിൽ ഒന്നാണ് ദുബൈയിൽ നടക്കുന്നത്. മുൻകാലങ്ങളിൽ മത്സരം നടക്കുന്ന രാജ്യത്ത് മാത്രമായിരുന്നു ഫാൻ ഫെസ്റ്റ് അനുവദിച്ചിരുന്നത്.
ഇതിന് പുറമെ ഫാൻ സോണുകൾ വ്യാപകമാണ്. എക്സ്പോയിലെ ഫാൻ സോണാണ് ഇതിൽ പ്രധാനം. ജൂബിലി പാർക്കിലും അൽ വാസൽ ഡോമിലുമാണ് ഫാൻ സോൺ. കൂറ്റൻ സ്ക്രീനിലായിരിക്കും ഇവിടെ പ്രദർശനം നടക്കുക. ടിക്കറ്റ് നിരക്ക് ഈടാക്കിയായിരിക്കും പ്രവേശനം. ഹയ്യ കാർഡുള്ളവർക്ക് യു.എ.ഇയിലേക്ക് 100 ദിർഹമിന് മൾട്ടിപ്പിൾ എൻട്രി വിസ നൽകുന്നുണ്ട്.
ഇത് മുതലാക്കി നിരവധിയാളുകളാണ് ഇവിടേക്ക് എത്തുന്നത്. വരും ദിവസങ്ങളിൽ ലോകകപ്പ് ഫാൻസിന്‍റെ ഒഴുക്ക് യു.എ.ഇയിലേക്കുമുണ്ടാകും. ഷട്ടിൽ സർവീസായി വിമാന സർവീസ് നടത്തുന്നുണ്ടെങ്കിലും കനത്ത നിരക്കാണ് പലരെയും പിന്നോട്ടുവലിക്കുന്നത്. വിമാന നിരക്ക് ഉയർന്നതിനാൽ ടിക്കറ്റെടുത്തവർ പോലും ഖത്തറിലേക്ക് പോകണമോ എന്ന ആശയക്കുഴപ്പത്തിലാണ്. പ്രവാസികൾക്കിടയിൽ ഫാൻ ഗ്രൂപ്പുകളും സജീവമാണ്. ഇഷ്ട ടീമിനെ പിന്തുണക്കാനാണ് ഓരോ ടീമുകൾക്കു വേണ്ടിയും ഫാൻ ഗ്രൂപ്പുകൾ ഉണ്ടാക്കിയിരിക്കുന്നത്.
ഒരുമിച്ചിരുന്ന് കളി കാണാനും ഇവർ സൗകര്യമൊരുക്കുന്നുണ്ട്. നാട്ടിലെ പോലെ ഫ്ലക്സ് ബോർഡുകൾക്കും കട്ടൗട്ടുകൾക്കും പരിമിതിയുണ്ടെങ്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും പ്രവാസി മുറികളിലൂടെയും വാദ പ്രതിവാദങ്ങൾ ശക്തമാണ്. യു.എ.ഇയിലെ മാർക്കറ്റിൽ എല്ലാ ടീമുകളുടെയും ജഴ്സിയും എത്തിയിട്ടുണ്ട്. 10 ദിർഹം മുതൽ 200 ദിർഹം വരെ വിലക്ക് ജഴ്സി ലഭ്യമാണ്.
അബൂദബി: ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ, ലോകകപ്പ് എന്നിവയോട് അനുബന്ധിച്ച് അബൂദബിയിലെ ഹോട്ടൽ റൂമുകള്‍ ബുക്ക് ചെയ്യുന്നതില്‍ വന്‍തിരക്ക്. നവംബര്‍ 17 മുതല്‍ 20 വരെയാണ് അബൂദബി ഗ്രാന്‍റ് പ്രി 2022 അരങ്ങേറുന്നത്. പതിനായിരക്കണക്കിന് കായികപ്രേമികളെ അബൂദബിയിലേക്ക് ആകര്‍ഷിപ്പിക്കുന്ന മല്‍സരമാണ് ഗ്രാന്‍ഡ് പ്രി എന്നത് അബൂദബിയിലെ ഹോട്ടലുകളിലെ തിരക്കു വര്‍ധിപ്പിക്കുന്നു.
ഫോര്‍മുല വണിനു ശേഷം നവംബര്‍ 21 മുതല്‍ ടി10 ക്രിക്കറ്റിനും അബൂദബി വേദിയാവും. ഇതും ഹോട്ടലുകളിലെ തിരക്കിനു കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർജന്‍റീനൻ ടീമിന്‍റെ പരിശീലനം അബൂദബിയിൽ നടക്കുന്നുണ്ട്. നവംബർ 16ന് അർജന്‍റീന -യു.എ.ഇ മത്സരവും അബൂദബിയിലാണ്. ഇത് കാണാനുള്ള ഒരുക്കത്തിലാണ് ഫുട്ബാൾ പ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.