ബ്രസീലിന് തിരിച്ചടി; പരിക്കേറ്റ സൂപ്പർതാരം ലോകകപ്പ് യോഗ്യത മത്സരത്തിനുണ്ടാകില്ല

മഡ്രിഡ്: ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിന് തയാറെടുക്കുന്ന ബ്രസീലിന് തിരിച്ചടി. പരിക്കേറ്റ സൂപ്പർതാരം വിനീഷ്യസ് ജൂനിയറിന് ഏതാനും മത്സരങ്ങൾ നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞദിവസം ലാ ലിഗിയിൽ വിയ്യാറയലിനെതിരായ മത്സരത്തിനിടെയാണ് വിനീഷ്യസിന് പരിക്കേറ്റത്. മത്സരത്തിൽ റയൽ മഡ്രിഡ് 2-0ത്തിന് ജയിച്ചെങ്കിലും 79ാം മിനിറ്റിൽ പരിക്കേറ്റ വിനീഷ്യസ് കളം വിട്ടിരുന്നു. പരിക്കിന്‍റെ തീവ്രത നിർണയിക്കാൻ ബ്രസീലിയൻ വിങ്ങറെ പരിശോധനക്ക് വിധേയനാക്കും. ബ്രസീലിനായി വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്ന് റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി സൂചന നൽകി.

താരത്തിന് കഴുത്തിനാണ് പരിക്കേറ്റത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും ക്ലബ് പുറത്തുവിട്ടിട്ടില്ല. നിലവിൽ ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ എട്ടു മത്സരങ്ങൾ കളിച്ച ബ്രസീൽ 10 പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ്. ആദ്യത്തെ ആറു ടീമുകളാണ് നേരിട്ട് യോഗ്യത നേടുക. ഈമാസം 11ന് ചിലിക്കെതിരെയും 16ന് പെറുവിനെതിരെയുമാണ് ബ്രസീലിന്‍റെ അടുത്ത മത്സരങ്ങൾ. എട്ടു മത്സരങ്ങളിൽനിന്ന് 18 പോയന്‍റുള്ള അർജന്‍റീനയാണ് ഒന്നാമത്.

സീസണിൽ റയലിനായി മികച്ച ഫോമിലാണ് വിനീഷ്യസ്. 12 മത്സരങ്ങളിൽനിന്ന് നാല് ഗോളുകളും ഏഴ് അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. ഇന്റർ നാഷനൽ ബ്രേക്ക് കഴിയുമ്പോഴേക്ക് താരം ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബ്. ഈമാസം 19നാണ് ഇനി റയലിന്‍റെ അടുത്ത മത്സരം. പരിക്കേറ്റ പ്രതിരോധ താരം ഡാനി കാർവഹാലിന് സീസൺ പൂർണമായി നഷ്ടമാകുമെന്നും റിപ്പോർട്ടുകളുണ്ട്.

Tags:    
News Summary - Vinicius Junior miss Brazil match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.