മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയുടെ റെക്കോഡ് മറികടന്ന് റയൽ മഡ്രിഡിന്‍റെ ബ്രസീലിയൻ വിങ്ങർ വിനീഷ്യസ് ജൂനിയർ. രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഇനി വിനീഷ്യസിന് സ്വന്തം.
മെസ്സി ബാഴ്സലണോ ജഴ്സിയിൽ ഈ നേട്ടം കൈവരിക്കുമ്പോൾ 23 വയസ്സും 338 ദിവസവുമായിരുന്നു പ്രായം. കഴിഞ്ഞദിവസം വെംബ്ലിയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിനീഷ്യസ് ഗോൾ നേടുമ്പോൾ പ്രായം 23 വയസ്സും 325 ദിവസവും. 14 ദിവസത്തിന്‍റെ മാത്രം വ്യത്യാസം. 2022 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെതിരെ വിനീഷ്യസ് നേടിയ ഏക ഗോളിലായിരുന്നു റയലിന്‍റെ കിരീടധാരണം. ആദ്യ രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഗോൾ നേടുന്ന അഞ്ചാമത്തെ മാത്രം താരമാണ് വിനീഷ്യസ്.
കാമറൂണിന്‍റെ സാമുവൽ എറ്റു, സെർജിയോ റാമോസ്, ലയണൽ മെസ്സി, മരിയോ മൻസൂകിച് എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്. മത്സരത്തിന്‍റെ 74ാം മിനിറ്റില്‍ ഡാനി കാര്‍വഹാലും 83ാം മിനിറ്റിൽ വിനീഷ്യസും നേടിയ ഗോളിലൂടെയാണ് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ വീഴ്ത്തി റയൽ തങ്ങളുടെ 15ാം ചാമ്പ്യൻസ് ലീഗ് കിരീടം ഉറപ്പിച്ചത്.
വിനീഷ്യസ് ബാലന്‍ ഡി ഓര്‍ അര്‍ഹിക്കുന്നുണ്ടെന്ന് മത്സരശേഷം പരിശീലകൻ കാര്‍ലോ ആഞ്ചലോട്ടി പ്രതികരിച്ചിരുന്നു. റയലിന്‍റെ ലാ ലീഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് വിജയങ്ങളിലും ബ്രസീലിയന്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.