ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം കാക്കാൻ സ്‍പെയിനിൽനിന്ന് വിക്ടർ മോൻഗിൽ

കൊച്ചി: സ്പാനിഷ് ഡിഫൻഡർ വിക്ടർ മോൻഗിൽ ഇനി കേരള ബ്ലാസ്‌റ്റേഴ്‌സ് ജഴ്സിയിൽ. ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ ഒഡിഷ എഫ്‌.സിക്കു വേണ്ടി ബൂട്ടണിഞ്ഞ താരമാണ് മോൻഗിൽ. പുതിയ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ വിദേശ സൈനിങ്ങാണിത്. ഒരു വർഷത്തേക്കാണ് കരാർ.

കഴിഞ്ഞ സീസണിലും ബ്ലാസ്റ്റേഴ്‌സ് താരവുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഐ.എസ്.എല്ലിൽ മോഹൻ ബഗാന് വേണ്ടിയും മോൻഗിൽ പ്രതിരോധം കാത്തിട്ടുണ്ട്. ഇരുപത്തിയൊമ്പതുകാരനായ താരം സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് കരിയര്‍ ആരംഭിച്ചത്. 2011-12 സീസണില്‍ അവരുടെ സീനിയര്‍ ടീമിനെ പ്രതിനിധീകരിച്ചു.


അത്‌ലറ്റികോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്‌പെയിനിലെ വിവിധ ക്ലബുകള്‍ക്കായും കളിച്ചു. 2019ല്‍ ജോര്‍ജിയന്‍ പ്രഫഷണല്‍ ക്ലബായ എഫ്‌.സി ഡൈനമോ ടബ്‌ലീസിയില്‍ ചേരുകയും യൂറോപ്പ ലീഗിൽ ക്ലബിനെ പ്രതിനിധീകരിക്കുകയും ചെയ്തു. 2019-20 സീസണിൽ ഐ.എസ്.എല്‍ കിരീടം നേടിയ എ.ടി.കെ ടീമിലെ പ്രധാന താമായിരുന്നു മോൻഗില്‍. 2020 സീസണിന് ശേഷം ഡൈനാമോ ടബ്‌ലീസിയില്‍ കുറച്ചു കാലം കളിച്ച വിക്ടര്‍, 2021ല്‍ ഒഡിഷ എഫ്‌.സിയിൽ ചേര്‍ന്നു. സ്പാനിഷ് അണ്ടര്‍ 17 ദേശീയ ടീമിനെയും വിക്ടര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.

''ഞാനൊരു കേരള ബ്ലാസ്‌റ്റേഴ്‌സ് താരമാണെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. സീസണ്‍ ആരംഭത്തിനായി കാത്തിരിക്കുകയാണ്. തീര്‍ച്ചയായും ഈ വര്‍ഷം ആരാധകര്‍ക്കൊപ്പം വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ'' -വിക്ടര്‍ മോൻഗില്‍ പറഞ്ഞു. വ്യത്യസ്ത പൊസിഷനുകളില്‍ കളിക്കാന്‍ കഴിയുന്ന, പരിചയസമ്പന്നനായ താരമാണ് വിക്ടറെന്ന് ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. 

സ്‌ട്രൈക്കർ അപ്പോസ്‌തൊലോസ് ജിയാനുവിന് ശേഷം, സമ്മര്‍ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ വിദേശ സൈനിങ്ങാണ് മോൻഗില്‍.

Tags:    
News Summary - Victor Mongil is now in the Blasters jersey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.