പോർട്ടോ: യൂറോപ ലീഗ് ഫുട്ബാളിൽ തോൽവിയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് മാഞ്ചസ്റ്റർ യുനൈറ്റഡ്. പോർചുഗീസ് ക്ലബായ പോർട്ടോയാണ് യുനൈറ്റഡിനെ തളച്ചത്. സ്കോർ: 3-3. ഇഞ്ചുറി ടൈമിൽ പകരക്കാരൻ ഹാരി മഗ്വയർ നേടിയ ഗോളാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന് രക്ഷയായത്. 20ാം മിനിറ്റിൽ 2-0ത്തിന് മുന്നിലായ ശേഷമാണ് എറിക് ടെൻ ഹാഗിന്റെ ടീം സമനിലക്കുരുക്കിലായത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. മാർക്കസ് റാഷ്ഫോഡ് (ഏഴാം മിനിറ്റ്), റാസ്മസ് ഹോയ്‍ലൻഡ് (20), ഹാരി മഗ്വയർ (91) എന്നിവരാണ് യുനൈറ്റഡിനായി ഗോളടിച്ചത്.
രണ്ട് ഗോളിന് പിന്നിലായിട്ടും ഗംഭീരമായി പൊരുതി പോർട്ടോക്ക് വേണ്ടി പെപെ 27ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. സ്പാനിഷ് യുവ ഫോർവേഡ് സമു ഒമോറോഡിയോൺ ഇരട്ടഗോൾ നേടിയതോടെ ആതിഥേയർ 3-2ന് മുന്നിലായി. 34, 50 മിനിറ്റുകളിലായിരുന്നു സമുവിന്റെ ഗോൾ. പിന്നിലായതോടെ സമ്മർദത്തിലായ യുനൈറ്റഡ് ഗോളിനായി ആഞ്ഞുശ്രമിച്ചു. കളി തീരാൻ സെക്കൻഡുകൾ ബാക്കിയുള്ളപ്പോൾ മഗ്വയറുടെ ഹെഡർ ഗോൾ സന്ദർശകർക്ക് ഒരു പോയന്റ് നേടിക്കൊടുക്കുകയായിരുന്നു.
രണ്ട് കളികളിൽ നിന്ന് രണ്ട് പോയന്റുമായി യൂറോപയിൽ 21ാം സ്ഥാനത്താണ് യുനൈറ്റഡ്. പ്രീമിയർ ലീഗിലടക്കം കഴിഞ്ഞ നാല് കളികളിൽ ടീമിന് ജയം നേടാനായിട്ടില്ല. ടോട്ടൻഹാമിനോട് പ്രീമിയർ ലീഗിൽ മൂന്ന് ഗോളിന് തോറ്റ കളിയിൽ ബ്രൂണോ ഫെർണാണ്ടസിന് നേരിട്ട് ചുവപ്പു കാർഡ് കിട്ടിയിരുന്നു. മറ്റു മത്സരങ്ങളിൽ യുവനിരയടങ്ങിയ ടോട്ടൻഹാം 2-1ന് ഹംഗേറിയൻ ക്ലബായ ഫെറൻക്‍വറോസിനെ തോൽപിച്ച് തുടർച്ചയായ രണ്ടാം ജയം നേടി. ലാസിയോ 4-1ന് നൈസിനെ തോൽപിച്ചു. ലിയോൺ 4-1ന് ഗ്ലാസ്ഗോയെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.