300 ദിവസം തുടർച്ചയായി സന്ദേശമയച്ച ആരാധകന് അപൂർവ സമ്മാനം നൽകി യുനൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ്

ഒരേ മികവിൽ എന്നും പന്തുതട്ടാനാകുകയെന്നത് ഏത് താരത്തിന്റെയും ഒരിക്കലും നടക്കാത്ത മധുര സ്വപ്നമാകും. എന്നാൽ, അഭിനന്ദനവും ധൈര്യവും പകർന്ന് തുടർച്ചയായി എല്ലാ ദിവസവും സന്ദേശമയക്കാൻ ഒരു ആരാധകൻ മനസ്സുവെച്ചാലോ? തീർച്ചയായും നവ്യാനുഭവമാകും അത്.

​പ്രിമിയർ ലീഗിലെ മുൻനിര ക്ലബായ മാഞ്ചസ്റ്റർ ​യുനൈറ്റഡ് മധ്യനിര എഞ്ചിനായ ബ്രൂണോ ഫെർണാണ്ടസിനാണ് അനുഭവം. തുടർച്ചയായി എല്ലാ ദിവസവും വലിയ വാക്കുകളുമായി ഒരു ആരാധകൻ സന്ദേശമയക്കുന്നു. തുടക്കത്തിൽ അത്ര കാര്യമാക്കാതിരുന്ന പോർച്ചുഗൽ താരം പതിയെ ​ശ്രദ്ധിച്ചുതുടങ്ങുന്നു. ദിവസങ്ങൾ ആഴ്ചകളായും മാസങ്ങളായും കടന്ന് 280 ദിവസങ്ങളി​ലെത്തിയപ്പോൾ ഇയാൾക്ക് സമ്മാനം നൽകണമെന്ന് തീരുമാനിക്കുന്നു. അത് ട്വീറ്റ് ചെയ്യുകയും ചെയ്യുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ആരാധകനെ ആവേശത്തിലാഴ്ത്തി താരത്തിന്റെ ട്വീറ്റ്. പിന്നെയും സന്ദേശമയക്കൽ തുടർന്ന ആരാധകൻ 300 ദിവസത്തിലെത്തിയപ്പോൾ തന്റെ സമ്മാനത്തെ കുറിച്ച് ഓർമിപ്പിച്ചു.

വിഡിയോ കോളിൽ ബന്ധപ്പെട്ട ബ്രൂണോ ഓട്ടോഗ്രാഫ് ചെയ്ത തന്റെ ഷർട്ട് സമ്മാനിക്കുന്നു. ശരിക്കും ഞെട്ടിയ ആരാധകനെ വരുംദിവസം ഓൾഡ് ട്രാഫോഡിൽ ടീമിന്റെ കളി വീക്ഷിക്കാൻ താരം നേരിട്ട് ക്ഷണിക്കുകയും ചെയ്തു. ‘‘എനിക്കും ടീമിനും നിങ്ങൾ തുടരുന്ന പിന്തുണയെ അനുമോദിക്കുന്നു. അതുകൊണ്ടാണ് ഈ ഷർട്ട് സമ്മാനിക്കുന്നത്’’- എന്നായിരുന്നു ബ്രൂണോയുടെ വാക്കുകൾ.

50 പോയിന്റുമായി പ്രിമിയർ ലീഗിൽ മൂന്നാമതുള്ള യു​നൈറ്റഡിന് അടുത്ത മത്സരം ഞായറാഴ്ച അഞ്ചാമതുള്ള ന്യൂകാസിലിനെതിരെയാണ്.

Tags:    
News Summary - United's Fernandes rewards fan who messaged him for 300 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.