റോട്ടർഡാം (നെതർലൻഡ്സ്): യുവേഫ നേഷൻസ് ലീഗ് കിരീടത്തിനായി യൂറോപ്യൻ കരുത്തർ ഞായറാഴ്ച നേർക്കുനേർ. മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനും ആധുനിക ഫുട്ബാളിലെ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ക്രൊയേഷ്യയും തമ്മിലാണ് കലാശപ്പോരാട്ടം. സ്പെയിനിന്റെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. 2021ൽ ഫ്രാൻസിനോട് 1-2ന് തോൽക്കുകയായിരുന്നു. നേഷൻസ് ലീഗിൽ ഇതുവരെ സെമിഫൈനൽ പോലും കളിക്കാനായിട്ടില്ല ക്രൊയേഷ്യക്ക്. എന്നാൽ, കാൽനൂറ്റാണ്ട് മാത്രം പഴക്കമുള്ള അവരുടെ ലോകകപ്പ് ചരിത്രത്തിൽ ഒരു റണ്ണറപ് ട്രോഫിയും രണ്ട് മൂന്നാം സ്ഥാനവും സ്വന്തമായുണ്ട്.
ആതിഥേയരായ നെതർലൻഡ്സിനെ 4-2ന് തോൽപിച്ചാണ് ലൂക മോഡ്രിച്ചിന്റെ ക്രോട്ടുകൾ ഫൈനലിന് ടിക്കറ്റെടുത്തത്. മോഡ്രിച്ചിന് കിരീടനേട്ടത്തോടെ കളംവിടാനാവുമോയെന്ന് കണ്ടറിയണം. പറയത്തക്ക ട്രോഫികളൊന്നും ക്രൊയേഷ്യയുടെ ഷെൽഫിലില്ല. സെമിയിൽ ഇറ്റലിയെ 2-1ന് വീഴ്ത്തിയാണ് സ്പാനിഷ് സംഘത്തിന്റെ വരവ്. ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ മൊറോക്കോയാൽ അട്ടിമറിക്കപ്പെട്ട ഇവർക്കും കിരീടദാരിദ്ര്യമുണ്ട്. റോട്ടർഡാമിൽ ഡി ക്യൂപ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം അർധരാത്രിയാണ് ഫൈനൽ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.