യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പോരിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ വലനിറച്ച് പോർചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബൺ. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാരെ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ പുതിയ പരിശീലകനായെത്തുന്ന റൂബൻ അമോറിയുടെ സംഘം തരിപ്പണമാക്കിയത്.
സിറ്റിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. 2018 ഏപ്രിലിനുശേഷം ആദ്യമായാണ് തുടർച്ചയായി സിറ്റി മൂന്നു മത്സരങ്ങൾ തോൽക്കുന്നത്. നാലാം മിനിറ്റിൽ ഫിൽ ഫോഡന്റെ ഗോളിൽ മുന്നിലെത്തിയ സന്ദർശകരെ വിക്ടർ ഗ്യോകാരസിന്റെ ഹാട്രിക്കാണ് തകർത്തത്. ഇതിൽ രണ്ടെണ്ണം പെനാറ്റി ഗോളുകളാണ്. മാക്സിമിലിയാനോ അറോഹോയും സ്പോർട്ടിങ്ങിനായി വലകുലുക്കി.
അടുത്തയാഴ്ച യുനൈറ്റഡിന്റെ പരിശീലകനാകാൻ പോകുന്ന അമോറിം ആണ് സ്പോർട്ടിങ്ങിനെ പരിശീലിപ്പിക്കുന്നത്. അവസാന ഹോം മത്സരം തകർപ്പൻ ജയത്തോടെ അവിസ്മരണീയമാക്കിയതിന്‍റെ ഓർമയിൽ അമോറിന് ക്ലബിനോട് യാത്ര പറയാം. സ്പോർട്ടിങ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഫിൽ ഫോഡൻ സിറ്റിക്ക് ലീഡ് നേടികൊടുത്തെങ്കിലും നാലെണ്ണം തിരിച്ചടിച്ചാണ് സ്പോർട്ടിങ് ജയം പിടിച്ചെടുത്തത്.
സ്പോർട്ടിങ് താരം മൊറിറ്റയിൽനിന്ന് പന്ത് തട്ടിയെടുത്ത് മുന്നോട്ട് കുതിച്ച ഫോഡന്‍റെ കിടിലൻ ഷോട്ട് ഗോൾകീപ്പർ അന്‍റോണിയോ ആദനെ മറികടന്ന് വലയിൽ. പിന്നാലെ സിറ്റിക്ക് ഒന്നിലധികം അവസരങ്ങൾ ലഭിച്ചെങ്കിലും നീക്കങ്ങളൊന്നും ഗോളിലെത്തിയില്ല. ഗോൾ കീപ്പറുടെ തകർപ്പൻ സേവുകളാണ് സ്പോർട്ടിങ്ങിന്‍റെ രക്ഷക്കെത്തിയത്. 38ാം മിനിറ്റിൽ ഗ്യോകാരസിലൂടെ സ്പോർട്ടിങ് സമനില പിടിച്ചു.
ഗോൺസാലോ ക്വെൻഡ നൽകിയ ത്രൂബാളാണ് ഗോളിലെത്തിയത്. പന്തുമായി കുതിച്ച ഗ്യോകാരസ് പ്രതിരോധ താരം മാനുവൽ അകാൻജിയെ മറികടന്ന് എഡേഴ്‌സന്‍റെ മുകളിലൂടെ പന്ത് ചിപ്പുചെയ്‌ത് വലയിലാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾ നേടി പോർചുഗീസ് ക്ലബ് സിറ്റിയെ ഞെട്ടിച്ചു. 46ാം മിനിറ്റിൽ പെഡ്രോ ഗോൺസാൽവ്‌സിന്‍റെ അസിസ്റ്റിൽനിന്ന് മാക്സിമിലിയാനോ അരാഹോയാണ് ആദ്യം വെടിപൊട്ടിച്ചത്. മൂന്നു മിനിറ്റിനുള്ളിൽ ടീമിന് ലഭിച്ച പെനാൽറ്റി അരാഹോ ഗോളാക്കി.
സിറ്റിക്ക് അനുകൂലമായി 68ാം മിനിറ്റിൽ പെനാൽറ്റി ലഭിച്ചെങ്കിലും നോർവീജിയൻ താരം എർലിങ് ഹാലണ്ടിന്‍റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി പുറത്തേക്ക് പോയി. പിന്നാലെ 80ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും വലയിലാക്കി അരാഹോ സിറ്റിയുടെ നെഞ്ചത്ത് അവസാന ആണിയും അടിച്ചു. നാലു മത്സരങ്ങളിൽനിന്ന് 10 പോയന്‍റുമായി സ്പോർട്ടിങ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഏഴു പോയന്‍റുള്ള സിറ്റി ആറാമതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.