അൺബീറ്റൺ 50: ചരിത്രക്കുതിപ്പിൽ സാബിയും സംഘവും

തോൽവിയറിയാതെ തുടർച്ചയായ 50 മത്സരങ്ങൾ പൂർത്തിയാക്കി ചരിത്രം കുറിച്ച് ജർമൻ ക്ലബ് ബയേർ ലെവർകുസൻ. ബുണ്ടസ് ലീഗയിൽ വി.എഫ്.എൽ ബോക്കമിനെ എതിരില്ലാത്ത അഞ്ച് ഗോളിന് നിലംപരിശാക്കിയാണ് സാബിയുടെ സംഘം അപരാജിത കുതിപ്പ് തുടർന്നത്. ശനിയാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ഓഗ്സ്ബർഗിനോട് തോൽക്കാതിരുന്നതാൽ ബുണ്ടസ് ലീഗ സീസണിൽ പരാജയമറിയാത്ത ആദ്യ ടീമെന്ന നേട്ടവും ലെവർകുസന് സ്വന്തമാക്കാം. കഴിഞ്ഞയാഴ്ച നടന്ന യൂറോപ്പ ലീഗ് സെമിഫൈനലിലെ രണ്ടാംപാദ മത്സരത്തിൽ എ.എസ്​ റോമയുമായി 2-2ന് സമനിലയിൽ പിരിഞ്ഞതോടെ 1963 മുതൽ 1965 വരെ കാലഘട്ടത്തിൽ പരാജയമറിയാതെ കുതിച്ച ബെൻഫിക്കയുടെ യൂറോപ്യൻ റെക്കോഡ് ലെവർകുസൻ മറികടന്നിരുന്നു.

15ാം മിനിറ്റിൽ തന്നെ ഫെലിക്സ് പാസ്‍ലാക്ക് ചുവപ്പുകാർഡ് കണ്ട് പുറത്തായതാണ് ബോക്കമിന് തിരിച്ചടിയായത്. ബാളിനായി ഓടിക്കയറിയ ടെല്ലയെ വലിച്ചിട്ടതിനായിരുന്നു റഫറിയുടെ കടുത്ത നടപടി. ആളെണ്ണം കുറഞ്ഞിട്ടും ആദ്യപകുതിയുടെ അവസാനം വരെ ബോക്കം ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. എന്നാൽ, 41ാം മിനിറ്റിൽ ആർതറുടെ സൂപ്പർ ക്രോസിൽ മനോഹര ഫിനിഷിലൂടെ പാട്രിക് ഷിക്ക് ലെവർകുസനെ മുന്നിലെത്തിച്ചു. ഒന്നാംപകുതിയുടെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ രണ്ടാം ഗോളും പിറന്നു. ടെല്ലയെ കെവിൻ സ്ക്ലോട്ടർബെക്ക് ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. കിക്കെടുത്ത വിക്ടർ ബോണിഫേസ് പിഴവില്ലാത്ത ലക്ഷ്യത്തിലെത്തിച്ചു.

രണ്ടാം പകുതിയിൽ ബോക്കം ഗോൾകീപ്പറുടെ രണ്ട് ഉജ്വല സേവുകൾ ലീഡ് വർധിപ്പിക്കാനുള്ള ലെവർകുസന്റെ അവസരം നഷ്ടമാക്കി. എന്നാൽ, 76ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് തകർപ്പൻ ഹെഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ട് അമീൻ അഡ്‍ലി ഗോളെണ്ണം മൂന്നാക്കി. പത്ത് മിനിറ്റിനകം ആർതറുടെ അസിസ്റ്റിൽ ജോസിപ് സ്റ്റാനിസിചിന്റെ ഉശിരൻ ഷോട്ടും ബോക്കം പോസ്റ്റിൽ കയറി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ അലക്സ് ഗ്രിമാൾഡോയിലൂടെ ലെവർകുസൻ പട്ടിക തികച്ചു.

ബുണ്ടസ് ലീഗയിൽ അവസാനമായി ലെവർകുസൻ തോൽവിയറിഞ്ഞത് ബോക്കമിനോടായിരുന്നു. 2023 മേയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബോക്കം ജയിച്ചത്. 

മറ്റൊരു മത്സരത്തിൽ ലീഗിൽ രണ്ടാമതുള്ള ബയേൺ മ്യൂണിക് എതിരില്ലാത്ത രണ്ട് ഗോളിന് വോൾഫ്സ്ബർഗിനെ തോൽപിച്ചു. പ്രമുഖ താരങ്ങളായ ഹാരി കെയ്ൻ, സെർജി നാബ്രി, ലിറോയ് സാനെ, ജമാൽ മുസിയാല എന്നിവരില്ലാതെ ഇറങ്ങിയ ബയേണിനായി നാലാം മിനിറ്റിൽ ലോവ്റൊ സ്വൊനാരകും 13ാം മിനിറ്റിൽ ലിയോൺ ഗോരട്സ്കയുമാണ് ഗോളുകൾ നേടിയത്.  

Tags:    
News Summary - Unbeaten 50: Xabi and his team in the race for history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.