യുവേഫ ചാമ്പ്യൻസ് ലീഗിലും എതിരാളികളുടെ വലയിൽ ഗോളടിച്ചുകൂട്ടി സ്പാനിഷ് വമ്പന്മാരായ ബാഴ്സയുടെ കുതിപ്പ് തുടരുന്നു. പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ സെർബിയൻ ക്ലബ് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബാഴ്സ തരിപ്പണമാക്കിയത്.
യൂറോപ്യൻ പോരാട്ടത്തിൽ ബാഴ്സയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. ഇനിഗോ മാർട്ടിനെസ്, റാഫിഞ്ഞ, ഫെർമിനീ ലോപസ് എന്നിവരും ബാഴ്സക്കായി ഗോളുകൾ നേടി. സിലാസ്, മിൽസൺ എന്നിവർ റെഡ് സ്റ്റാറിനായി ഗോൾ കണ്ടെത്തി. സീസണിൽ ക്ലബിന്‍റെ ടോപ് സ്കോററായ ലെവൻഡോവ്സ്കി ചരിത്ര നേട്ടത്തിനരികെയാണ്. ചാമ്പ്യൻസ് ലീഗിൽ താരത്തിന്‍റെ ഗോൾനേട്ടം 124 മത്സരങ്ങളിൽനിന്നായി 99 ആയി. ഒരു ഗോൾ കൂടി നേടിയാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ശേഷം ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ താരമാകും.
സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 16 മത്സരങ്ങളിൽ 19 തവണയാണ് പോളിഷുകാരൻ വല ചലിപ്പിച്ചത്. മത്സരത്തിലുടനീളം പന്തടക്കത്തിലും ഗോളുകളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ഹാൻസി ഫ്ലിക്കിന്‍റെ സംഘം എതിരാളികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു. 13ാം മിനിറ്റിൽ ഇനിഗോ മാർട്ടിനെസിന്‍റെ ഒരു മനോഹര ഹെഡ്ഡറിലൂടെ ബാഴ്സയാണ് ആദ്യം ലീഡെടുത്തത്.
ബ്രസീൽ താരം റാഫിഞ്ഞ ഇടതുവശത്തുനിന്ന് എടുത്ത ഫ്രീകിക്കാണ് താരം വലയിലാക്കിയത്. 27ാം മിനിറ്റിൽ സിലാസിലൂടെ റെഡ് സ്റ്റാർ സമനില പിടിച്ചു. ഇടവേളക്കു പിരിയിൻ രണ്ടു മിനിറ്റ് ബാക്കി നിൽക്കെ ലെവൻഡോവ്സ്കി നേടിയ ഗോളിലൂടെ ബാഴ്‌സ വീണ്ടും ലീഡെടുത്തു. റാഫിഞ്ഞയുടെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി തിരികെ വന്നെങ്കിലും റീബൗണ്ട് പന്ത് ലെവൻഡോവ്‌സ്‌കി വലയിലാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ (53ാം മിനിറ്റിൽ) ലെവൻഡോവ്‌സ്കി ബാഴ്സയുടെ ലീഡ് വർധിപ്പിച്ചു. ജൂൾസ് കൗണ്ടെയുടെ ലോ ക്രോസിൽനിന്നായിരുന്നു ഗോൾ. രണ്ട് മിനിറ്റിന് ശേഷം റഫിഞ്ഞയും ലക്ഷ്യംകണ്ടു. വലതുപർശ്വത്തിൽനിന്ന് ബോക്സിനു വെളിയിലേക്ക് കൗണ്ടേ കൊടുത്ത ഒരു ബാക്ക് ക്രോസാണ് റാഫിഞ്ഞ പ്രതിരോധ താരങ്ങളെയും ഗോൾ കീപ്പറെയും കാഴ്ചക്കാരാക്കി നിലംപറ്റെയുള്ള ഷോട്ടിലൂടെ വലയിലെത്തിച്ചത്. 76ാം മിനിറ്റിൽ ഫെർമിനീ ലോപസ് നേടിയ അഞ്ചാം ഗോളിന് വഴിയൊരുക്കിയതും കൗണ്ടേയായിരുന്നു. 84ാം മിനിറ്റിൽ മിൽസണിലൂടെ റെഡ് സ്റ്റാർ തോൽവി ഭാരം കുറച്ചു. സ്കോർ 2-5.
ജയത്തോടെ ഒമ്പത് പോയന്‍റുമായി ബാഴ്സ ആറാം സ്ഥാനത്തെത്തി. കളിച്ച നാലു മത്സരങ്ങളും തോറ്റ സെർബിയ ക്ലബ് 35ാം സ്ഥാനത്താണ്. മാസാവസാനം സ്വന്തം തട്ടകത്തിൽ ബ്രെസ്റ്റിനെതിരായണ് ബാഴ്സയുടെ അടുത്ത മത്സരം. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി കഴിഞ്ഞ ഏഴു മത്സരങ്ങളിൽ 29 ഗോളുകളാണ് ബാഴ്സ എതിരാളികളുടെ വലയിൽ അടിച്ചികൂട്ടിയത്. ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും നാലു അതിലധികമോ ഗോളുകളും ടീമിന് നേടാനായി. 1959-60 സീസണുശേഷം ക്ലബ് ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.