ലാ പാസ് (ബൊളീവിയ): യോഗ്യത റൗണ്ടിൽ തുടർച്ചയായി നാലു മത്സരങ്ങൾ തോറ്റതോടെ മുൻ ജേതാക്കളായ ഉറുഗ്വായ്യുടെ ലോകകപ്പ് ഫൈനൽ റൗണ്ട് പ്രവേശനം ദുഷ്കരമായി. ബുധനാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ബൊളീവിയയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഉറുഗ്വായ് അടിയറവ് പറഞ്ഞത്.
14 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി ടീം നിലവിൽ ലാറ്റിനമേരിക്കൻ മേഖലയിൽ ഏഴാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ നിന്ന് 35 പോയിന്‍റുമായി ബ്രസീലും 29 പോയിന്‍റുമായി അർജന്‍റീനയും ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചു.
പോയിന്‍റ് പട്ടികയിൽ ആദ്യ നാലു സ്ഥാനത്തെത്തുന്നവരാണ് നേരിട്ട് യോഗ്യത നേടുക. അഞ്ചാമത്തെ ടീം വൻകര പ്ലേഓഫ് കളിച്ച് വേണം യോഗ്യത നേടാൻ. നേരിട്ട് യോഗ്യത നേടുന്ന നാലിൽ ഒന്നാകാൻ ഇക്വഡോർ, കൊളംബിയ, പെറു എന്നീ ടീമുകൾ കഠിനമായ പരിശ്രമത്തിലാണ്.
14 മത്സരങ്ങളിൽ നിന്ന് 23പോയിന്‍റുമായി ഇക്വഡോർ മൂന്നാം സ്ഥാനത്തും 14 മത്സരങ്ങളിൽ നിന്ന് 17 പോയിന്‍റുമായി കൊളംബിയ നാലാം സ്ഥാനത്തുമാണ്. 17 പോയിന്‍റുമായി പെറു അഞ്ചാം സ്ഥാനത്തുണ്ട്. 16 പോയിന്‍റുമായി ചിലെയാണ് ആറാമത്.
നാലു മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് നാലും ജയിച്ച് മറ്റ് ടീമുകളുടെ ഫലം കൂടി അനുകൂലമായാൽ ഉറുഗ്വായ്ക്ക് ആശ്വസിക്കാം.
ബുധനാഴ്ച നടന്ന മത്സരത്തിൽ സൂപ്പർ താരം എഡിൻസൺ കവാനി ഉറുഗ്വായ് നിരയിൽ ഇറങ്ങിയില്ല. ലൂയി സുവാരസിനെ പകരക്കാരനായാണ് ഇറക്കിയത്. ആദ്യ പകുതിയിൽ തന്നെ യുവാൻ ആർസെ (30), മാഴ്സലോ മൊറീന്യോ (45) എന്നിവരിലൂടെ ബൊളീവിയ ലീഡ് എടുത്തു. 79ാം മിനിറ്റിൽ യുവാൻ ഇരട്ട ഗോൾ തികച്ചു. 62ാം മിനിറ്റിൽ മൊറീന്യോ പെനാൽറ്റി നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ മുൻ ലോക ചാമ്പ്യൻമാരുടെ സ്ഥിതി ഇതിലും പരിതാപകരമായേനേ.
കോച്ച് ഓസ്കാർ ടബേരസിന്‍റെ ശിക്ഷണത്തിൽ ഉറുഗ്വായ് അവസാന മൂന്ന് ലോകകപ്പുകളിലും കളിച്ചിരുന്നു. 2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ടൂർണമെന്‍റിന്‍റെ സെമി കളിച്ച ടീം 2011ൽ കോപ അമേരിക്ക ജേതാക്കളുമായിരുന്നു.
അടുത്ത വർഷം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കേണ്ട യോഗ്യത റൗണ്ട് മത്സരങ്ങളിൽ പാരഗ്വായ്, ചിലെ, വെനിസ്വേല, പെറു എന്നിവരാണ് ഉറുഗ്വായ്യുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.