ചാമ്പ്യൻസ് ലീഗ്: മിന്നും തുടക്കമിട്ട് ബാഴ്സ, മാഞ്ച. സിറ്റി, പി.എസ്.ജി; മിലാനെ ന്യൂകാസിൽ തളച്ചു

ലണ്ടൻ: രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമില്ലാതെ പന്തുരുണ്ട ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങളിൽ ജയം പിടിച്ച് വമ്പൻമാർ. മാഞ്ചസ്റ്റർ സിറ്റി, പി.എസ്.ജി, ബാഴ്സലോണ ടീമുകൾ കളം വാണപ്പോൾ നീണ്ട ഇടവേളക്കുശേഷം അരങ്ങേറിയ ന്യുകാസിൽ യുനൈറ്റഡ്, എ.സി മിലാനോട് സമനിലയിൽ കുരുങ്ങി. സിറ്റി 3-1ന് റെഡ് സ്റ്റാർ ബെൽഗ്രേഡിനെയും ബാഴ്സ എതിരില്ലാത്ത അഞ്ച് ഗോളിന് ആന്റ് വെർപ്പിനെയും പി.എസ്.ജി 2-0ത്തിന് ബൊറൂസിയ ഡോർട്ട്മണ്ടിനെയും തോൽപിച്ചു.

അനായാസം ചാമ്പ്യൻസ്

ഇത്തിരിക്കുഞ്ഞന്മാർക്കെതിരെ കൊമ്പുകുലച്ചെത്തിയ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി അനായാസമായാണ് കളി ജയിച്ചത്. എർലിങ് ഹാലൻഡ് എന്ന ഗോളടിയന്ത്രം എണ്ണമറ്റ അവസരങ്ങൾ തുറന്നിട്ടും എതിർ പ്രതിരോധവും നിർഭാഗ്യവും വഴിമുടക്കിയതിനൊടുവിൽ കിട്ടിയ അർധാവസരത്തിൽ ഉസ്മാൻ ബുഖാരിയിലൂടെ റെഡ് സ്റ്റാർ ബെൽഗ്രേഡാണ് ആദ്യം വല കുലുക്കിയത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ വീണ ഗോളിൽ ബെൽഗ്രേഡ് ടീമിന്റെ ലീഡിന് പക്ഷേ, അൽപായുസ്സായിരുന്നു. ഇടവേള കഴിഞ്ഞ് വിസിൽ മുഴങ്ങി 90 സെക്കൻഡിനിടെ മറുപടി ഗോളെത്തി.

ഹാലൻഡിന്റെ റിട്ടേൺ പാസ് കാലിലെടുത്ത് ജൂലിയൻ അൽവാരസ് ഗോളിയെ കബളിപ്പിച്ച് അസാധ്യ ആംഗിളിൽ അതിവേഗ ഷോട്ടുമായി വല കുലുക്കുകയായിരുന്നു. പിന്നെയും തകർത്തുകളിച്ച സിറ്റിക്കാർ സമയമേറെ ചെല്ലുംമുമ്പ് ലീഡ് പിടിച്ചു. ഇത്തവണയും അൽവാരസ് തന്നെയായിരുന്നു ഹീറോ. 73ംാം മിനിറ്റിൽ റോഡ്രി പട്ടിക തികച്ചു. അക്ഷരാർഥത്തിൽ സിറ്റി മയമായിരുന്ന മൈതാനത്ത് എതിർ ഗോളിയുടെ കണ്ണഞ്ചും സേവുകളില്ലായിരുന്നെങ്കിൽ സ്കോർ എത്രയോ ഉയർന്നേനെ. സിറ്റി 77 ശതമാനം കളി നിയന്ത്രിക്കുകയും എതിർ പോസ്റ്റിൽ 37 ഷോട്ടുകൾ പായിക്കുകയും ചെയ്തപ്പോൾ റെഡ് സ്റ്റാർ താരങ്ങൾ ആകെ എടുത്തത് മൂന്നു ഷോട്ടുകളായിരുന്നു.

ചാമ്പ്യൻസ് ലീഗിൽ 26 കളികളിൽ 30 ഗോളുകളുമായി റെക്കോഡുകൾ പലത് പഴങ്കഥയാക്കിയ ചരിത്രമുള്ള ഹാലൻഡിന്റെ നിർഭാഗ്യമായിരുന്നു കഴിഞ്ഞ ദിവസത്തെ ഹൈലൈറ്റ്. നിരവധി തവണ ഗോളവസരങ്ങളുമായി പോസ്റ്റിനു മുന്നിൽ വിരിഞ്ഞുനിന്നിട്ടും ഒരിക്കൽപോലും താരത്തിന്റെ ഷോട്ട് വലയിലെത്തിയില്ല.

നിറഞ്ഞാടി കറ്റാലൻസ്

ബെൽജിയം ടീമിനെതിരെ കറ്റാലന്മാർ നിറഞ്ഞാടിയ മറ്റൊരു മത്സരത്തിൽ ബാഴ്സ ജയിച്ചത് ഏകപക്ഷീയമായ അഞ്ചു ഗോളിന്. 2015ൽ മെസ്സിക്കൊപ്പം കപ്പുയർത്തിയശേഷം ഓരോ സീസണിലും കൂടുതൽ പിറകോട്ടുപോയ ബാഴ്സ പഴയ പ്രതാപം തിരിച്ചുപിടിക്കുന്നെന്ന സൂചന നൽകിയാണ് ഗ്രൂപ്പിലെ കന്നി മത്സരത്തിൽ റോയൽ ആന്റ്വെർപിനെ മുക്കിയത്. ആദ്യ 23 മിനിറ്റിനിടെ മൂന്നു ഗോളടിച്ച് ബഹൂദുരം മുന്നിലെത്തിയ ടീം തുടർന്നും ആധികാരികമായി എതിരാളികളെ പിറകിൽ നിർത്തി. ഗോൾവേട്ടക്ക് തുടക്കമിട്ട യൊആവോ ഫെലിക്സ് തന്നെ പട്ടിക തികച്ചപ്പോൾ ഇടവേളയിൽ ലെവൻഡോവ്സ്കി, ബറ്റെയ്‍ലി, ഗാവി എന്നിവരും സ്കോർ ചെയ്തു.

എംബാപ്പെ, ഹകീമി; പി.എസ്.ജി

മെസ്സിയും നെയ്മറും കൂടുവിട്ട പി.എസ്.ജി മാറ്റുരച്ച മൂന്നാമത്തെ കളിയിൽ കിലിയൻ എംബാപ്പെയും അശ്റഫ് ഹകീമിയും ലക്ഷ്യം കണ്ടപ്പോൾ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ടീം കുറിച്ചത് ആധികാരിക ജയം. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം പെനാൽറ്റി വലയിലെത്തിച്ച് എംബാപ്പെയാണ് തുടങ്ങിയത്. 10 മിനിറ്റിനിടെ മനോഹരമായ ടച്ചിൽ എതിർ പ്രതിരോധത്തെയും ഗോളിയെയും കാഴ്ചക്കാരനാക്കി ഹകീമിയും വല കുലുക്കി.

ഇറങ്ങിക്കളിച്ച് ഗോളി വല കുലുക്കി കൗതുകമായ മറ്റൊരു ആവേശപ്പോരിൽ അത്‍ലറ്റികോ മഡ്രിഡിനെ ലാസിയോ സമനിലയിൽ പിടിച്ചു. അവസാന വിസിലിന് സെക്കൻഡുകൾ മുമ്പുവരെ മുന്നിലായിരുന്ന മഡ്രിഡുകാർക്കെതിരെയാണ് ലാസിയോ ഗോളി തലവെച്ച് ടീമിനെ ഒപ്പമെത്തിച്ചത്. ന്യൂകാസിൽ- എ.സി മിലാൻ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചപ്പോൾ ലൈപ്സീഗ് 3-1ന് യങ് ബോയ്സിനെ വീഴ്ത്തി. എഫ്.സി പാർട്ടോ യുക്രെയ്ൻ ക്ലബായ ശാക്തർ ഡോണെറ്റ്സ്കിനെയും 3-1ന് മടക്കി.

Tags:    
News Summary - UEFA champions league updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.