ഫ്രാങ്ക്ഫർട്ട് (ജർമനി): ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന വിഖ്യാത താരത്തെ വിമർശന മുനയിൽനിന്ന് രക്ഷിച്ചും പോർചുഗലിനെ അവസാന എട്ടിലേക്ക് കൈപിടിച്ചുയർത്തിയും ഡിയഗോ കോസ്റ്റയെന്ന കാവൽക്കാരന്റെ അതിശയ മെയ്‍വഴക്കം. അധികസമയവും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിന്റെ നൂൽപാലത്തിൽ വിധിയെഴുതിയ കളിയിൽ സ്ലോവേനിയയുടെ ചെറുത്തുനിൽപിനെ 3-0ത്തിന് മറികടന്ന പോർചുഗൽ യൂറോകപ്പ് ക്വാർട്ടർ ഫൈനലിൽ. ടൈബ്രേക്കറിൽ എതിരാളികളെടുത്ത മൂന്നു കിക്കുകളും തട്ടിയകറ്റി കോസ്റ്റ കാഴ്ചവെച്ച വിസ്മയപ്രകടനം നായകൻ ക്രിസ്റ്റ്യാനോക്ക് നൽകിയത് അതിരറ്റ ആഹ്ലാദം. ഗോൾശൂന്യമായ 90 മിനിറ്റിനുശേഷം കളി അധിക സമയത്തെത്തിയപ്പോൾ പോർചുഗലിന് ലഭിച്ച പെനാൽട്ടി കിക്ക് റൊണാൾഡോ പാഴാക്കിയിരുന്നു. ഷൂട്ടൗട്ടിൽ കാര്യങ്ങൾ കൈവിട്ടുപോയിരുന്നെങ്കിൽ റൊണാൾഡോ പഴി കേൾക്കേണ്ടി വരുമായിരുന്നിടത്ത് കോസ്റ്റ മൂന്നുവട്ടം പന്ത് പറന്നുപിടിച്ച് വിജയശിൽപിയാവുകയായിരുന്നു.
ഈമാസം ആറിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഫ്രാൻസാണ് പോർചുഗലിന്റെ എതിരാളികൾ. കിലിയൻ എംബാപ്പെയും റൊണാൾഡോയും നായകരായി നേർക്കുനേർ അണിനിരക്കും.
അധികസമയത്തേക്കു നീണ്ട കളിയുടെ 103-ാം മിനിറ്റിലാണ് ആധുനിക ഫുട്ബാളിലെ മിന്നുംതാരമായ ക്രിസ്റ്റ്യനോ പെനാൽറ്റി പാഴാക്കിയത്. പന്തുമായി ബോക്സിൽ ഡ്രിബ്ൾ ചെയ്തു കയറിയ ഡിയഗോ ജോട്ടയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി എടുക്കാൻ നായകൻ ക്രിസ്റ്റ്യാനോയാണ് നെഞ്ചുവിരിച്ചെത്തിയത്. കഴിഞ്ഞ കുറേ കളികളിൽ സ്പോട്ട് കിക്കുകളൊന്നും പാഴാക്കിയിട്ടില്ലാത്ത ക്രിസ്റ്റ്യാനോ തൊടുത്ത പെനാൽറ്റി കിക്കിനെ തന്റെ ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റിയയത് ഗാലറി അവിശ്വസനീയതയോടെ നോക്കിക്കണ്ടു. കണ്ണീരിൽ കുതിർന്ന റൊണാൾഡോയെയാണ് അധിക സമയത്തിന്റെ ഇടവേളയിൽ കാമറക്കണ്ണുകളിൽ കണ്ടത്.
പിന്നാലെ, സ്ലോവേനിയൻ സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോക്ക് ലഭിച്ചത് ചരിത്രമെഴുതാൻ പോന്ന സുവർണാവസരം. പെപെ വഴുതിവീണപ്പോൾ അപ്രതീക്ഷിതമായി പന്തെടുത്ത് കുതിച്ച സെസ്കോക്കു മുന്നിൽ ഗോളി മാത്രം. ഒരുപാട് സമയവും സാവകാശവുമൊക്കെയുണ്ടായിട്ടും സെസ്കോയുടെ ഷോട്ട് പോർചുഗീസ് ഗോളി ഡിയഗോ കോസ്റ്റ ദേഹംകൊണ്ട് തടഞ്ഞിരുന്നില്ലെങ്കിൽ ഷൂട്ടൗട്ട് ഉണ്ടാകുമായിരുന്നില്ല.
ഷൂട്ടൗട്ടിൽ സ്ലോവേനിയയാണ് തുടങ്ങിയത്. ജോസിപ് ഇലിസിച്ചിന്റെ ആദ്യകിക്ക് തടഞ്ഞ് കോസ്റ്റ പോർചുഗലിന് പ്രതീക്ഷ നൽകി. പറങ്കികളുടെ ആദ്യകിക്കെടുക്കാൻ റൊണാൾഡോ തന്നെയെത്തി. ഇക്കുറി നായകന് തെറ്റിയില്ല. ജൂറെ ബാൽകോവിച്ച് എടുത്ത സ്ലോവേനിയയുടെ രണ്ടാം കിക്കും തടഞ്ഞ് കോസ്റ്റ വീണ്ടും കരുത്തുകാട്ടി. ബ്രൂണോ ഫെർണാണ്ടസ് അനായാസം വല കുലുക്കിയതോടെ പോർചുഗലിന് രണ്ടു ഗോളിന്റെ മുൻതൂക്കം. സ്ലോവേനിയയുടെ മൂന്നാം കിക്കും അപാരമായ മെയ്‍വഴക്കത്തോടെ കോസ്റ്റ തട്ടിയകറ്റി. ബെർണാർഡോ സിൽവയെടുത്ത മൂന്നാം കിക്ക് വല കുലുക്കിയതോടെ പോർചുഗൽ ക്വാർട്ടറിലേക്ക്.
മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തുകയും ആക്രമണങ്ങളുടെ അലയൊലികളുയർത്തുകയും ചെയ്തിട്ടും നിശ്ചിത സമയത്തും അധിക സമയത്തും ഭാഗ്യവും ഫിനിഷിങ്ങും പോർചുഗലിനൊപ്പമില്ലായിരുന്നു. കരുത്തരായ എതിരാളികൾക്കെതിരെ പ്രതിരോധത്തിൽ ശ്രദ്ധയൂന്നുകയും തഞ്ചംകിട്ടിയാൽ അറ്റാക്കിങ്ങിനിറങ്ങുകയുമെന്ന തന്ത്രപരമായ സമീപനമായിരുന്നു സ്ലോവേനിയയുടേത്. ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളിൽ കൃത്യമായൊന്ന് ഷൂട്ട് ചെയ്യാൻ പോലും കഴിയാതിരുന്ന സ്ലോവേനിയ ഷൂട്ടൗട്ടിലേക്കാണ് മുഴുവൻ സമയവും ഉറ്റുനോക്കിയത്. എന്നാൽ, എതിരാളികകളെ കബളിപ്പിച്ച് വലയിലേക്ക് ഷൂട്ടുചെയ്യാൻ കഴിയാതിരുന്ന ദൗർബല്യം ടൈബ്രേക്കറിലും അവരെ പിന്നോട്ടടിപ്പിക്കുകയായിരുന്നു.
അധിക സമയത്തെ പെനാൽറ്റി പാഴാക്കിയതൊഴിച്ചു നിർത്തിയാൽ, പ്രായത്തെ തോൽപ്പിക്കുന്ന റൊണാൾഡോയുടെ പന്തടക്കവും ഊർജവും മത്സരത്തിലെ ആവേശക്കാഴ്ചയായി. പലതവണ താരം ഗോളിന് തൊട്ടരികിലെത്തുകയും ചെയ്തു. കളി കാൽമണിക്കൂറാകവേ, ഒരു നീക്കത്തിൽ പോർചുഗലിന് തുറന്നുകിട്ടിയത് രണ്ടവസരങ്ങൾ. വലതു വിങ്ങിൽനിന്ന് ബെർണാഡോ സിൽവയുടെ തകർപ്പൻ ക്രോസാണ് വഴിവെട്ടിയത്. ഗോൾമുഖത്തേക്ക് ഒഴുകിയിറങ്ങുമ്പോൾ ആദ്യം റൊണാൾഡോക്ക് അവസരം. പക്ഷേ, ക്യാപ്റ്റന്റെ ഓപൺ ഹെഡറിനുള്ള ശ്രമത്തിന് പിടികൊടുക്കാതെ പന്തിന്റെ പ്രയാണം. പിന്നാലെ, ബ്രൂണോ ഫെർണാണ്ടസിന്റെ നീട്ടിപ്പിടിച്ച കാലിനും തൊടാനാവാതെ പന്ത് പുറത്തേക്ക്.
പോർചുഗീസ് മധ്യനിരയിൽ അതിവേഗ കരുനീക്കങ്ങളുമായി നിറഞ്ഞുനിന്ന റാഫേൽ ലിയാവോയാണ് സ്ലോവേനിയൻ ഡിഫൻസിനെ പലപ്പോഴും മുൾമുനയിൽ നിർത്തിയത്. 33-ാം മിനിറ്റിൽ അത്തരമൊരു മുന്നേറ്റത്തിന് തടയിടാൻ ഡ്രൂക്സിച്ചിന്റെ ഫൗൾ, റഫറിയുടെ മഞ്ഞക്കാർഡ്. ബോക്സിന് തൊട്ടുപിന്നിൽ ഗോളിലേക്ക് ഷോട്ടുതിർക്കാൻ പാകത്തിൽ ലക്ഷണമൊത്തൊരു ഫ്രീകിക്കും. ശ്വാസമെടുത്ത്, കാലുകൾ വിരിച്ച്, ചെറുതായൊന്നു തുള്ളിച്ചാടി റൊണാൾഡോ തൊടുത്ത കിടിലൻ കിക്ക് പോസ്റ്റിനെ ചുംബിച്ചെന്നോണമാണ് ലക്ഷ്യത്തിൽ നിന്നകന്നത്.
പറങ്കികളുടെ പടയോട്ടത്തിനിടയിൽ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളുമായി സ്ലോവേനിയക്കാർ ഇടക്കിടെ എതിർഗോൾമുഖത്ത് ഭീതി വിതയ്ക്കാനെത്തി. എന്നാൽ, പെപെയും റൂബൻ ഡയസും ജോവോ കാൻസലോയും നയിച്ച പ്രതിരോധം അണുവിട വിട്ടുകൊടുത്തില്ല. ലിയാവോയുടെ പാസിൽ ജോവോ പലീഞ്ഞയുടെ നിലംപറ്റെയുള്ള തകർപ്പൻ ഡ്രൈവ് ഇടതുപോസ്റ്റിന്റെ തൊട്ടരികിലൂടെ പുറത്തേക്കൊഴുകിയതിനൊപ്പം ഇടവേളക്ക് പിരിയാനുള്ള വിസിലും മുഴങ്ങി.
ഇടവേളക്കുശേഷവും പോർചുഗൽ കത്തിക്കയറിക്കൊണ്ടിരുന്നു. 55-ാം മിനിറ്റിൽ ബോക്സിന് തൊട്ടുപിന്നിൽനിന്ന് വീണ്ടുമൊരു ട്രേഡ്മാർക്ക് ഫ്രീകിക്ക്. ഇക്കുറി പ്രതിരോധമതിലിനിടയിലൂടെ ക്രിസ്റ്റ്യാനോയുടെ ചാട്ടുളി കണക്കേയുള്ള ഷോട്ട്. തനിക്ക് നേരെ ചീറിവന്ന പന്തിനെ ഗോളി ജാൻ ഒബ്‍ലാക് ഏറെ ആയാസപ്പെട്ടാണ് തടഞ്ഞത്. കളി ഒരു മണിക്കൂർ പിന്നിട്ടതിനു പിന്നാലെ സ്ലോവേനിയക്ക് സുവർണാവസരം. പോർചുഗീസ് നിരയിലെ ഭൂരിപക്ഷം പേരും ആക്രമിക്കാനിറങ്ങിയൊരു ഘട്ടത്തിൽ പ്രത്യാക്രമണത്തിന് സ്ലോവേനിയക്ക് പന്തു ലഭിച്ചത് ക്ലിയറിങ്ങിൽനിന്നായിരുന്നു. ബെഞ്ചമിൻ സെസ്കോ പന്തുമായി കുതിച്ച് ഡിഫൻസിലെ അവസാനക്കാരനായ പെപെയെയും കടന്നുമുന്നേറി. ഒടുവിൽ ഗോളി ഡിയഗോ കോസ്റ്റ മാത്രം മുന്നിൽ. സെസ്കോയുടെ ദുർബലമായ ഷോട്ട് അവിശ്വസനീയമായി ഏറെ വ്യത്യാസത്തിൽ പുറത്തേക്ക്.
71-ാം മിനിറ്റിൽ റൊണാൾഡോക്ക് ഫ്രീകിക്കിൽ ‘ഹാട്രിക്’. വീണ്ടും പന്ത് വലയിലെത്തിക്കാൻ പറ്റിയ അകലം. പക്ഷേ, കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്കായിരുന്നു. 89-ാം മിനിറ്റിൽ ഡിയഗോ ജോട്ട നൽകിയ ത്രൂബാളിൽ വീണ്ടും ക്രിസ്റ്റ്യാനോ. ഇക്കുറി കരുത്തുറ്റ ഷോട്ടിനെ ഒബ്‍ലാക് കാലുകൾകൊണ്ടാണ് തടഞ്ഞത്. മറുവശത്ത്, വലതുവശത്തുകൂടെ മുന്നേറി സെലാർ നൽകിയ ക്രോസ് അപകടം വിതയ്ക്കാതെ ഒഴിഞ്ഞുപോയി. അവസാന ഘട്ടത്തിൽ ഇരുനിരയും ഡിഫൻസിൽ ജാഗരൂകരായി നിലയുറപ്പിച്ചതോടെ കളി അധിക സമയത്തേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.