പാരിസ്: യുവേഫ നേഷൻസ് ലീഗിൽ ഇറ്റലിക്ക് തകർപ്പൻ ജയം. ഫ്രാൻസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അസൂറിപ്പട വീഴ്ത്തിയത്.
12ാം മിനിറ്റിൽ ഗോൾ വഴങ്ങിയെങ്കിലും പിന്നീട് മൈതാനത്ത് കണ്ടത് ഇറ്റലിയുടെ രാജകീയ തിരിച്ചുവരവായിരുന്നു. കിക്കോഫ് വിസിൽ മുഴങ്ങി സെക്കൻഡുകൾക്കുള്ളിൽ തന്നെ ബ്രാഡ്‌ലി ബാർകോളയാണ് ഫ്രഞ്ച് പടയെ മുന്നിലെത്തിച്ചത്. ഇറ്റലി പ്രതിരോധ താരത്തിൽനിന്ന് പന്ത് തട്ടിയെടുത്ത് ബോക്സിനുള്ളിലേക്ക് കടന്നുകയറി ബാർകോള തൊടുത്ത ഷോട്ട് വലയിൽ. അഞ്ചാം മിനിറ്റിൽ ഡേവിഡ് ഫ്രറ്റേസിയിലൂടെ ഇറ്റലി സമനില പിടിച്ചെന്ന് തോന്നിച്ചെങ്കിലും താരത്തിന്‍റെ ഹെഡ്ഡർ ബാറിൽ തട്ടി മടങ്ങി.
ഫെഡറിക്കോ ഡിമാർക്കോയിലൂടെ 30ാം മിനിറ്റിൽ ഇറ്റലി സമനില പിടിച്ചു. സാൻന്ദ്രോ ടൊണാലിസയുടെ ഫ്ലിക്ക് പാസ്സ് ഒരു മനോഹര വോളിയിലൂടെയാണ് താരം ലക്ഷ്യത്തിലെത്തിച്ചത്. 50ാം മിനിറ്റിൽ ഡേവിഡ് ഫ്രറ്റേസിയിലൂടെ ഇറ്റലി ലീഡെടുത്തു. 74ാം മിനിറ്റിൽ ജിയാക്കോമോ റാസ്പദോറിയാണ് ടീമിനായി മൂന്നാം ഗോൾ നേടിയത്. പ്രതിരോധത്തിലെ കരുത്തനും ആഴ്സണൽ താരവുമായ റിക്കാർഡോ കലാഫിയോറി മത്സരത്തിനിടെ പരിക്കേറ്റ് മൈതാനം വിട്ടത് ഇറ്റലിക്ക് തിരിച്ചടിയായി. ടാക്കിൾ ചെയ്യപ്പെട്ട ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെ നിയന്ത്രണം വിട്ട് കലാഫിയോറിയുടെ കാലിലേക്ക് വീഴുകയായിരുന്നു.
മറ്റു മത്സരങ്ങളിൽ ബെൽജിയം ഇസ്രായേലിനെയും (3–1) സൈപ്രസ് ലിത്വാനിയയെയും (1–0) റുമാനിയ കൊസോവോയെയും (3–0) തോൽപ്പിച്ചു. സ്ലൊവേനിയ-ഓസ്ട്രിയ മത്സരവും (1–1), വെയിൽസ്-തുർക്കിയ മത്സരവും (0–0) സമനിലയിൽ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.