ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. സൂപ്പർതാരം എർലിങ് ഹാലണ്ട് ഡബ്ളടിച്ച മത്സരത്തിൽ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് ചെക്ക് റിപ്പബ്ലിക് ക്ലബ് സ്പാർട്ട പ്രാഗിനെ പെപ് ഗ്വാർഡിയോളയും സംഘവും തരിപ്പണമാക്കി.
മറ്റൊരു മത്സരത്തിൽ ലിവർപൂൾ ഏകപക്ഷീയമായ ഒരു ഗോളിന് ജർമൻ ക്ലബ് ആർ.ബി ലൈപ്സിഷിനെ പരാജയപ്പെടുത്തി. ഹാലണ്ടിനെ കൂടാതെ, ഫിൽ ഫോഡൻ, ജോൺ സ്റ്റോൺസ്, മാത്യൂസ് നൂനസ് എന്നിവരും സിറ്റിക്കായി വലകുലുക്കി. ജയത്തോടെ ചാമ്പ്യൻസ് ലീഗിലെ അപരാജിത കുതിപ്പ് 26 മത്സരങ്ങളായി സിറ്റി വർധിപ്പിച്ചു. മൂന്നാം മിനിറ്റിൽ തന്നെ ഫിൻ ഫോഡൻ എതിരാളികളുടെ വലകുലുക്കി വരാനിരിക്കുന്ന ഗോൾ വേട്ടയുടെ സൂചന നൽകി. മാനുവൽ അകാൻജിയാണ് ഗോളിന് വഴിയൊരുക്കിയത്.
എന്നാൽ, ആദ്യ പകുതിയിൽ രണ്ടാമതൊന്ന് ലക്ഷ്യം കാണാൻ സിറ്റിക്കായില്ല. ഗോൾ കീപ്പർ പീറ്റർ വിൻഡാലിന്‍റെ സേവുകളാണ് ജർമൻ ക്ലബിനെ രക്ഷപ്പെടുത്തിയത്. രണ്ടാം പകുതിയിൽ സിറ്റി അതിന്‍റെ ക്ഷീണം തീർത്തു. 58ാം മിനിറ്റിൽ അതിശയിപ്പിക്കുന്ന ഒരു അക്രോബാറ്റിക് ഗോളിലൂടെ ഹാലണ്ട് സിറ്റിയുടെ ലീഡ് വർധിപ്പിച്ചു. ബ്രസീൽ താരം സാവീഞ്ഞോ ഗോൾ മുഖത്തേക്ക് ഉയർത്തി നൽകിയ പന്താണ് താരം ഉയർന്നുചാടി ഇടങ്കാൽ കൊണ്ട് വലയിലാക്കിയത്. 64ാം മിനിറ്റിൽ ജോൺ സ്റ്റോൺസ് ഹെഡ്ഡറിലൂടെ സിറ്റിക്കായി വലകുലുക്കി. അധികം വൈകാതെ നോർവീജിയൻ താരം രണ്ടാം ഗോളും നേടി. 68ാം മിനിറ്റിൽ മാത്യൂസ് നൂനസ് നൽകിയ പാസ്സിൽനിന്നാണ് താരം ലക്ഷ്യം കണ്ടത്.
88ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കി നൂനസ് ഗോൾ പട്ടിക പൂർത്തിയാക്കി. ചാമ്പ്യൻസ് ലീഗിൽ 24കാരനായ ഹാലണ്ടിന്‍റെ ഗോൾ നേട്ടം ഇതോടെ 44 ആയി. ഗോൾ വേട്ടയിൽ ബ്രസീൽ സൂപ്പർ താരം നെയ്മറിനെ മറികടന്ന് ദിദിയർ ദ്രോഗ്ബയുടെ റെക്കോഡിനൊപ്പമെത്താനും താരത്തിനായി. ഡാർവിൻ ന്യൂനസിന്‍റെ ഗോളിലാണ് ലിവർപൂൾ ആർ.ബി ലൈപ്സിഷിന്‍റെ വെല്ലുവിളി മറികടന്നത്. 27ാം മിനിറ്റിൽ മുഹമ്മദ് സലായുടെ അസിസ്റ്റിൽനിന്നാണ് ന്യൂനസ് ചെമ്പടക്കായി വലകുലുക്കിയത്. ജയത്തോടെ ലീഗ് പോയിന്‍റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കാൻ ലിവര്‍പൂളിനും സിറ്റിക്കുമായി.
മറ്റൊരു പോരാട്ടത്തില്‍ സ്‌പാനിഷ് വമ്പന്മാരായ അത്ലറ്റികോ മഡ്രിഡിനെ 1-3ന് ഫ്രഞ്ച് ക്ലബ് ലില്ലെ പരാജയപ്പെടുത്തി. കഴിഞ്ഞ മത്സരത്തില്‍ റയല്‍ മഡ്രിഡിനെ അട്ടിമറിച്ച ലില്ലെ ഇത്തവണ അത്ലറ്റിക്കോക്കെതിരെ ഒരു ഗോളിന് പിന്നിലായ ശേഷം മൂന്നെണ്ണം തിരിച്ചടിച്ചാണ് ജയം പിടിച്ചത്. പകരക്കാരനായിറങ്ങിയ ജൊനാഥൻ ഡേവിഡ് ഇരട്ട ഗോള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.