ഫിന്നിഷ്: യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ട് വിജയവഴിയിൽ. കഴിഞ്ഞ മത്സരത്തിൽ ഗ്രീസിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ത്രീ ലയൺസ്, ദുർബലരായ ഫിൻലൻഡിനെ 3-1നാണ് തോൽപിച്ചത്.
ഹെൽസിങ്കി ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനായി ജാക്ക് ഗ്രീലിഷ്, ട്രെന്‍റ് അലക്സാണ്ടർ അർനോൾഡ്, ഡെക്ലാൻ റൈസ് എന്നിവർ വലകുലുക്കി. ആർട്ടു ഹൊസ്കൊനെനാണ് ഫിൻലൻഡിനായി ആശ്വാസ ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽനിന്ന് ആറു മാറ്റങ്ങളുമായാണ് മാനേജർ ലീ കാർസ്ലി ഇംഗ്ലണ്ട് ടീമിനെ കളത്തിലിറക്കിയത്. ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിനു പകരം ഡീൻ ഹെൻഡേഴ്സൺ ടീമിലെത്തി. 18ാം മിനിറ്റിൽ തന്നെ ഗ്രീലിഷിലൂടെ ഇംഗ്ലണ്ട് ലീഡെടുത്തു.
എയ്ഞ്ചൽ ഗോമസിന്‍റെ മികച്ച അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിലായിരുന്ന മത്സരത്തിലെ ബാക്കി മൂന്നു ഗോളുകളും പിറന്നത്. 74ാം മിനിറ്റിൽ 25 വാര അകലെ നിന്ന് അർനോൾഡ് തകർപ്പൻ ഫ്രീകിക്കിലൂടെ ടീമിന്‍റെ ലീഡ് ഉയർത്തി. പത്ത് മിനിറ്റിനുള്ളിൽ റൈസ് ഇംഗ്ലണ്ടിനായി മൂന്നാം ഗോളും നേടി. ഓലീ വാറ്റ്കിൻസിന്‍റെ അസിസ്റ്റിൽനിന്നാണ് ഗോൾ എത്തിയത്. മത്സരത്തിന്‍റെ നിശ്ചിത സമയം അവസാനിക്കാൻ മൂന്നു മിനിറ്റ് ബാക്കി നിൽക്കെയാണ് ആർട്ടു ഹൊസ്കൊനെ ഫിൻലൻഡിനായി ആശ്വാസ ഗോൾ കണ്ടെത്തുന്നത്.
മറ്റൊരു മത്സരത്തിൽ ഗ്രീസ് തുടർച്ചയായി രണ്ടാം ജയം കുറിച്ചു. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് അയർലൻഡിനെയാണ് ഗ്രീസ് തരിപ്പണമാക്കിയത്. അനസ്താസിയോസ് ബകസെറ്റാസ് (48ാം മിനിറ്റിൽ), പെട്രോസ് മാന്‍റലോസ് (90+1) എന്നിവരാണ് ഗ്രീസിനായി ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.