യുവേഫ ചാമ്പ്യൻസ് ലീഗിൽ ആവേശ ജയം സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. ഗ്രൂപ്പ് ജി മത്സരത്തിൽ ജർമൻ ക്ലബ് ആർ.ബി ലൈപ്സിഷിനെതിരെ രണ്ടു ഗോളിനു പിന്നിൽനിന്നശേഷമാണ് പെപ് ഗ്വാർഡിയോളയുടെ സംഘം ജയം പിടിച്ചെടുത്തത്.
രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു സിറ്റിയുടെ ജയം. ഇത്തിഹാദിലെ സ്വന്തം കാണികൾക്കു മുന്നിൽ ആദ്യ 33 മിനിറ്റിനുള്ളിൽ തന്നെ രണ്ടു ഗോളുകളാണ് സിറ്റി വലയിലെത്തിയത്. ബെൽജിയം താരം ലൂയിസ് ഒപെൻഡയുടെ ഇരട്ട ഗോളുകളാണ് ആരാധകരെ നിശ്ശബ്ദരാക്കിയത്. 13, 33 മിനിറ്റുകളിലായിരുന്നു ഒപെൻഡയുടെ ഗോളുകൾ. ഹോം ഗ്രൗണ്ടിലെ 28 മത്സരങ്ങളുടെ അപരാജിത കുതിപ്പിന്‍റെ റെക്കോഡ് സിറ്റിക്ക് നഷ്ടമാകുമെന്ന് ആരാധകർ പോലും ഉറപ്പിച്ചു.
എന്നാൽ, രണ്ടാം പകുതിയിൽ പകരക്കാരായി ജൂലിയൻ അൽവാരസും ജെറെമി ഡോകുവും കളത്തിലെത്തിയതോടെ സിറ്റി മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്. പതിവുപോലെ ഗോൾ മെഷീൻ എർലിങ് ഹാലൻഡിന്‍റെ കാലിൽനിന്നുതന്നെ ആദ്യ ഗോളെത്തി. 54ാം മിനിറ്റിലായിരുന്നു ഗോൾ. ഫിൽ ഫോഡനാണ് ഗോളിന് വഴിയൊരുക്കിയത്. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 40 ഗോൾ നേടുന്ന താരമായി ഇതോടെ ഹാലൻഡ്. 35 മത്സരങ്ങളിൽനിന്നാണ് താരത്തിന്‍റെ ഈ നേട്ടം.
45 മത്സരങ്ങളിൽനിന്ന് 40 ഗോൾ നേടിയ റൂഡ് വാൻ നിസ്റ്റൽറൂയിയെയാണ് താരം മറികടന്നത്. 70ാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോളിന്‍റെ അസിസ്റ്റിലൂടെ ഫോഡൻ സിറ്റിക്കായി സമനില ഗോൾ കണ്ടെത്തി. 87ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് ടീമിന്‍റെ വിജയഗോൾ നേടി. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ക്ലബിനായി ഗോൾ നേടാനായില്ലെന്ന നിരാശ അർജന്‍റൈൻ താരം അവസാനിപ്പിച്ചു. ഒരു ഗോളും രണ്ടു അസിസ്റ്റുമായി ഫോഡനായിരുന്നു മത്സരത്തിലെ താരം.
ഗ്രൂപ്പ് ജിയിൽനിന്ന് സിറ്റി നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നു. കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച് 15 പോയന്‍റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. രണ്ടാമതുള്ള ലൈപ്സിഷിന് അഞ്ചു മത്സരങ്ങളിൽനിന്ന് ഒമ്പത് പോയന്‍റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.